Connect with us

അവർ കഴിഞ്ഞിട്ട് മതി ഞാൻ; സുഷമ കാണിച്ച ആർജവം ഉമ്മൻ ചാണ്ടി മറന്നില്ല; ആന്റോ ജോസഫ്

News

അവർ കഴിഞ്ഞിട്ട് മതി ഞാൻ; സുഷമ കാണിച്ച ആർജവം ഉമ്മൻ ചാണ്ടി മറന്നില്ല; ആന്റോ ജോസഫ്

അവർ കഴിഞ്ഞിട്ട് മതി ഞാൻ; സുഷമ കാണിച്ച ആർജവം ഉമ്മൻ ചാണ്ടി മറന്നില്ല; ആന്റോ ജോസഫ്

മുതിർന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ് ഇന്നലെയാണ് മരിച്ചത്. ഒപ്പോസിഷൻ പാർട്ടിക്കാർ പോലും വളരെയേറെ ബഹുമാനത്തോടെ നോക്കി കാണുമായിരുന്ന വ്യക്തിയായിരുന്നു സുഷമ. ഇതായിപ്പോൾ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും അങ്ങനെ തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നിര്‍മാതാവ് ആന്റോ ജോസഫ്.

‘ടേക്ക് ഓഫ്’ എന്ന സിനിമയുടെ താങ്ക്സ് കാര്‍ഡില്‍ പേരു വയ്ക്കുന്ന കാര്യം സംസാരിക്കാനായി ഉമ്മന്‍ചാണ്ടിയെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം അത്ഭുതപ്പെടുത്തിയെന്ന് ആന്റോ ജോസഫ് തുറന്നു പറയുന്നു . ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആന്റോ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആന്റോയുടെ വാക്കുകൾ ഇങ്ങനെ : –

‘ടേക്ക് ഓഫ്’ പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് ഞാന്‍ ഉമ്മന്‍ചാണ്ടി സാറിനെ വിളിക്കുന്നത്. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ടു പോയ മലയാളി നഴ്സുമാരെ മോചിപ്പിച്ച്‌ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയാണല്ലോ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍. അദ്ദേഹത്തിന്റെ പേര് സിനിമയുടെ താങ്ക്‌സ് കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തോന്നി, അനുവാദം ചോദിക്കാന്‍ വിളിച്ചതായിരുന്നു. ‘എന്റെ പേര് വയ്ക്കുന്നതില്‍ കുഴപ്പമില്ല, പക്ഷെ ആദ്യം നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരാണ് വയ്ക്കേണ്ടത്. അതിനു താഴെയേ എന്റെ പേര് വരാവൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എതിര്‍ പാര്‍ട്ടിയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയുടെ പേര് ആദ്യം വരണമെന്ന് ഉമ്മന്‍ചാണ്ടി സര്‍ വാശിപിടിക്കുന്നത് എന്തിനാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി.” ആന്റോ ജോസഫ് പറയുന്നു.

നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് സുഷമാ സ്വരാജിന്റെ കഠിന പ്രയത്‌നം മൂലമായിരുന്നു എന്നും നഴ്സുമാരുടെ മോചനത്തിനായി പരിശ്രമിക്കുന്നതിന് താന്‍ ഡല്‍ഹിയില്‍ ചെന്നതു തൊട്ട് ഒപ്പം നിന്ന് കാര്യങ്ങള്‍ നടത്തിക്കൊടുത്തത് സുഷമാ സ്വരാജായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു തന്നെന്നും ആന്റോ ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു.

മോചനത്തിനു ശേഷം നഴ്സുമാര്‍ തിരിച്ച്‌ കേരളത്തിലെത്തുന്നതുവരെ സുഷമ സ്വരാജ് കേരള സര്‍ക്കാറിന്റെ കൂടെ തന്നെ നിന്നു. പ്രത്യേകവിമാനം നെടുമ്പാശ്ശേരിയിലിറക്കാൻ അനുമതിയില്ലെന്നറിഞ്ഞ് ഗത്യന്തരമില്ലാതെ അര്‍ദ്ധരാത്രി ഒന്നര മണിക്ക് വിളിച്ചപ്പോഴും സുഷമ സ്വരാജ് ഫോണ്‍ അറ്റന്‍ഡ് ചെയ്ത്, ഭയക്കേണ്ട, നേരത്തെ നിശ്ചയിച്ച സമയത്തുതന്നെ നഴ്സുമാര്‍ കൊച്ചിയില്‍ ഇറങ്ങിയിരിക്കും എന്നു വാക്കു കൊടുത്ത അനുഭവവും ഉമ്മന്‍ചാണ്ടി പങ്കുവച്ചതായി ആന്റോ ജോസഫ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകവും രംഗത്ത് വന്നു . മലയാളത്തിൽ നിന്നും സുരേഷ് ഗോപി, മോഹൻലാൽ, മഞ്ജു വാരിയർ, പൃഥ്വിരാജ്, നിവിൻ പോളി, ബോളിവുഡിൽ നിന്നും പ്രസൂൺ ജോഷി, കിരൺ ഖേർ, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, അനുഷ്ക ശർമ്മ, പരിണീതി ചോപ്ര, സ്വര ഭാസ്ക്കർ, വിശാൽ ദദ്‌ലാനി, ബോമൻ ഇറാനി, റിതേഷ് ദേശ്‌മുഖ്, ഏക്താ കപൂർ, രവീണ ടണ്ടൻ തുടങ്ങി നിരവധിയേറെ പേരാണ് സുഷമ സ്വരാജിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് നാലിനാണ് സംസ്കാരം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കുകയാണ് . വൈകീട്ട് മൂന്നോടെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. നാലോടെ ഭൗതികശരീരം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.

sushama swaraj-oommen chandy- anto joseph

Continue Reading
You may also like...

More in News

Trending