ഗര്‍ഭിണിയായെന്ന് അറിഞ്ഞപ്പോള്‍ പലരും ചോദിച്ചത് അതിനെ പറ്റി! മനസ് തുറന്ന് സ്‌നേഹ ശ്രീകുമാർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്‌നേഹ ചുവടുവെക്കാറുമുണ്ട്. ഭര്‍ത്താവും നടനുമായ ശ്രീകുമാറിനും തനിക്കും വൈകാതെ ഒരു കുഞ്ഞുവാവ വരുമെന്ന് അടുത്തിടെയാണ് നടി പുറംലോകത്തെ അറിയിച്ചത്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞതെന്നാണ് നടി മുന്‍പൊരു വീഡിയോയില്‍ പറഞ്ഞത്.
അതുമാത്രമല്ല പിസിഒഡി പോലൊരു അസുഖവും തനിക്കുണ്ടായിരുന്നുവെന്ന് സ്‌നേഹ വ്യക്തമാക്കുന്നു. അതില്‍ നിന്നൊരു മാറ്റം വന്നതെങ്ങനെയാണെന്ന ആരാധകരുടെ ചോദ്യത്തിന് തന്റെ അനുഭവം പങ്കുവെച്ചാണ് സ്‌നേഹ എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുത്തന്‍ വീഡിയോയിലാണ് നടി മനസ് തുറന്നത്.
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പങ്കുവച്ച വീഡിയോയില്‍ എനിക്ക് പിസിഒഡി ഉണ്ടായിരുന്നെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് അതിന് താഴെ എല്ലാവരും ചോദിച്ച ചോദ്യം അതെങ്ങനെ മാറി എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ചെയ്തത് മൂന്നേ മൂന്ന് കാര്യങ്ങള്‍ മാത്രമാണ്. ചെറുപ്പം മുതലേ വണ്ണമുള്ള ആളാണ് ഞാന്‍. ഞാന്‍ ഒരിക്കലും മെലിഞ്ഞുവെന്ന് ആരും പറയാറില്ല. പഴയ ഫോട്ടോ ഒക്കെ കാണുമ്പോള്‍, അതിലും തടിച്ചല്ലോ എന്നാണ് എല്ലാവരും പറയാറുള്ളത്.
പിസിഒഡി ഉള്ളവര്‍ വണ്ണം വെക്കുന്നത് സ്വാഭാവികമാണ്. എന്ത് ചെയ്താലും ആ വണ്ണം പൂര്‍ണമായും കുറക്കാനായി സാധിക്കില്ല. പക്ഷെ അതിന് ശ്രമിക്കാന്‍ നമുക്ക് പറ്റും, എനിക്ക് സാധിച്ചു. എക്സസൈസ് ചെയ്യണമെന്ന് പറഞ്ഞാല്‍ എനിക്കേറ്റവും മടിയുള്ള കാര്യം അതായിരുന്നുവെന്നാണ് സ്‌നേഹ പറയുന്നത്. പിന്നെ ഭര്‍ത്താവ് ശ്രീകുമാര്‍ പെറ്റ് ഡോഗിനെയും കൊണ്ട് നടക്കാന്‍ പോകാറുണ്ട്. അവരുടെ കൂടെ ചേര്‍ന്ന് ഞാനും നടക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
വെജിറ്റേറിയനായത് കൊണ്ട് നോണ്‍ വെജ് ഒന്നും കഴിക്കാറില്ല. അതിലൂടെ കിട്ടേണ്ട ചില ഘടങ്ങള്‍ മാത്രം ഇല്ലാത്തത് കൊണ്ട് മെഡിസിന്‍ എടുക്കേണ്ടി വന്നു. അതല്ലാതെ കൂടുതലായി വേറൊന്നും ചെയ്തിട്ടില്ല. ഒപ്പം വെജിറ്റബിള്‍സ്, പ്രത്യേകിച്ച് ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും താന്‍ ശ്രമിച്ചതായി സ്‌നേഹ വ്യക്തമാക്കുന്നു.
മധുരം ഒഴിവാക്കണം എന്നൊക്കെ പറഞ്ഞാല്‍ ഒട്ടും പറ്റാത്ത ആളായിരുന്നു ഞാന്‍. എന്നോട് അത് പൂര്‍ണമായും നിര്‍ത്താന്‍ പറഞ്ഞെങ്കിലും എനിക്കത് ഒരിക്കലും സാധിക്കില്ല. ഒരു കേക്ക് കൊണ്ട് വന്നാല്‍ അതിന്റെ പകുതിയും ഞാന്‍ തന്നെ തീര്‍ക്കുമായിരുന്നു. അത്രത്തോളം മധുരത്തെ സ്‌നേഹിച്ചിരുന്ന ആളാണ്.മധുരം ഉപേക്ഷിക്കാതെ വേറെ എന്തൊക്കെ മരുന്ന് കഴിച്ചിട്ടും യാതൊരു കാര്യമില്ല. പക്ഷേ ഇപ്പോള്‍ അതിലൊരു കുറവ് വരുത്താന്‍ തനിക്ക് സാധിച്ചുവെന്ന് പറയാം. അത് പ്രധാനമായും എനിക്ക് മാറ്റം വരുത്തിയെന്നാണ് സ്‌നേഹ പറയുന്നത്.
ശരിക്കും പിസിഒഡി ഉള്ളവര്‍ മധുരം ഉപേക്ഷിക്കുകയാണ് വേണ്ടത്. അതല്ലാതെ അനാവശ്യമായതൊക്കെ കഴിച്ചിട്ട് വ്യായാമം ചെയ്തത് കൊണ്ടൊന്നും കാര്യമില്ല. ഇതുവരെ പ്രത്യേകിച്ചൊരു ചിട്ടയായ ജീവിതം എനിക്കുണ്ടായിരുന്നില്ല. കൃത്യമായ എക്സസൈസ്, കൃത്യമായ ഭക്ഷണം അതൊന്നും ശ്രദ്ധിക്കാന്‍ പറ്റാറില്ലായിരുന്നു. പലപ്പോഴും ഷൂട്ടിങിന്റെ ഒട്ടത്തിലായിരിക്കും. ഇപ്പോള്‍ അതിനൊക്കെ കുറവ് വന്നു.
ഇത് മാത്രം മതിയോ എന്ന് ചോദിച്ചാല്‍ എനിക്ക് പറഞ്ഞ് തരാന്‍ അറിയില്ല. കാരണം ഇത് എന്റെ അനുഭവമാണ്. ആ ഡോക്ടര്‍ എനിക്ക് തന്ന കാര്യങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ എന്നില്‍ മാറ്റമുണ്ടായി. എല്ലാവര്‍ക്കും അങ്ങനെ മാറ്റം വരണമെന്നില്ല. ദിവസവും 45 മിനിട്ട് നടത്തം തുടങ്ങി. പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി, ഷുഗര്‍ കട്ട് ചെയ്തു. അങ്ങനെ മൂന്ന് കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ഇത് കൊണ്ട് പലര്‍ക്കും മാറാന്‍ സാധ്യതയുണ്ടെന്നാണ് എനിക്കും തോന്നുന്നത്.
എല്ലാവരും ഡോക്ടറോട് ചോദിച്ചിട്ട് ഇതിലൊരു തീരുമാനം എടുക്കണം. ഞാന്‍ പറയുന്നത് കേട്ടിട്ട് ആരും ഒന്നും ചെയ്യരുത്. കാരണം ഞാനൊരു ഡോക്ടര്‍ അല്ലല്ലോ എന്നാണ് സ്‌നേഹ ചോദിക്കുന്നത്. യൂട്യൂബില്‍ ഏറെ ശ്രദ്ധേയനായ ഡോ. മനു ജോണ്‍സണിന്റെ വീഡിയോസാണ് എനിക്ക് പ്രചോദനമായത്.
അദ്ദേഹത്തെ കണ്‍സള്‍ട്ട് ചെയ്തപ്പോള്‍ കൃത്യമായ കാര്യങ്ങള്‍ പറഞ്ഞു തന്നു. അത് പ്രകാരം ചെയ്തപ്പോള്‍ എനിക്ക് നല്ല മാറ്റങ്ങള്‍ പ്രകടമായി. അത് കൂടുതല്‍ പ്രചോദനം നല്‍കിയെന്നും സ്‌നേഹ കൂട്ടിച്ചേര്‍ത്തു.
