Malayalam
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടര്‍നടപടികള്‍ക്ക് സ്‌റ്റേ അനുവദിച്ച് ഹൈക്കോടതി
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടര്‍നടപടികള്‍ക്ക് സ്‌റ്റേ അനുവദിച്ച് ഹൈക്കോടതി
മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ഇപ്പോഴിതാ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസിലെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. ഒരു മാസത്തേക്കാണ് സ്‌റ്റേ. സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിന്റെ പങ്കാളികളിലൊരാളായ ബാബു ഷെഹീര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശമനുസരിച്ച് നേരത്തെ മരട് പോലീസ് കേസെടുത്തിരുന്നു. സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.
പണം മുടക്കി സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലായിരുന്നു കോടതിയുടെ നടപടി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.
സിനിമയുടെ നിര്‍മാണത്തിനായി ഏഴുകോടി രൂപ താന്‍ മുടക്കിയതായി പരാതിക്കാരനായ സിറാജ് പറയുന്നു. ഷോണ്‍ ആന്റണിയുടെ ഉടമസ്ഥതയില്‍ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന പറവ ഫിലിംസ് കമ്പനി മുഖേനയാണ് പണം നിക്ഷേപിച്ചത്. മുടക്കുമുതലും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ശരിയായ നിര്‍മാണച്ചെലവ് തന്നില്‍നിന്നു മറച്ചുവച്ചെന്നും സിറാജ് ആരോപിക്കുന്നു.
ഈ കേസില്‍ സൗബിനും ഷോണും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറങ്ങിയിരുന്നു. ഇവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികള്‍ക്ക് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.
