Social Media
റിലീസിന് മുമ്പ് ബറോസിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ!
റിലീസിന് മുമ്പ് ബറോസിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ!
മലയാളികളുടെ സ്വകാര്യ അഹങ്കാരം പ്രിയ നടൻ മോഹൻലാൽ സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജിജോ പുന്നൂസാണ് ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലും മറ്റ് അണിയറപ്രവർത്തകരും കൂടിച്ചേർന്നാണ് സീരീസ് സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചത്. സുനിൽ നമ്പുവാണ് ‘ബറോസ് ആന്റ് വൂഡോ’ എന്ന അനിമേഷൻ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ടികെ രാജീവ്കുമാറിന്റെതാണ് സീരീസിന്റെ ആശയം.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബറോസ്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്.
ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തിൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് മോഹൻലാൽ ബറോസിലെത്തുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്.
