Malayalam
ജനുവരിയില്‍ മകളുടെ വിവാഹം, അറസ്റ്റ് ചെയ്യുമെന്ന് പേടി; സുരേഷ് ഗോപിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി
ജനുവരിയില്‍ മകളുടെ വിവാഹം, അറസ്റ്റ് ചെയ്യുമെന്ന് പേടി; സുരേഷ് ഗോപിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ് സി.പ്രതീപ്കുമാര് ആണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ജനുവരി 8 ന് വീണ്ടും പരിഗണിക്കും. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ പിടിക്കുകയായിരുന്നു സുരേഷ് ഗോപി.
മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും സുരേഷ് ഗോപി ഇത് ആവര്‍ത്തിക്കുയായിരുന്നു. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാണിച്ചുള്ള പരാതിയില്‍ 354 അ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്.
കേസില്‍ നവംബര്‍ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസില്‍ പോലീസ് ഉള്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമായതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ട്.
ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും റിസപ്ഷന് തിരുവനന്തപുരത്തും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കുവേണ്ടി പ്രതിഷേധമാര്‍ച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
മാധ്യമങ്ങളെ കണ്ട ശേഷം പോകാനൊരുങ്ങിയ തന്നെ മാധ്യമപ്രവര്‍ത്തക തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്നതടക്കമുള്ള വാദങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ നേരത്തേ സുരേഷ് ഗോപിമാപ്പ് പറഞ്ഞിരുന്നു. വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ്.
എന്നാല്‍ മാപ്പ് തള്ളിയ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിതെന്നായിരുന്നു പരാതിക്കാരി തുറന്നടിച്ചത്. കേസില്‍ താമരശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരുന്നു. കേസില്‍ ഇതുവരെ 17 ഓളം മാധ്യമപ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം നടക്കുന്നത്. ഉടനെ തന്നെ വിവാഹം ഉണ്ടെന്നാണ് സൂചന. ശ്രേയസ് മോഹന്‍ എന്നാണ് സുരേഷ് ഗോപിയുടെ മരുമകന്റെ പേര്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ബിസിനസ്സുകാരനാണ്.സുരേഷ് ഗോപിയും ഭാര്യ രാധികയും പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചുകൊണ്ട് ക്ഷണക്കത്ത് കൈമാറിയിരുന്നു. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായിരുന്നു.
‘ഞാന്‍ ഭയങ്കര എക്സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാന്‍. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.
എന്നുകരുതി ഇപ്പോഴത്തെ വിവാഹങ്ങള്‍ പോലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഒന്നുമുണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് പണ്ട് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാന്‍ നോക്കണം. ദൈവം എന്നെ അനുവദിക്കുന്ന തരത്തില്‍ ഞാന്‍ ഈ വിവാഹം നടത്തും. പണ്ടൊക്കെ ആര്‍ഭാട കല്യാണത്തിനു ഞാന്‍ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, പണം ഉള്ളവന് മക്കളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തണമെന്ന്’.
‘ഞാന്‍ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും. അംബാനി അഞ്ഞൂറ് കൂടി ചെലവിട്ട് വിവാഹം നടത്തുമ്പോള്‍ പലവിധ വകുപ്പുകളിലേക്ക് ആണ് ആ പണം എത്തുന്നത്. അപ്പോള്‍ നമ്മള് മറിച്ചു ചിന്തിക്കുന്നത് ഒരു തെറ്റായ ചിന്താഗതി അല്ലെ. മാര്‍ക്കറ്റ് ഉണരണമെങ്കില്‍ അതി ധനികരായ അച്ഛനും അമ്മയ്ക്കും ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടാകട്ടെ എന്നാണ് ആഗ്രഹം’, എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
