News
സിങ്കം പോലുള്ള സിനിമകള്‍ സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുന്നു; ബോംബെ ഹൈക്കോടതി ജഡ്ജി
സിങ്കം പോലുള്ള സിനിമകള്‍ സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുന്നു; ബോംബെ ഹൈക്കോടതി ജഡ്ജി
സിങ്കം പോലുള്ള ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ തെറ്റായ കീഴ് വഴക്കമുണ്ടാക്കുകയും സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുകയും ചെയ്യുന്നുവെന്ന് ബോംബെ ഹൈക്കോടതി ജഡ്ജി ഗൗതം പട്ടേല്‍. ഒരു ഹീറോ പോലീസിന്റെ ‘തല്‍ക്ഷണം നീതി’ എന്ന സിനിമാറ്റിക് ഇമേജറി തെറ്റായ സന്ദേശം നല്‍കുക മാത്രമല്ല, നിയമാനുസൃതമായ നടപടിക്രമങ്ങളോടുള്ള ‘കാലതാമസത്തെ’ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ജസ്റ്റിസ് പട്ടേല്‍ സൂചിപ്പിച്ചു.
ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്റെ വാര്‍ഷിക ദിനവും പോലീസ് പരിഷ്‌കരണ ദിനവും പ്രമാണിച്ച് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമകളില്‍, ന്യായാധിപന്മാര്‍ക്ക് നേരെ പോലീസ് ശബ്ദമുയര്‍ത്തുന്നത്, നായകന്മാര്‍ കോടതിയെ കുറ്റപ്പെടുത്തുന്നത്, കുറ്റവാളികളെ വെറുതെ വിടുന്ന കോടതികള്‍, നായകന്‍ ഒറ്റയ്ക്ക് നീതി നടപ്പാക്കുന്നത്, ഇതൊക്കെ സമൂഹത്തിന് നല്‍കുന്നത് മോശം സന്ദേശമാണ്. സിങ്കം സിനിമയുടെ ക്ലൈമാക്‌സില്‍ പ്രകാശ് രാജ് അവതരിപ്പിച്ച രാഷ്ട്രീയക്കാരന്റെ നേരെ മുഴുവന്‍ പോലീസ് സേനയും ഇറങ്ങുന്നതും നീതി ഇപ്പോള്‍ ലഭിച്ചുവെന്ന് കാണിക്കുന്നതും തെറ്റാണ്. ആ സിനിമ നല്‍കുന്ന സന്ദേശം എത്ര അപകടകരമാണെന്ന് ചിന്തിക്കണം’, എന്നും അദ്ദേഹം പറഞ്ഞു.
‘എന്തുകൊണ്ടാണ് ഈ അക്ഷമ? നിരപരാധിയോ കുറ്റമോ തീരുമാനിക്കുന്ന ഒരു പ്രക്രിയയിലൂടെ കടന്നുപോകണം. ഈ പ്രക്രിയകള്‍ മന്ദഗതിയിലാണ്. അവ അങ്ങനെ തന്നെ ആയിരിക്കണം. കാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം കണ്ടുകെട്ടാന്‍ പാടില്ല എന്ന പ്രധാന തത്വം ഇതിലുണ്ട്. കുറുക്കുവഴികള്‍ക്ക് വേണ്ടി ഈ പ്രക്രിയ ഉപേക്ഷികുന്നത് നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഒരു ആക്ഷന്‍ ചിത്രമാണ് 2011 ജൂലൈയില്‍ പുറത്തിറങ്ങിയ സിങ്കം. 2010ല്‍ ഇതേ പേരിലുള്ള തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു സിങ്കം. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍. അജയ് ഒരു പോലീസ് ഓഫീസറായി അഭിനയിക്കുന്നു. തമിഴില്‍ സൂര്യ ആയിരുന്നു പ്രധാന വേഷത്തിലെത്തിയിരുന്നത്. മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.
