Malayalam
ദാസനും വിജയനും വീണ്ടും കണ്ടുമുട്ടിയപ്പോൾ, കണ്ണ് നിറയ്ക്കുന്ന രംഗം!
ദാസനും വിജയനും വീണ്ടും കണ്ടുമുട്ടിയപ്പോൾ, കണ്ണ് നിറയ്ക്കുന്ന രംഗം!
ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിനെത്തിയ മോഹൻലാലിന്റെയും ശ്രീനിവാസന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
അനാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസൻ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. കാറിൽ വന്നിറങ്ങിയ ശ്രീനിവാസനെ മകൻ വിനീത് കൈ പിടിച്ച് വിവാഹ വേദിയിലേക്ക് ആനയിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം പ്രിയ നടൻ പൊതുവേദിയിൽ എത്തിയ സന്തോഷത്തിലാണ് മലയാളികൾ ഇപ്പോൾ.
അസുഖബാധിതനായ ശ്രീനിവാസനെ മാര്‍ച്ച് 30 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശേഷം ഏപ്രിൽ 19ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.
ഈ വർഷം ഓഗസ്റ്റിലാണ് വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്. സംരംഭകയായ അദ്വിത ശ്രീകാന്ത് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വധു.
ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം.ധ്യാന്‍ ശ്രീനിവാസന് സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ലവ് ആക്ഷന്‍ ഡ്രാമ’യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. അജു വര്‍ഗീസിനൊപ്പം ആരംഭിച്ച ഫണ്ടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. ധ്യാന്‍ ഈ ചിത്രത്തിലെ നിര്‍മ്മാണ പങ്കാളിയായി.
ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ മെറിലാന്‍ഡിന്റെ പേരില്‍ത്തന്നെ പുതിയ നിർമ്മാണ കമ്പനി വിശാഖ് ആരംഭിക്കുക ആയിരുന്നു. സിനിമാ നിര്‍മ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയറ്ററുകളും ഈ ഗ്രൂപ്പിന് ഉണ്ട്. ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളാണ് ഇവരുടെ ഉടമസ്ഥതയില്‍ ഉള്ളത്.
