ഒരു സുപ്രഭാതത്തില്‍ പ്രണയമാണ് എന്ന് പറയുകയായിരുന്നില്ല;വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോഴുണ്ടായ പ്രതികരണത്തെ കുറിച്ച് ശ്രീനാഥും അശ്വതിയും
റിയാലിറ്റി ഷേയിലൂടെ സുപരിചിതനായ താരമാണ് ശ്രീനാഥ് ശിവശങ്കരന്. വിജയ് ആരാധകനായ ശ്രീനാഥ് ഷോയില്‍ ആലപിച്ച തമിഴ് ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. ഇപ്പോള്‍ സംഗീത സംവിധായകന് എന്ന നിലയിലും ശ്രദ്ധേയനാണ്. അടുത്തിടെയായിരുന്നു ശ്രീനാഥും തിരക്കഥാകൃത്തിന്റെ മകള്‍ അശ്വതിയും തമ്മിലുള്ള വിവാഹം. സിനിമാ രംഗത്തെ പ്രമുഖര്‍ എല്ലാം വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ ശേഷം ശ്രീനാഥും അശ്വതിയും ആദ്യമായി നല്കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശ്രീനാഥും അശ്വതിയും തുറന്ന് സംസാരിക്കുകയുണ്ടായി.
സിനിമയില്‍ വന്ന തുടക്ക കാലത്ത് എപ്പോഴോ തന്നെ അശ്വതിയെ കണ്ടിട്ടുണ്ട് എന്ന് ശ്രീനാഥ് പറയുന്നു. പക്ഷെ വലിയ പരിചയം ഒന്നും ഉണ്ടായിരുന്നില്ല. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടനാട് ബ്ലോഗ് എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ടാണ് ശ്രീനാഥ് സംഗീത സംവിധാനത്തിലേക്ക് ഇറങ്ങുന്നത്. ആ സമയത്ത് തന്നെ അശ്വതിയുമായി പരിചയപ്പെടുകയും, സുഹൃത്തുക്കളാകുകയും ചെയ്തു
അശ്വതി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ പ്രണയമാണ് എന്ന് പറയുകയായിരുന്നില്ല. പരസ്പരമുള്ള സംസാരത്തിലൂടെയും പരിചയത്തിലൂടെയും രണ്ട് പേര്‍ക്കും അറിയാമായിരുന്നു ഇഷ്ടമാണ് എന്ന്. പിന്നീട് ഒരു അവസരം വന്നപ്പോള്‍ ശ്രീനാഥ് തന്നെയാണ് ആദ്യം പറഞ്ഞത്. പ്രണയിക്കാം എന്നായിരുന്നില്ല, കല്യാണം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് തന്നെയാണ് പറഞ്ഞത്.
ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുമ്പോഴാണത്രെ അശ്വതി പ്രണയിക്കുന്നു എന്ന കാര്യം വീട്ടില്‍ പറഞ്ഞത്. പ്രതീക്ഷിച്ചത് പോലെയുള്ള പ്രശ്നങ്ങള്‍ ഒന്നും വീട്ടുകാര്‍ക്ക് രണ്ട് പേര്‍ക്കും ഉണ്ടായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കണം എന്നത് അത്യാവശ്യമായിരുന്നു. അശ്വതിയുടെ അച്ഛനാണെങ്കിലും തന്റെ അച്ഛന് ആണെങ്കിലും വളരെ ഫ്രണ്ട്ലിയാണ് എന്നും, കാര്യങ്ങള്‍ പറഞ്ഞാല്‍ അതേ സെന്‍സില്‍ മനസ്സിലാക്കുന്നവരാണ് എന്നും ശ്രീനാഥ് പറയുന്നു.
കല്യാണം കഴിഞ്ഞ ശേഷം ഇപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും തോന്നുന്നില്ല. രണ്ട് പേരും പഴയത് പോലെ ഒക്കെ തന്നെയാണ്. ശരിയ്ക്ക് കല്യാണ അവധി ആഘോഷിക്കാന്‍ പോലും പറ്റിയിട്ടില്ല. കമ്മിറ്റ് ചെയ്ത വര്‍ക്കുകളുമായി ശ്രീനാഥ് തിരക്കലാണത്രെ. അശ്വതിയ്ക്ക് കഴിഞ്ഞ ദിവസമാണ് പിജി എക്സാം കഴിഞ്ഞത്. ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനിയാണ് അശ്വതി. പഠനത്തിന്റെ തിരക്കുകളുണ്ട് എന്ന് അശ്വതിയും പറയുന്നു.
ഹണിമൂണ്‍ ഒന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ചില ഓഫറുകള്‍ എല്ലാം വന്നിട്ടുണ്ട്. പക്ഷെ എങ്ങിനെയായാലും ഒരു മാസം ഒക്കെ കഴിഞ്ഞിട്ട് അക്കാര്യം പ്ലാന്‍ ചെയ്യാം എന്നാണ് ഇപ്പോള്‍ തീരുമാനം. ശ്രീനാഥും അശ്വതിയും തിരക്കിലാണ്. തിരക്കിനിടയില്‍ ഒരു യാത്ര പുറപ്പെട്ടാല്‍ അത് ആസ്വദിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഈ തിരക്കും കമ്മിറ്റ്മെന്റ്സുകളും എല്ലാം കഴിഞ്ഞിട്ടേ ഹമിണൂണ് ഉള്ളൂ. അതിനിടയില്‍ ബന്ധുവീടുകളിലെ വിരുന്നുകള്‍ക്ക് പോകണം- ശ്രീനാഥും അശ്വതിയും പറഞ്ഞു
