Connect with us

സംസ്ഥാന പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തേക്കടിയില്‍ തിരി തെളിയും!

Movies

സംസ്ഥാന പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തേക്കടിയില്‍ തിരി തെളിയും!

സംസ്ഥാന പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തേക്കടിയില്‍ തിരി തെളിയും!

കടുത്ത വേനലിന്റെയും അതിവര്‍ഷത്തിന്റെയും ഭീഷണിക്കിടയില്‍ ലോകം കടന്നു പോകുമ്പോള്‍ പാരിസ്ഥിതികാതിജീവനത്തിന്റെ സന്ദേശം പകരുന്ന സംസ്ഥാന പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് ബുധനാഴ്ച തേക്കടിയില്‍ തിരി തെളിയും. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെയും പെരിയാര്‍ ഫൗണ്ടേഷന്റെയും ചൈതന്യ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 5,6,7 തീയതികളില്‍ തേക്കടി ബാംബൂ ഗ്രോവിലാണ് ചലച്ചിത്രമേള.

കേരളത്തിലെ നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെ ശ്രമഫലമായി നടക്കുന്ന പരിസ്ഥിതി ചലച്ചിത്ര പ്രദര്‍ശന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണ് തേക്കടിയിലെ മേളയെന്ന് ഫെസ്റ്റിവല്‍ സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ദിനമായ ബുധനാഴ്ച രാവിലെ 11.30 ന് ‘ആല്‍ഫ’ പ്രദര്‍ശിപ്പിക്കും.

ഉച്ചക്ക് 1.30 ന് മേളയുടെ ഉദ്ഘാടനം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: പാട്ടീല്‍ സുയോഗ് സുഭാഷ് റാവു നിര്‍വഹിക്കും. കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷത വഹിക്കും.ചലച്ചിത്ര നിരൂപകന്‍ എം.സി. രാജനാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. ചൈതന്യ സെക്രട്ടറി എം.എ.അഗസ്റ്റിന്‍ മേള സംബന്ധിച്ച് വിശദീകരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സിദ്ദിഖ്, ഡോക്യുമെന്ററി സംവിധായകന്‍ സുരേഷ് ഇളമണ്‍ എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് ലുക്കാനിയ, ബാംബു ബല്ലാഡ്‌സ്, നമ്മുടെ കാവുകള്‍, പുനര്‍ജീവനം, കണ്ടലമ്മച്ചി, കൊക്കോലി, കൊറ്റില്ലം എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വ്യാഴാഴ്ച 9.30 ന് വിഖ്യാത പരിസ്ഥിതി ചിത്രം ഡ്യൂമ പ്രദര്‍ശിപ്പിക്കും. 12 ന് കവി ജോണ്‍ ഗ്ലാന്‍സിന്റെ കവിതസമാഹാരം ‘കരിയില കിരുകിരെ’ വിജില ചിറപ്പാട് കെ.ആര്‍.രാമചന്ദ്രന് നല്‍കി പ്രകാശിപ്പിക്കും. എന്‍. സദാശിവന്‍ അധ്യക്ഷത വഹിക്കും.

സിന്ധു ബാബു, കെ.മുരളി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഓപ്പണ്‍ ഫോറം സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ.ജെ.ജോസഫ് മോഡറേറ്ററായിരിക്കും. ഇക്കോ ടൂറിസം ഡയറക്ടര്‍ രാജു കെ. ഫ്രാന്‍സീസ്, എം.സി. രാജനാരായണന്‍, സുരേഷ് ഇളമണ്‍, സീന കാപ്പിരി ,ഡോ.ബി. രാധാകൃഷ്ണന്‍, വി.ബി. നവീന്‍ എന്നിവര്‍ പങ്കെടുക്കും.

കാനനം, സ്ലേവ് ടു വാട്ടര്‍, ചുന്‍ ചുന്‍ മാട്ടി തുടങ്ങി 12 പരിസ്ഥിതി ചിത്രങ്ങള്‍ തുടര്‍ന്ന് പ്രദര്‍ശിപ്പിക്കും. വെള്ളിയാഴ്ച സത്യജിത് റേ അവാര്‍ഡു നേടിയ പരിസ്ഥിതി ചിത്രം ആദിച്ചായി, സീഡ് സ്‌റ്റോറീസ്, ആനത്താര, ഹാത്തി ബോന്ദൂ, ഉറുമ്പുകളുടെ അജ്ഞാതലോകം, ദുക്കു മജ്ഹി, ഹൈക്കൂസിനിമകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം മൂന്നിന് മേളയുടെ സമാപന സമ്മേളനത്തില്‍ ഇക്കോ ടൂറിസം ഡയറക്ടര്‍ രാജു കെ. ഫ്രാന്‍സീസ് അധ്യക്ഷത വഹിക്കും.

ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും സംവിധായകനുമായ വിജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മേള കോഓര്‍ഡിനേറ്റര്‍ ടി.ചന്ദ്രന്‍കുട്ടി, അനന്തപത്മനാഭന്‍, പ്രഭു മെന്‍സ് സന,മാത്യു ജോര്‍ജ്, എ.എസ്.അഭിജിത്, പി.വി. സന്തോഷ്, എന്‍.കെ.അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുക്കും. പത്തോളം ചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികളായ എം.എ.അഗസ്റ്റിന്‍, എന്‍.സദാശിവന്‍, ഇ.ജെ.ജോസഫ്, ചന്ദ്രന്‍ കുട്ടി എന്നിവര്‍ പറഞ്ഞു.

More in Movies

Trending