News
മ യക്കുമരുന്നുകേസ്; അറസ്റ്റിലായ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം
മ യക്കുമരുന്നുകേസ്; അറസ്റ്റിലായ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ജാമ്യത്തുകയായി ഇരുവരും 10,000 രൂപ കെട്ടിവെക്കണം.
മാത്രമല്ല, ഇതേ തുകയ്ക്ക് തത്തുല്യമായി രണ്ടുപേരുടെ ആൾജാമ്യവും വേണം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശ്രീകാന്തും കൃഷ്ണയും ദിവസവും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയുമുണ്ട്. പിടിയിലാവുമ്പോൾ ശ്രീകാന്തിന്റെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.
അന്വേഷണവുമായി സഹകരിച്ചിട്ടും കൃഷ്ണയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ജൂൺ 23-നായിരുന്നു ശ്രീകാന്തിന്റെ അറസ്റ്റ് നടന്നത്. പിന്നാലെ 26-ന് കൃഷ്ണയും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ എഐഎഡിഎംകെ നേതാവിൽ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനുശേഷം ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചെന്നൈയിലെ ഒരു ബാറിലുണ്ടായ അടിപിടിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ എഐഎഡിഎംകെ മുൻ പ്രവർത്തകനായ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലർക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് മനസിലാക്കി.
ചോദ്യം ചെയ്യലിൽ ശ്രീകാന്തിന് കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്തതായി പ്രസാദ് സമ്മതിച്ചു. ശ്രീകാന്ത് ഉൾപ്പെട്ട ലഹരിക്കേസിൽ തന്നെയാണ് നടൻ കൃഷ്ണയെയും മയക്കുമരുന്ന് ഡീലറായ കെവിനെയും 26ന് പൊലീസ് പിടികൂടിയത്. തുടർന്ന് മൂവരും പുഴൽ ജയിലിലായിരുന്നു. കേസിൽ കൃഷ്ണയുടെ പേരും ഉയർന്നതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.
