Tamil
സിനിമാപ്രേമികള്‍ക്ക് നിരാശ; തങ്കലാന്റെ റിലീസ് മാറ്റിവെച്ചു!; കാരണം
സിനിമാപ്രേമികള്‍ക്ക് നിരാശ; തങ്കലാന്റെ റിലീസ് മാറ്റിവെച്ചു!; കാരണം
പ്രഖ്യാപന നാള് മുതലേ ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു ചര്‍ച്ചയാവാനുള്ള പ്രധാന കാരണം.
എന്നാല്‍ തങ്കലാന്റെ പുതിയ അപ്ഡേറ്റ് സിനിമാപ്രേമികളെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിവച്ചിരിക്കുകയാണ്. വിക്രമിന്റെ 61ാമത്തെ സിനിമയായ തങ്കലാന് 2021ല്‍ ആയിരുന്നു പ്രഖ്യാപിച്ചത്. 2022 ഒക്ടോബറില്‍ ആയിരുന്നു തങ്കലാന് എന്ന ടൈറ്റില്‍ പുറത്തുവിട്ടത്. ചെന്നൈ, ആന്ധ്ര പ്രദേശ്, മധുരൈ, കര്‍ണാടക എന്നീ ലൊക്കേഷനുകളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്.
2023ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രംഈ വര്‍ഷം ജനുവരി 26ന് റിലീസ് ചെയ്യും എന്നായിരുന്നു വിവരം. എന്നാല്‍ സിനിമയുടെ തിയേറ്റര്‍ റിലീസിന് മുമ്പ് ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആഗ്രഹം. ഇതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് നീട്ടിയിരിക്കുന്നത് എന്നാണ് വിവരം. ചിത്രം ഏപ്രിലില്‍ അല്ലെങ്കില്‍ ജൂണിലോ ജൂലൈയിലോ ആകും തിയേറ്ററുകളില്‍ എത്തുക എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്. വിക്രം ആരാധകരേയും സിനിമാപ്രേമികളേയും പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും നല്‍കിയത്. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മേക്കിംഗ് വീഡിയോ നേരത്തേ പുറത്തിറക്കിയിരുന്നു.
പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതി, ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്. സംവിധായകന് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അതേസമയം, സിനിമയില്‍ വിക്രമിന് ഡയലോഗുകള്‍ ഉണ്ടാവില്ല എന്ന അഭ്യൂഹം നേരത്തെ പ്രചരിച്ചിരുന്നു. ഇതിനോട് താരത്തിന്റെ മാനേജര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ടീസര്‍ സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരിപ്പിച്ചിരുന്നു. ടീസറില്‍ ഡയലോഗുകള്‍ ഒന്നുമില്ലാതെയാണ് വിക്രം പ്രത്യക്ഷപ്പെട്ടത്. അതിനിടെ സിനിമയില്‍ തനിക്ക് ഡയലോഗുകള്‍ ഒന്നുമില്ലെന്ന വിക്രത്തിന്റെ വെളിപ്പെടുത്തലും ആശയക്കുഴപ്പത്തിന് ഇടയാക്കി.
ഹൈദരാബാദില്‍ നടന്ന ടീസര്‍ ലോഞ്ച് ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്കലാനില്‍ തന്റെ കഥാപാത്രത്തിന് ഡയലോഗുകള്‍ ഒന്നുമില്ലെന്ന് വിക്രം പറഞ്ഞത്. ഇതോടെ ആരാധകര്‍ക്കിടയില്‍ സിനിമയെ കുറിച്ച് മറ്റു പല ചര്‍ച്ചകളും ഉയരുകയായിരുന്നു. തങ്കലാന് അവാര്‍ഡ് സിനിമ പോലെ ആകുമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ ആശയക്കുഴപ്പത്തിന് വിശദീകരണവുമായി വിക്രത്തിന്റെ മാനേജര്‍ രംഗത്തെത്തുകയായിരുന്നു.
‘തങ്കാലനില്‍ ചിയാന്‍ സാറിന് ഡയലോഗ് ഇല്ല എന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആശയക്കുഴപ്പം ശ്രദ്ധയില്‍ പെട്ടിരുന്നു. തങ്കലാനില്‍ ലൈവ് സിങ്ക് സൗണ്ട് ആണ് നല്‍കിയിരിക്കുന്നത്. സിനിമയില്‍ തീര്‍ച്ചയായും വിക്രം സാറിന് ഡയലോഗുകള്‍ ഉണ്ട്. ഒരു റിപ്പോര്‍ട്ടര്‍ വിക്രം സാറിനോട് സിനിമയില്‍ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ടീസറില്‍ തനിക്ക് ഡയലോഗില്ല എന്ന് വിക്രം സര് തമാശ രൂപേണ പറഞ്ഞതാണ്’ എന്നായിരുന്നു വിക്രത്തിന്റെ മാനേജരായ സൂര്യനാരായണന് വ്യക്തമാക്കിയത്. എന്തായാലും വരാന്‍ പോകുന്ന ഓസ്കര് ലെവല്‍ ഐറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാപ്രേമികളും.
