Bollywood
രാംഗോപാല്‍ വര്‍മയുടെ ചിത്രത്തില്‍ നായികയായി ശ്രീലക്ഷ്മി സതീഷ്; സിനിമയ്ക്കായി പേര് മാറ്റി താരം
രാംഗോപാല്‍ വര്‍മയുടെ ചിത്രത്തില്‍ നായികയായി ശ്രീലക്ഷ്മി സതീഷ്; സിനിമയ്ക്കായി പേര് മാറ്റി താരം
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷിനെ കുറിച്ച് ബോളിവുഡ് സംവിധയാകന് രാം ഗോപാല്‍ വര്‍മ അന്വേഷിച്ചതെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ശ്രീലക്ഷ്മി സിനിമയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. രാംഗോപാല്‍ വര്‍മയുടെ പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാവുന്നത്. സാരി എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഘോഷ് വൈഷ്ണവം ആണ്.
ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അന്താരാഷ്ട്ര സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഞ്ച് ഭാഷകളിലാവും സാരി റിലീസ് ചെയ്യുക. സിനിമയ്ക്കായി ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാംഗോപാല്‍ വര്‍മ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനിമുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക.
ഇന്‍സ്റ്റഗ്രാമിലും അവര്‍ പേര് മാറ്റിയിട്ടുണ്ട്. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് വാര്‍ത്തയായിരുന്നു. ഹൈദരാബാദിലുള്ള രാം ഗോപാല്‍ വര്‍മയുടെ ഓഫീസില്‍ ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങള്‍ക്കൊപ്പം പ്രിന്റ് ചെയ്ത് വച്ചതും വാര്‍ത്തയായിരുന്നു.
സിനിമയുടെ കഥ ഇഷ്ടപ്പെട്ട് തനിക്കുചേരുന്ന വേഷമാണെങ്കില്‍ അഭിനയിക്കും എന്നായിരുന്നു ശ്രീലക്ഷ്മിയും പറഞ്ഞത്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ത്രില്ലറായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്കുന്ന സൂചന. റ്റൂ മച്ച് ലവ് കാന്‍ ബി റൂ ഡേഞ്ചറസ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
