News
2022 ല്‍ ബോക്‌സോഫീസ് പിടിച്ചു കുലുക്കിയ ചിത്രങ്ങള്‍…; അഭിമാനമായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍
2022 ല്‍ ബോക്‌സോഫീസ് പിടിച്ചു കുലുക്കിയ ചിത്രങ്ങള്‍…; അഭിമാനമായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍
2022 എന്ന വര്‍ഷത്തോട് വിടപറഞ്ഞ് 2023 ലേയ്ക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. തെന്നിന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം 2022 എന്ന വര്‍ഷം വളരെ വലുത് തന്നെയാണ്. ബോളിവുഡിലെ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും കൂപ്പുക്കുത്തി താഴെ വീണപ്പോള്‍ 1000 കോടിയും കടന്ന് മുന്നേറിയത് കന്നഡ, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു.
പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്‌നവും വിക്രം എന്ന ചിത്രത്തിലൂടെ കമല്‍ഹാസനും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്. മികച്ച അഭിപ്രായങ്ങള്‍ കൊണ്ട്, പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച 2022 ലെ ബംബര്‍ഹിറ്റ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ആര്‍ആര്‍ആര്‍
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ്എസ്‌രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ തെലുങ്ക് ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് കേന്ദ്ര കഥാപാത്രങ്ങളായത്. 550 കോടി മുതല്‍മുടക്കില്‍ ഡിവിവി ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം. 1,224 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ഏറെക്കാലത്തിന് ശേഷം ഒരു ഇന്ത്യന്‍ ചിത്രം വിദേശ രാജ്യങ്ങളില്‍ വലിയ വിജയമാകുന്നത് ആര്‍ആര്‍ആറിലൂടെയാണ്. അജയ് ദേവ്ഗണും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1
മണിരത്‌നം സംവിധാനം ചെയ്ത് മള്‍ട്ടിസ്റ്റാര്‍ എപിക് ഹിസ്‌റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമയായി പുറത്തെത്തിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1. 1955ല്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടേതായി പുറത്തുവന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് സിനിമാറ്റിക് ഭാഗങ്ങളില്‍ ആദ്യത്തേതാണ് ഇത്. 500 കോടിയാണ് പൊന്നിയന്‍ സെല്‍വന്റെ ആഗോള കളക്ഷന്‍.
ചിയാന്‍ വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, ജയറാം, ജയം രവി, പ്രകാശ് രാജ്, ശരത് കുമാര്‍, പാര്‍ഥിപന്‍, തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. 250 കോടിയോളം മുടക്കി മണിരത്‌നം, സുബാസ്‌കരന്‍, സുഹാസിനി മണിരത്‌നം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം 2023ല്‍ എത്തുമെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ വിക്രം എന്ന ചിത്രത്തിന്റെ ആകെ കളക്ഷനെ പിന്നിലാക്കി ഒന്നാമതെത്തിയത് പൊന്നിയന്‍ സെല്‍വന്‍ ആയിരുന്നു.
വിക്രം
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹസന്‍ നായകനായി എത്തിയ ചിത്രമായിരുന്നു വിക്രം. കമല്‍ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും. 140 കോടി മുടക്കി പുറത്തെത്തിയ ചിത്രം 426 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടു നിന്ന കമല്‍ ഹസന്റെ ഉഗ്രന്‍ തിരിച്ചു വരവ് കൂടിയായിരുന്നു ഈ ചിത്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. തമിഴ് നാട്ടില്‍ മാത്രമല്ല, കേരളത്തിലും ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രമായി വിക്രം മാറി.
ദ കശ്മീര്‍ ഫയല്‍സ്
റിലീസിന് മുന്നേ തന്നെ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ചിത്രമായിരുന്നു ദ കശ്മീര്‍ ഫയല്‍സ്. 1990കളിലെ കശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് അഗ്‌നിഹോത്രിയാണ്. 20 കോടി ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം 340 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സിനിയ്ക്ക് നികുതി ഇളവ് നല്‍കുകയും ചെയ്തത് ഏറെ വാര്‍ത്തയായിരുന്നു.
കെ.ജി.എഫ് ചാപ്റ്റര്‍ 2
2018 ല്ഡ പുറത്തെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം 2022 ല്‍ എത്തിയ രണ്ടാം ഭാഗമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 2. പ്രശാന്ത് നീലാണ് സംവിധായകന്‍. യുവാക്കളുടെ ഹരമായി മാറിയ ആരാധകരുടെ സ്വന്തം റോക്കി ഭായി ആയി യഷും എത്തിയ ചിത്രം 100 കോടി മുതല്‍ മുടക്കിലാണ് എത്തിയത്.
എന്നാല്‍ ബോക്‌സോഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 1,250 കോടിയാണ്. ഹോംബാലെ ഫിലിംസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. 2022ലെ നമ്പര്‍ വണ്‍ ബോക്‌സോഫീസ് ഹിറ്റും യഷ് ചിത്രമാണ്. കേരളത്തില്‍ നിന്ന് 78 കോടി രൂപയോളമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാഭം നേടിയ ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും കെജിഎഫ് ആണ്.
ഭൂല്‍ ഭുലൈയ്യ 2
സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തുടര്‍ പരാജയങ്ങളില്‍ പെട്ടു പോയപ്പോള്‍ ബോളിവുഡിന് പിടിച്ചു നില്‍ക്കാന്‍ താങ്ങായ ചിത്രമാണ് ഭൂല്‍ ഭുലൈയ്യ 2. അനീസ് ബാസമിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍ ആയിരുന്നു നായകനായി എത്തിയത്. അക്ഷയ് കുമാറും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തി. ഭൂല്‍ ഭുലൈയ്യ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആഗോള ബോക്‌സോഫീസില നിന്ന് 267 കോടി രൂപ നേടി. 75 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.
ബ്രഹ്മാസ്ത്ര
410 കോടി രൂപ മുടക്കി കരണ്‍ ജോഹറും സംഘവും നിര്‍മിച്ച്, അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ബട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 430 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍. കലക്ഷന്‍ കണക്കുകളില്‍ ബോളിവുഡിന് ആദ്യ അഞ്ചില്‍ ഇടം നേടാന്‍ കഴിഞ്ഞത് ബ്രഹ്മാസത്രയിലൂടെ മാത്രമാണ്.
കാന്താര
കന്നഡയില്‍ നിന്നെത്തി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ലാഭം നേടിയ ചിത്രമാണ് കാന്താര. വെറും 16 കോടി മുതല്‍മുടക്കില്‍ ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 406 കോടി രൂപയാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ വന്‍ വിജയം നേടിയ ചിത്രത്തില്‍ ഋഷഭ് ഷെട്ടിയായിരുന്നു നായകന്‍. അദ്ദേഹം തന്നെയായിരുന്നു സംവിധായകനും. കര്‍ണാടക ബോക്‌സോഫീസില്‍ കെ.ജി.എഫ് 2നെ വരെ കാന്താര പിന്നിലാക്കി.
ദൃശ്യം 2
50 കോടി ബജറ്റില്‍ പുറത്തെത്തി 307 കോടി കളക്ഷന്‍ നേടിയ ദൃശ്യം 2വാണ് ഇപ്പോള്‍ ബോളിവുഡിനെ പരാജയത്തില്‍ നിന്നും കരകയറ്റിയത്. അജയ് ദേവ്ഗണിന് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ദൃശിയം 2 സമ്മാനിച്ചത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ദൃശ്യം 2ന്റെ റീമേക്ക് ആണിത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തത്.
