Malayalam
മമ്മി എനിക്ക് വേണ്ടി ചാവറ മാട്രിമോണിയലിൽ കല്യാണം നോക്കി, രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടേ വേണ്ടെന്ന് ഡോക്ടർ പറഞ്ഞു; ഷൈൻ ടോം ചാക്കോ
മമ്മി എനിക്ക് വേണ്ടി ചാവറ മാട്രിമോണിയലിൽ കല്യാണം നോക്കി, രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടേ വേണ്ടെന്ന് ഡോക്ടർ പറഞ്ഞു; ഷൈൻ ടോം ചാക്കോ
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ നടൻ വീണ്ടും വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം പുറത്തെത്തിയത്. പൊതുവേദിയിൽ കാമുകിയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത് മുതലാണ് ഷൈനിന്റെ പ്രണയകഥ വീണ്ടും ചർച്ചയായത്. എന്നാൽ വിവാഹത്തിന്റെ പടിവാതിക്കൽ വരെ എത്തിയ പ്രണയം തകർന്നുവെന്നാണ് പുറത്ത് വന്നിരുന്ന വിവരം. ഷൈൻ തന്നെയാണ് താനും തനൂജയും ബ്രേക്കപ്പായ വിവരം പരസ്യപ്പെടുത്തിയത്.
എന്നാൽ പിരിയാനുള്ള യഥാർത്ഥ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. എന്നെക്കൊണ്ട് ഒരു റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് താൻ വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നുമാണ് പ്രണയം പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിക്കവെ ഷൈൻ ടോം ചാക്കോ പറഞ്ഞത്.
പിന്നാലെ ലഹരിക്കേസിൽ പേര് വന്നതോടെ നടൻ ഷെെൻ ടോം ചാക്കോയ്ക്ക് നേരെ വ്യാപക വിമർശനമാണ് ഉയർന്ന് വന്നത്. ലഹരി മുക്തിക്കായി ഡി അഡിക്ഷൻ സെന്ററിലായിരുന്നു ഷെെൻ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ഞങ്ങൾ നാടിനെ നശിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും നാശം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഞങ്ങൾക്ക് മാത്രമാണ്. എന്തെങ്കിലും ശരിയാക്കാനുണ്ടെങ്കിൽ അത് ഞാൻ തന്നെ ശരിയാകലാണ്. ഇനിയും ഇങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ല. അത് കൊണ്ടാണ് എന്നെ റീ ഹാബിലേക്ക് കൊണ്ട് പോകണം എന്ന് പറഞ്ഞത്.
അത് കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും കമന്റുകൾ കാണാം. കഞ്ചാവടിയൻ വന്നിട്ടുണ്ട്, പത്ത് ദിവസം കൊണ്ട് എവിടെയാണ് ട്രീറ്റ്മെന്റ് എന്നൊക്കെ. പുറത്ത് പോയാൽ ഇതാണുണ്ടാകുകയെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. ഭയങ്കര വരവേൽപ്പൊന്നും ലഭിക്കില്ല. ഈ വക കമന്റുകൾ ഇനിയും കേൾക്കാം. അപ്പോഴാെന്നും പ്രകോപിതനാകരുത്. നമ്മൾ മാറേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മൾ അറിഞ്ഞാൽ മതി.
എല്ലാവരെയും അറിയാക്കേണ്ട കാര്യമില്ല. അത് കൊണ്ട് ഡിപ്രസ്ഡ് ആകാനും പോകണ്ടെന്നും ഡോക്ടർ പറഞ്ഞു. മമ്മി എനിക്ക് വേണ്ടി ചാവറ മാട്രിമോണിയലിൽ കല്യാണം നോക്കി. ഡോക്ടർ എല്ലാം ഞാൻ നിർത്തുകയാണ്, പ്രേമിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോയെന്ന് ചോദിച്ചു. രണ്ട് മൂന്ന് മാസത്തേക്ക് പ്രേമം വേണ്ടേ വേണ്ടെന്ന് പറഞ്ഞു. ഞാൻ ഇമോഷണലി പെട്ടെന്ന് അറ്റാച്ച്ഡ് ആകുന്നയാളാണെന്നും ഷെെൻ ടോം ചാക്കോ പറയുന്നു.
താൻ കാരണം അച്ഛനും അമ്മയും സഹോദരങ്ങളും വിഷമിക്കുന്നത് കണ്ടതിനാൽ ലഹരി ഉപയോഗം നിർത്തുകയാണെന്നാണ് ഷെെൻ പറയുന്നത്. വലിയിൽ നിന്നും മറ്റും എനിക്ക് പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കൊണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുള്ള സ്വസ്ഥതയും കിട്ടുന്നില്ല. അവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വം ഇല്ലാതാകുന്നു. ന്യൂസിലന്റിൽ താമസിക്കുന്ന സഹോദരിമാരെയടക്കം ബാധിക്കുന്നു. മൊത്തം ബന്ധുക്കളെ ബാധിക്കുന്നു.
തന്റെ ഭാഗത്തെ തെറ്റുകൾ മനസിലാക്കുന്നെന്നും ഇതൊന്നും വേണ്ടെന്ന് തോന്നുന്നുണ്ടെന്നും ഷെെൻ ടോം ചാക്കോ പറയുന്നു. 2015 ജനുവരി 31ാം തിയതി എന്റെ പേരിൽ കൊക്കെയിൻ കേസുണ്ടായിരുന്നു. ഈയടുത്താണ് ഞാൻ നിരപരാധിയാണെന്ന് വിധി വന്നത്. പുലർച്ചെയാണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്റ്റേഷനിൽ കൊണ്ട് വരുന്നത്. എന്നെ മുകളിലിരുത്തി. താഴെ നിന്ന് ഡാഡി കരയുന്ന വിഷ്വൽ എനിക്ക് കിട്ടി.
ഡാഡി കരഞ്ഞ് ഞാൻ കണ്ടിരുന്നില്ല. ചാനലിലൂടെയാണ് വീട്ടുകാർ ഈ വിഷയം അറിയുന്നത്. അനുജൻ അന്ന് ബാഗ്ലൂരിൽ ജോലിക്ക് കയറിയ ദിവസമാണ്. ജോലി വേണ്ടെന്ന് വെച്ച് അവൻ കുടുംബത്തോടൊപ്പം നിന്നു. മമ്മിക്ക് കേസുമായി ബന്ധപ്പെട്ട് ഒരുപാട് പേർക്ക് ഉത്തരം കൊടുക്കേണ്ടി വന്നു. അല്ലെങ്കിലേ ചെറുപ്പം മുതൽ എന്നെക്കൊണ്ടുള്ള ബുദ്ധിമുട്ടുണ്ട്.
താൻ അറസ്റ്റിലായപ്പോൾ ഇനി ചായയും ഐസ്ക്രീമും കഴിക്കില്ലെന്ന് മമ്മി തീരുമാനിച്ചതാണ്. ഇനി ഞാൻ പുകവലിക്കില്ലെന്ന് പറഞ്ഞ് ഞാൻ വാർത്താ സമ്മേളനം നടത്തി. അന്ന് ഞാൻ ഫിസിക്കലി പറഞ്ഞതാണ്. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി. എന്റേതായ ദുശീലങ്ങൾ അതുമായി ബന്ധപ്പെട്ടുണ്ടായി.
ചുറ്റും വരുന്ന ആളുകളെ വിശ്വസിക്കരുതെന്ന് എപ്പോഴും ഇവർ പറയും. എന്നാൽ വിശ്വസിക്കുകയേ താൻ ചെയ്തിട്ടുള്ളൂയെന്ന് ഷെെൻ ടോം ചാക്കോ പറയുന്നു. കൂട്ടുകാരെപ്പോഴും കൂട്ടുകാരാണ്. അതിൽ മോശവുമില്ല. നല്ലതുമില്ല. താൻ എല്ലാവരെയും വിശ്വസിക്കുന്നയാളാണെന്നും ഷെെൻ ടോം ചാക്കോ പറയുന്നു.
ഷെെൻ ടോം ചാക്കോ, നടൻ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെയാണ് ഹെെബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്തത്. ഹെെബ്രിഡ് കഞ്ചാവ് ഇടപാടുമായി ഒരു ബന്ധവും ഇല്ലെന്ന് മൂവരും മൊഴി നൽകി. ഹെെബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താംഫിറ്റമിൻ ആണ് ഉപയോഗിക്കാറെന്നും ഷെെൻ എക്സെെസിനോട് പറഞ്ഞു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന തനിക്ക് ലഹരിയിൽ നിന്നും മോചനം വേണമെന്നും ഷെെൻ പറഞ്ഞിരുന്നു.
ഇതിനിടെ നടി വിൻസി അലോഷ്യസും ഷെെൻ ടോമിനെതിരെ പരാതി ഉന്നയിച്ചിരുന്നു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഷെെൻ മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം. ഫിലിം ചേംബറിനും അമ്മ സംഘടനയ്ക്കും നടി പരാതി നൽകി. സംഭവത്തിൽ ഷെെൻ നടിയോട് മാപ്പ് പറയുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരിക്കേസിൽ നടൻ ഷെെൻ ടോം ചാക്കോ അറസ്റ്റിലായത്. എൻഡിപിസി ആക്ട് 27, 29 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗിച്ചു, ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കൊച്ചി നഗരത്തിലെ പ്രധാന ഡ്രഗ് ഡീലറായ സജീറിനെ അറിയാമെന്ന് ചോദ്യം ചെയ്യലിൽ ഷെെൻ ടോം സമ്മതിച്ചു. ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് ഷെെൻ ടോം ചാക്കോയെ ചോദ്യം ചെയ്തത്. ഗുണ്ടകളാണെന്ന് കരുതിയാണ് ഇറങ്ങി ഓടിയതെന്ന് ഷെെൻ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞിരുന്നു.
ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തടിമാടൻമാരായ ചിലരെയാണ് കണ്ടത്. മസിലുള്ളവരെ കണ്ടപ്പോൾ പേടിച്ചു. പലരുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ശത്രുക്കൾ ഉള്ളതിനാൽ ഗുണ്ടകൾ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കരുതി. അത് കൊണ്ട് ഇറങ്ങി ഓടുകയായിരുന്നു. ചാടിയപ്പോൾ ഭയം തോന്നിയില്ല. ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ആ നേരത്തെ ചിന്തയെന്നും ഷെെൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു.
2015 ജനുവരു മാസത്തിലാണ് കൊക്കെയിൻ കേസിൽ ഷെെൻ ടോം ചാക്കോ അറസ്റ്റിലായത്. കലൂർ-കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ നിന്നും ഷെെനും സുഹൃത്തുക്കളായ ബ്ലെസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി, ടിൻസി ബാബു, സ്നേഹ ബാബു എന്നിവരെയും പിടികൂടി. ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും പത്ത് പാക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കേരളത്തിലെ ആദ്യ കൊക്കെയിൻ കേസാണിത്. മാസങ്ങളോളം ഷെെൻ ടോം ചാക്കോ ജയിലിൽ ആയിരുന്നു.
ഈയടുത്ത് ഈ കേസിൽ നിന്നും ഷെെൻ ടോമിനെ കുറ്റ വിമുക്തനാക്കി വിചാരണക്കോടതി വിധി വന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നും നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും വിചാരണക്കോടതി വിമർശിച്ചിരുന്നു. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും.
മലയാള സിനിമാ ലോകത്തെ വിമർശിച്ചാണ് സംവിധായകൻ വിനയൻ പ്രതികരിച്ചത്. ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്ന് ആ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്.
ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണുമെന്ന് വിനയൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. അതേസമയം വിൻസി അലോഷ്യസിന്റെ പരാതി ഗൂഢാലോചനയാണെന്നാണ് ഷെെൻ ടോം ചാക്കോ പറയുന്നത്. സെറ്റിൽ വിൻസിക്ക് തന്നോട് എതിർപ്പുകൾ ഉണ്ടായിരുന്നു. ആ എതിർപ്പാണ് ഇപ്പോൾ പരാതിക്ക് കാരണം. അതേസമയം വിൻസിയുമായി തനിക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും ഷെെൻ ടോം ചാക്കോ പ്രതികരിച്ചിരുന്നു.
അഭിമുഖങ്ങളിലെ പെരുമാറ്റവും സംസാരവും പരിധി വിട്ടപ്പോൾ ഷെെൻ ലഹരിക്കടിമയാണെന്ന് നേരത്തെ നിരവധി പേർ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം സെറ്റുകളിൽ ഷെെൻ പ്രശ്നക്കാരനല്ലെന്നാണ് സംവിധായകരും നിർമാതാക്കളും അന്ന് വാദിച്ചത്. അഭിമുഖങ്ങളിലേത് പോലെയല്ല സെറ്റിൽ ഷെെൻ, ഷൂട്ടിംഗിമായി സഹകരിക്കും, കൃത്യസമയത്ത് എത്തുമെന്നായിരുന്നു ഇവരുടെ വാദം. സഹപ്രവർത്തകരായ നടീ നടൻമാരും ആരോപണം ഉന്നയിച്ചിരുന്നില്ല.
ഷെെൻ മാപ്പ് പറഞ്ഞ ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാൻ വിൻസി തയ്യാറായില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട് പുതിയ അഭിമുഖത്തിലും വിൻസി സംസാരിക്കുന്നുണ്ട്. ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള വോയ്സ് എനിക്കുണ്ടോ എന്നറിയില്ല. നല്ല സിനിമയാണെങ്കിൽ എല്ലാവരും പോയി രണ്ട് ഏറ്റെടുക്കണം. ഒരാളുടെ വ്യക്തി ജീവിതവും പേഴ്സണൽ ജീവിതവും രണ്ടാണ്. രണ്ടും ബന്ധപ്പെടുത്തി സിനിമയുടെ ഭാവി ഇല്ലാതാക്കരുതെന്നും വിൻസി അലോഷ്യസ് പറഞ്ഞിരുന്നു.
വിവാദങ്ങൾ ഷെെൻ ടോം ചാക്കോയുടെ കരിയറിനെ ബാധിക്കില്ലെന്നും ശബ്ദമുയർത്തിയ വിൻസിക്കാണ് നഷ്ടം സംഭവിക്കുകയെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. അതേസമയം നടനെതിരെ പ്രതികരിച്ചതിൽ നിരവധി പേർ വിൻസി അലോഷ്യസിനെ അഭിനന്ദിച്ചു. ഡബ്ല്യുസിസി സംഘടനയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരും ഷെെൻ ടോം ചാക്കോയെ വിമർശിക്കുകയും ചെയ്തു.
