Malayalam
ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മിയമ്മയുടെ കയ്യില്‍ തലോടി ആശ്വസിപ്പിച്ച് ദിലീപ്; വീഡിയോയുമായി താര കല്യാണ്‍
ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മിയമ്മയുടെ കയ്യില്‍ തലോടി ആശ്വസിപ്പിച്ച് ദിലീപ്; വീഡിയോയുമായി താര കല്യാണ്‍
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും.
ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു. അതിന് ശേഷമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പേരും ഉയര്‍ന്ന് വന്നത്. കേസ് അദ്ദേഹത്തിന്റെ കരിയറിലും സാരമായി ബാധിച്ചു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്. നല്ലൊരു സൗഹൃദം എല്ലാവരുമായും കാത്ത് സൂക്ഷിക്കാറുള്ള താരം കൂടിയാണ് ദിലീപ്.
കഴിഞ്ഞ ദിവസമാണ് നടിയും സംഗീതജ്ഞയും താര കല്യാണിന്റെ അമ്മയുമായ നടി സുബ്ബലക്ഷ്മി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിടവാങ്ങിയത്. മലയാള സിനിമയില്‍ ശ്രദ്ധ നേടിയ അമ്മൂമ്മവേഷങ്ങളെയും അമ്മവേഷങ്ങളെയും അതി ഗംഭീരമായി തന്നെ സുബ്ബലക്ഷ്മി അമ്മ അവതരിപ്പിച്ചിട്ടുണ്ട്. കല്യാണരാമന്‍, പാണ്ടിപ്പട, രാപ്പകല്‍, ബീസ്റ്റ് തുടങ്ങിയ സിനിമകളിലെ സുബ്ബലക്ഷ്മിയമ്മയുടെ പ്രകടനങ്ങള്‍ മലയാളികള്‍ മറക്കാനിടയില്ല. ചെറുപ്പം മുതല്‍ അഭിനയമോഹം സുബ്ബലക്ഷ്മിയമ്മയ്ക്ക് ഉണ്ടായിരുന്നെങ്കിലും ആ ആഗ്രഹം പൂവണിഞ്ഞത് വാര്‍ധക്യത്തിലേക്ക് എത്തിയപ്പോഴാണ്.
താരത്തിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ നേര്‍ന്നുകൊണ്ട് സിനിമാലോകത്തുള്ളവരെല്ലാം എത്തിയിരുന്നു. മണിയന്‍പിള്ള രാജു, കൃഷ്ണകുമാര്‍, നിര്‍മാതാവ് രഞ്ജിത്ത് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അമ്മ കൂടി പോയതോടെ താന്‍ അനാഥയായി എന്നാണ് താരകല്യാണ്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
അമ്മയും മകളും എന്നതിലുപരി സുഹൃത്തുക്കളെ പോലെയായിരുന്നു താര കല്യാണും സുബ്ബലക്ഷ്മിയും ഇരുവരും ഒരുമിച്ചുള്ള ആഘോഷങ്ങളുടെ വീഡിയോകള്‍ നിരവധി സ്വന്തം യുട്യൂബ് ചാനലിലൂടെ താര കല്യാണ്‍ പലപ്പോഴായി പങ്കുവെച്ചിരുന്നു. അമ്മയുടെ വേര്‍പാട് സംഭവിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ താര കല്യാണ്‍ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
സുബ്ബലക്ഷ്മിയമ്മ അസുഖം മൂര്‍ച്ഛിച്ച് കിടപ്പിലാണെന്ന വിവരം അറിഞ്ഞ് നടന്‍ ദിലീപ് സന്ദര്‍ശിക്കാന്‍ എത്തിയതിന്റെ വീഡിയോയാണ് താര കല്യാണ്‍ പുറത്ത് വിട്ടിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് താര കല്യാണ്‍ പകര്‍ത്തിയ വീഡിയോയാണ് സുബ്ബലക്ഷ്മിയമ്മയുടെ വേര്‍പാടിന് ശേഷം പങ്കിട്ടിരിക്കുന്നത്. അവശതയില്‍ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളില്‍ തടവി ദിലീപ് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഒരേയൊരു ദിലീപ് എന്ന തലക്കെട്ടോടെയാണ് താര കല്യാണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സുബ്ബലക്ഷ്മിയമ്മയും ദിലീപും കല്യാണരാമന്‍, പാണ്ടിപ്പട തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികള്‍ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ ദിലീപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. സുബ്ബലക്ഷ്മിയമ്മയ്‌ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പലപ്പോഴായി അഭിമുഖങ്ങളില്‍ ദിലീപ് വെളിപ്പെടുത്തിയിട്ടുണ്ട്. സുബ്ബലക്ഷ്മിയമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയ ദിലീപിന്റെ വീഡിയോ വൈറലായതോടെ ദിലീപിന്റെ സഹജീവി സ്‌നേഹത്തെയാണ് ആരാധകര്‍ പുകഴ്ത്തുന്നത്.
ദിലീപ് നല്ലൊരു മനുഷ്യനാണെന്നതിനുള്ള ഒരു ഉദാഹരണമാണ് താര കല്യാണ്‍ പങ്കുവെച്ച വീഡിയോ എന്നാണ് പ്രേക്ഷകര്‍ കുറിക്കുന്നത്. സിനിമയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരെ വലിപ്പ ചെറുപ്പം ഇല്ലാതെ സഹായിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നടനാണ് ദിലീപ്. പലപ്പോഴായി സഹതാരങ്ങള്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇക്കാര്യം പറയാറുമുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിലും സുബ്ബലക്ഷ്മിയമ്മയെ കാണാനെത്തിയ ദിലീപിനെ അഭിനന്ദിച്ചുള്ളതാണ് കമന്റുകളില്‍ ഏറെയും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപ് ചെന്നൈയിലാണ് താമസം. ഷൂട്ടിങ് ആവശ്യങ്ങള്‍ക്കും മറ്റുമായി മാത്രമാണ് കേരളത്തിലേക്ക് വരുന്നത്. സുബ്ബലക്ഷ്മി, സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജവഹര്‍ ബാലഭവനില്‍ സംഗീതനൃത്ത അധ്യാപികയായിരുന്നു. കൂടാതെ 1951 മുതല്‍ ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീത സംവിധായകയായി അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി കച്ചേരികള്‍ നടത്തിയിട്ടുള്ള സുബ്ബലക്ഷ്മി ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ചില ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. എണ്‍പത്തിയേഴ് വയസായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ പ്രായം.