Malayalam
മഞ്ജു ചേച്ചിയുടെ അടുത്ത് വന്ന് മോള്‍ ഭയങ്കര കളിയായിരുന്നു, ചേച്ചി ഒരിതുമില്ലാതെ ഇവളുടെ കൂടെ ഒളിച്ച് കളിക്കുകയാണ്; ശിവദ
മഞ്ജു ചേച്ചിയുടെ അടുത്ത് വന്ന് മോള്‍ ഭയങ്കര കളിയായിരുന്നു, ചേച്ചി ഒരിതുമില്ലാതെ ഇവളുടെ കൂടെ ഒളിച്ച് കളിക്കുകയാണ്; ശിവദ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.
സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു.
മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.
പ്രിയപ്പെട്ട അഭിനേത്രി, ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തി, ജീവിതം ആസ്വദിക്കുന്ന സ്ത്രീ തുടങ്ങി പലരെയും പല തരത്തില്‍ മഞ്ജു എന്ന നടി സ്വാധീനിക്കുന്നു. വിജയവും പരാജയവും ഒരുപോലെ വന്ന് പോവുന്നതാണ് മഞ്ജുവിന്റെ സിനിമാ കരിയര്‍. എന്നാല്‍ ഇതൊന്നും നടിയുടെ താരമൂല്യം കുറയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ഇപ്പോഴിതാ മേരി ആവാസ് സുനോ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ശിവദ. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് നടി ഇതേ കുറിച്ച് പറഞ്ഞത്. ‘മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. എനിക്കും അമ്മയ്ക്കും ഒരുപോലെ. പക്ഷെ മഞ്ജു ചേച്ചിയുടെ കൂടെ എങ്ങനെ അഭിനയിക്കാനാണ്, ചേച്ചിയൊരു ഹീറോയിനാണല്ലോ, പിന്നെ ഞാനെന്താ ചെയ്യുകയെന്ന് ആലോചിച്ചിരുന്നു’.
‘നീ എപ്പോഴെങ്കിലും മഞ്ജുവിന്റെ കൂടെ അഭിനയിക്കണമെന്ന് അമ്മ പറയുമായിരുന്നു. അമ്മ ഒരു പടം പ്രൊഡ്യൂസ് ചെയ്യ്, എന്നിട്ട് അഭിനയിക്കാമെന്ന് ഞാന്‍ കളിയാക്കി പറയുമായിരുന്നു. പക്ഷെ മേരി ആവാസ് സുനോയില്‍ എനിക്ക് കോള്‍ വന്നപ്പോള്‍ ഭയങ്കര ഹാപ്പിയായി. എന്നേക്കാളും കൂടുതല്‍ സന്തോഷം അമ്മയ്ക്കായിരുന്നു. നമ്മള്‍ ചെറുപ്പത്തിലേ മുതല്‍ സിനിമകള്‍ കണ്ട് ചേച്ചിയെ അത്ര ആരാധനയോടെ നോക്കിക്കണ്ടൊരു ആളാണ്’.
‘ഞങ്ങള്‍ താമസിച്ചതിന്റെ അടുത്ത് വന്നായിരുന്നു ചേച്ചി സ്‌ക്രിപ്റ്റ് കേട്ടത്. മോളുള്ളത് കൊണ്ട് എനിക്ക് ഹോട്ടലില്‍ താമസിക്കാനിഷ്ടമല്ലായിരുന്നു. ഒരു അപാര്‍ട്‌മെന്റ് എടുത്തു. മഞ്ജു ചേച്ചിയുടെ അടുത്ത് വന്ന് മോള്‍ ഭയങ്കര കളിയായിരുന്നു. ചേച്ചി ഒരിതുമില്ലാതെ ഇവളുടെ കൂടെ ഒളിച്ച് കളിക്കുകയാണ്. ഞാന്‍ വിളിച്ചിട്ട് വരുന്നില്ല. അപ്പോള്‍ കണ്ടതേയുള്ളൂ. ഒന്നര വയസേ ആയിട്ടുള്ളൂ. അവളിങ്ങനെ ചേച്ചിയെ അള്ളിപ്പിടിച്ചിരിക്കുകയാണ്’.
‘ഇവിടെ നില്‍ക്കട്ടെ ശിവദാ, കുഴപ്പമില്ലെന്ന് ചേച്ചി. ഭയങ്കര രസം തോന്നി എനിക്കാ മൊമന്റ്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറെന്നറിയപ്പെടുന്ന ആള്‍. ചേച്ചിയുടെ കൂടെ നില്‍ക്കുമ്പോള്‍ ഭയങ്കര ഓറയാണ്. ഭയങ്കര സ്‌റ്റൈലിഷുമല്ലേ. ചേച്ചി ഇന്നേത് ഡ്രസിലാണെന്ന് നോക്കി ഞാന്‍ നില്‍ക്കും. എവിടെ നിന്നാണ് വസ്ത്രങ്ങളെന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു,’ എന്നും ശിവദ പറഞ്ഞു.
മലയാളത്തില്‍ പ്രഗല്‍ഭരായ ഒട്ടനവധി നടിമാര്‍ മുന്‍പെ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ മറ്റാെരു നടിയും ഇത്രമാത്രം പ്രേക്ഷക സ്‌നേഹം അനുഭവിച്ചിട്ടില്ലെന്നാണ് സിനിമാ ലോകം പറയുന്നത്. വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അതേസമയം, തമിഴിലും മലയാളത്തിലും ബോളിവുഡിലുമായി തന്റെ സിനിമാ തിരക്കുകളിലാണ് നടി. മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു.
സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഓഫ് സ്‌ക്രീനില്‍ ആഘോഷിക്കപ്പെടുമ്പോഴും ഓണ്‍സ്‌ക്രീനില്‍ മലയാളികള്‍ സ്‌നേഹിച്ച പഴയ മഞ്ജു തിരിച്ചെത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെടുന്ന ആരാധകരുമുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലഹേം, ആറാം തമ്പുരാന്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ തരംഗം സൃഷ്ടിച്ച മഞ്ജുവിന് ഇത്തരം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ച വെക്കാനായ സിനിമകള്‍ അധികം ലഭിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പലരും പറയുന്നത്.
