‘സിനിമയിലേക്കാള്‍ നന്നായി നാനി ജീവിതത്തില്‍ അഭിനയിക്കുന്നുണ്ട്’ : ലൈംഗികാരോപണവുമായി വീണ്ടും ശ്രീ റെഡ്ഢി
തെലുങ്ക് സിനിമ മേഖലയിൽ ഇപ്പോൾ വിവാദങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. കാസ്റ്റിംഗ് കൗച്ചിനെതിരെ വസ്ത്രം ഊരി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഢി കൂടുതല്‍ ആരോപണങ്ങളുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
തെലുങ്ക് സിനിമാമേഖലയിലെ മുന്‍നിര താരമായ നാനിക്കെതിരെയാണ് വിവാദ നടി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ ആരോപിച്ചു.
സിനിമയിലേക്കാള്‍ നന്നായി നാനി ജീവിതത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നടി പറഞ്ഞു. നാനിയുടെ ചെയ്തിയില്‍ ഒരു പെണ്‍കുട്ടി ഇപ്പോഴും കരയുകയാണെന്നും ദൈവം വെറുതെ വിടില്ലെന്നും ശ്രീ പറഞ്ഞു.
നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്. നിങ്ങളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒന്നോര്‍ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സമയം എടുക്കുമായിരിക്കും. എന്നാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും എന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തിലുള്ള ആരോപണത്തിന് നാനി പ്രതികരണം നൽകിയിട്ടില്ല. നേരത്തെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുഗ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് പുറത്ത് മേല്‍വസ്ത്രം ഊരിക്കളഞ്ഞ് നടി പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. ടോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ ഫിലം ചേംബര്‍ തുടരുന്ന മൗനത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് ശ്രീ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു. സംവിധായകൻ കമ്മൂലയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ അദ്ദേഹത്തിനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
സംവിധായകന് തന്നെ ചില കഥാപാത്രങ്ങള്‍ വച്ചു നീട്ടി പ്രലോഭിപ്പിക്കാന്‍ നോക്കിയെന്നും താന്‍ വഴങ്ങിയില്ലെന്നും ശ്രീ വെളിപ്പെടുത്തി. വലിയ താരങ്ങള്‍ വളരെ നന്നായി പെരുമാറാന്‍ അറിയുന്നവരാണ്. താങ്കളുടെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര് എന്നിവരെ കണ്ടു പഠിക്കണമെന്ന് ശ്രീ പറഞ്ഞു. പുതുമുഖ സംവിധായകരോട് നാനിക്ക് പുച്ഛമാണ്. അയാള്‍ അവരെ അംഗീകരിക്കാറില്ല. വലിയൊരു താരമായി മാറിയെന്ന തോന്നലുകൊണ്ടാണ് അങ്ങനെ പെരുമാറുന്നതെന്നും നടി കുറ്റപ്പെടുത്തി.
