അഭിനയത്തിലൂടെ ഞാന്‍ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്, പക്ഷേ അതൊക്കെ ചേച്ചി കൊണ്ടുപോയി; ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം. ഇപ്പോഴിതാ തന്റെ സിനിമകൾ ഒന്നും കാണാറില്ലെന്ന് പറയുകയാണ് ഷക്കീല.
അതേസമയം, തമിഴകത്ത് വലിയ ആരാധക വൃന്ദമാണ് ഇന്ന് ഷക്കീലയ്ക്കുള്ളത്. ടെലിവിഷൻ പരിപാടികളിലൂടെയും മറ്റുമാണ് നടി സ്വീകാര്യത നേടിയെടുത്തത്. ഇപ്പോൾ മലയാളത്തിലും ടെലിവിഷൻ പരമ്പരയുടെ ഭാഗമാണ് താരം. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലാണ് ഷക്കീല അഭിനയിക്കുന്നത്. അതിനിടെ സ്റ്റാർ മാജിക് ഷോയിലും അതിഥിയായി എത്തിയിരിക്കുകയാണ് ഷക്കീല. തന്റെ ജീവിതത്തെ കുറിച്ചൊക്കെ ഷക്കീല ഷോയിൽ മനസുതുറക്കുന്നുണ്ട്.
വിക്കിപീഡിയയിൽ തന്നെക്കുറിച്ച് ഉള്ളതെല്ലാം തെറ്റാണെന്നാണ് ഷക്കീല പറയുന്നത്. തനിക്ക് സ്വന്തമായി വീടും ബിഎംഡബ്ലു കാറും ഉണ്ടെന്നാണ് അതില്‍ പറയുന്നത്. എന്നാൽ താൻ ഇപ്പോഴും വാടക വീട്ടിലാണ് താമസം. 40 വര്‍ഷമായി ആ ഒരു വീട്ടിൽ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. വാടകവീട് എവിടെ വേണമെങ്കിലും കിട്ടും. എന്നാല്‍ 40 വര്‍ഷമായി ഒരേ വീട്ടില്‍ തന്നെ താമസിക്കണമെങ്കില്‍ താൻ എത്ര കറക്റ്റാണെന്ന് അതില്‍ നിന്ന് തന്നെ മനസിലാക്കാവുന്നതല്ലേയെന്ന് ഷക്കീല ചോദിക്കുന്നു.
ദിവസം നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന കാലമുണ്ടായിരുന്നുവെന്ന് ഷക്കീല പറയുന്നു. അഭിനയത്തിലൂടെ ഞാന്‍ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ചേച്ചി കൊണ്ടുപോയി. വീട്ടില്‍ കാശ് വെച്ചാല്‍ ഇൻകം ടാക്‌സുക്കാർ വരും. താൻ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. സീറോയില്‍ നിന്നാണ് താൻ പിന്നെ തുടങ്ങിയതെന്ന് ഷക്കീല പറയുന്നു.
സമൂഹത്തെ താൻ നശിപ്പിച്ചു എന്ന തരത്തിലൊക്കെ ചിലര്‍ പറയാറുണ്ടെന്ന് നടി പറയുന്നു. ചെറുപ്പക്കാരോടൊന്നും എന്റെ സിനിമ കാണാന്‍ പറഞ്ഞിട്ടില്ല. 18 വയസിന് മുകളിലുള്ളവര്‍ കാണേണ്ടത് എന്ന് പറഞ്ഞാല്‍ അത് അങ്ങനെ തന്നെയല്ലേ, നിങ്ങളെന്തിനാണ് അത് തെറ്റിച്ചത്. അതില്‍ നിങ്ങളാണ് തെറ്റ് ചെയ്തതെന്നാണ് ഷക്കീല അവർക്ക് നൽകുന്ന മറുപടി.മഞ്ജു വാര്യര്‍ താനിക്ക് ഏറെ പ്രിയപ്പെട്ട നടിയാണെന്നും സിനിമകൾ കാണാറുണ്ടെന്നും ഷക്കീല പറഞ്ഞു. മോഹൻലാലിനെ കുറിച്ചോർക്കുമ്പോൾ ഛോട്ടാ മുംബൈയിൽ അഭിനയിച്ചതാണ് ഓർമ്മവരുക എന്നാണ് നടി പറഞ്ഞത്. അതേസമയം ഇപ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഷക്കീല പറയുന്നു
അന്ന് എഴുതിയപ്പോള്‍ തോറ്റുപോയിരുന്നു. ആറോളം സ്‌കൂളില്‍ ഞാന്‍ പഠിച്ചിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് നന്നായി സംസരിക്കാന്‍ അറിയാം. അമ്മ തെലുങ്കാണ് സംസാരിക്കുന്നത്. അപ്പ ഉറുദുവാണ് പറയുന്നത്. ചെന്നൈയില്‍ ജനിച്ച് വളര്‍ന്നതിനാല്‍ തമിഴും അറിയാം. മലയാള സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് മലയാളം പഠിച്ചതെന്ന് നടി പറഞ്ഞു.
കേരളത്തിലെ ഭക്ഷണമൊക്കെ ഇഷ്ടമാണ്. കഞ്ഞിയും ചമ്മന്തിയും പയറും എപ്പോള്‍ കിട്ടിയാലും കഴിക്കും. മലയാളികളോടെല്ലാം എന്നും സ്‌നേഹമാണ്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സിനിമയാണ് കിന്നാരത്തുമ്പികൾ. ഇപ്പോൾ സുരഭിയും സുഹാസിനിയും പരമ്പരയിൽ ഊര്‍മ്മിള എന്ന കഥാപാത്രം ചെയ്യുന്നുണ്ട്. അതും ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ സന്തോഷമുണ്ടെന്നും ഷക്കീല സ്റ്റാർ മാജിക് വേദിയിൽ പറഞ്ഞു.
