Malayalam
വീണ്ടും വരാമെന്ന് പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല, ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു; സീമ ജി നായർ
വീണ്ടും വരാമെന്ന് പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല, ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു; സീമ ജി നായർ
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ. കഴിഞ്ഞ മാസമാണ് വിഷ്ണു പ്രസാദിന്റെ രോഗാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയത്. കരൾ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിഷ്ണു പ്രസാദ്.
മുൻപ് വിഷ്ണു പ്രസാദിന് സുഖമില്ലെന്നും അദ്ദേഹത്തിനെ സാമ്പത്തികമായി സഹായിക്കണമെന്ന ആവശ്യവുമായിട്ടും കിഷോർ അടക്കമുള്ള താരങ്ങൾ എത്തിയിരുന്നു. കരൾ സംബന്ധമായ അസുഖം ഗുരുതരമായതിനെ തുടർന്ന് ജീവന് പോലും ഭീഷണിയായ അവസ്ഥയിലൂടെയായിരുന്നു നടൻ കടന്ന് പോയി കൊണ്ടിരുന്നത്. കരൾ മാറ്റി വെക്കലല്ലാതെ മറ്റൊരു മാർഗവും ഇല്ലായിരുന്നു. അങ്ങനെ കരൾ കൊടുക്കാൻ സന്നദ്ധയാണെന്ന് നടന്റെ മകളും പറഞ്ഞിരുന്നു.
എന്നാൽ ഈ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങൾ വേണ്ടി വരുമായിരുന്നു. അത് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. എന്നാൽ ശസ്ത്രക്രിയ നടക്കുന്നതിന് മുമ്പ് തന്നെ മരണം വിഷ്ണു പ്രസാദിനെ തേടിയെത്തുകയായിരുന്നു. നടനും സുഹൃത്തുമായ കിഷോർ സത്യയാണ് മരണ വിവരം അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കിഷോർ സത്യ വിഷ്ണു പ്രസാദിന്റെ മരണ വിവരം അറിയിക്കുന്നത്.
‘പ്രിയപ്പെട്ടവരേ, ഒരു സങ്കട വാർത്ത. വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ. അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു’ എന്നാണ് കിഷോർ സത്യ കുറിച്ചത്.
നേരത്തെ നടൻറെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സത്യ പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു.സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ കുറച്ചുദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.
നിരവധി സീരിയലുകളിലും സിനിമകളിലും വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. സീരിയലിലും വില്ലൻ വേഷങ്ങൾ ഉൾപ്പെടെ ചെയ്തിട്ടുണ്ട്. അഭിരാമി, അനനിക എന്നിവരാണ് മക്കൾ.
നടന്റെ വിയോഗമറിഞ്ഞ് സിനിമാ, സീരിയൽ രംഗത്ത് നിന്നുള്ള പ്രമുഖരടക്കം ആദരാജ്ഞലികൾ നേർന്ന് കൊണ്ട് എത്തുകയാണിപ്പോൾ. ആ കൂട്ടത്തിൽ നടിയും സാമൂഹ്യപ്രവർത്തകയുമായ സീമ ജി നായരുമുണ്ട്. വിഷ്ണുവിനെ അവസാനമായി ഹോസ്പിറ്റലിൽ പോയി കണ്ടതും അവിടെ നടന്നതുമായ സംഭവങ്ങളെ കുറിച്ചായിരുന്നു സീമ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.
‘വിഷ്ണു പ്രസാദ് വിട പറഞ്ഞു. എത്രയോ വർഷത്തെ ബന്ധം. എന്റെ അപ്പൂ 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം. ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയൽ ഗോകുലത്തിൽ എന്റെ ബ്രദർ ആയി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം. അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി. കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു.
ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു. പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്ന്. കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും. കരൾ പകുത്തു നൽകാൻ തയ്യാറായ മകളെയും കണ്ടു. വീണ്ടും വരാമെന്ന് പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല.
ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ ഭാര്യ കവിതയെ വിളിച്ചു സത്യം ആണോന്നറിയാൻ. അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി. പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി. മറ്റന്നാൾ ആയിരിക്കും അടക്കം. എനിക്കാണെങ്കിൽ ഇന്നും, നാളെയും വർക്കും. അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു… വിഷ്ണു വിട!’ എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നടി എന്നതിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയുമാണ് സീമ ജി നായർ. അന്തരിച്ച നടി ശരണ്യക്ക് വേണ്ടി സീമ ജി നായർ ചെയ്ത് കൊടുത്ത സഹായങ്ങൾ ജനങ്ങൾ കണ്ടതാണ്. അവസാന ഘട്ടം വരെയും ശരണ്യയെ ചേർത്ത് പിടിച്ച് കൊണ്ട് സീമ ജി നായർ ഒപ്പമുണ്ടായിരുന്നു.
2002 ൽ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയാണ് വിഷ്ണു പ്രസാദ് അഭിനയരംഗത്തേയ്ക്ക് കടന്ന് വരുന്നത്…. ദിലീപ്-കാവ്യ മാധവൻ പ്രധാന വേഷത്തിലെത്തിയ റൺവേയിലെ ചിന്നാടൻ വർക്കിയുടെ മകൻ ബേബി, മോഹൻലാലിന്റെ മാമ്പഴക്കാലത്തിലെ പുരമനയിൽ ചന്ദ്രന്റെ സഹോദരൻ സേതു,
രസികനിലെ കരിഷ്മയുടെ ഭർത്താവ് അഖിലേഷ് നായർ, ലോകനാഥൻ IAS ലെ സംസ്ഥാന മന്ത്രി ദിവാകരന്റെ മകൻ, ബെൻ ജോൺസണിലെ ഉണ്ണിത്താൻ, ലയണിലെ പോലീസ് ഇൻസ്പെക്ടർ എന്നീ കഥാപാത്രങ്ങൾ മറക്കാൻ കഴിയില്ല.. സീരിയൽ രംഗത്തും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു…. ആകാശദൂതിലെ അഡ്വക്കേറ്റ്. നന്ദഗോപാലിന്റെ സഹോദരൻ ബാലഗോപാൽ, വൃന്ദാവനത്തിലെ അഡ്വക്കേറ്റ്. വിഷ്ണുവർദ്ധൻ, എന്റെ മാതാവിലെ ജോൺസൺ എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ്, അമർഷാൻ എന്നയാൾ പങ്കുവെച്ചൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷ്ണുപ്രസാദിന് വേണ്ടി ചികിത്സാ സഹായം തേടി സുഹൃത്തുക്കൾ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ഈ കുറിപ്പും ശ്രദ്ധ നേടിയിരുന്നത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയായിരുന്നു;
മലയാള സിനിമാ, സീരിയൽ താരം വിഷ്ണു പ്രസാദ് ലിവർ രോഗം ബാധിച്ചു വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ സർജറിക്കു പണം കണ്ടെത്താൻ സാധിക്കാതെ വല്ലാത്ത പ്രയാസത്തിലാണ്…!! കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ഭാര്യ നമ്മളെ ബന്ധപ്പെട്ടിരുന്നു അവരുടെ വാക്കുകൾ വലിയ മാനസിക പ്രയാസം ഉണ്ടാക്കി.
ലിവർ നൽകാൻ മകൾ തയ്യാറാണ്. സർജറി നടക്കാത്ത അവസ്ഥയിലാണ്. നമ്മളെ ഒന്ന് സഹായിക്കണം എന്ന് പറഞ്ഞപ്പോൾ..!! നമുക്ക് പരിശ്രമിക്കാം എന്ന് വാക്ക് നൽകി. ഇന്നുവരെ ഏറ്റെടുത്ത ഒരു കാര്യവും പടച്ചവന്റെ അനുഗ്രഹത്താൽ പരാജയപ്പെട്ടിട്ടില്ല. ഇതും പരാജയപ്പെടില്ല.. പൈസ ഇല്ലാത്തതിന്റെ പേരിൽ മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ ചികിത്സ മുടങ്ങാൻ പാടില്ല.
പൈസ ഇല്ലാത്തതിന്റെ പേരിൽ നമ്മുടെ പ്രിയപ്പെട്ട താരം മരണത്തിലേക്ക് പോകാൻ നമ്മൾ അനുവദിച്ചു കൂടാ…!! ഒരു ചാരിറ്റി വീഡിയോ ചെയ്യാതെ തന്നെ അക്കൗണ്ട് കാര്യങ്ങൾ സെറ്റ് ആക്കി ഒരു പോസ്റ്റർ തയ്യാറാക്കി നമ്മുടെ നേതൃത്വത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ഇഷ്ട്ട താരത്തിന്റെ ജീവൻ രക്ഷിക്കാനുള്ള സഹായ, സമഹരണത്തിന് ഇറങ്ങുകയാണ്…!!
മുന്പും പോസ്റ്റർ മാത്രം ഇട്ടുകൊണ്ട് ഒരുപാട് ജീവനുകൾ തിരിച്ചു കൊണ്ടുവരാൻ നമുക്ക് സാധിച്ചിട്ടുണ്ട്. 50 ലക്ഷം സമാഹരിച്ചും, 40 ലക്ഷം സമാഹരിച്ചും എല്ലാം. ഒരു ജീവൻ രക്ഷിക്കാൻ ചാരിറ്റി വീഡിയോ ചെയിതാൽ മാത്രമേ സാധിക്കുകയുള്ളു എന്ന് ഒരിക്കലും കരുതരുത്. അത് നമ്മൾ മുൻപ് എത്രയോ വട്ടം തെളീച്ചതാണ്…!!
വീഡിയോ ചെയ്യാൻ പ്രയാസം ഉള്ളവർക്കും ചികിത്സ മുടങ്ങാൻ പാടില്ല. അവരെ നമ്മൾ പ്രാർത്ഥനയോടെ ഏറ്റെടുത്താൽ പടച്ചവന്റെ കാരുണ്യത്താൽ എല്ലാം എളുപ്പത്തിൽ പൂർത്തിയാകാൻ സാധിക്കും..!! അമർഷാൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലയാളികളുടെ ഇഷ്ട്ട താരത്തിന്റെ ജീവൻ രക്ഷിക്കാൻ ഒരു വലിയ പരിശ്രമം നടത്താൻ പോകുകയാണ് എല്ലാവരും പ്രാർഥനയോടെ കൂടെ ഉണ്ടാവണം… എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.
എന്നാൽ എല്ലാ സഹായങ്ങളും കിട്ടും മുമ്പ് തന്നെ വിഷ്ണു പ്രസാദ് വിട പറഞ്ഞത് ഏവരെയും കണ്ണീരിലാഴുത്തുകയാണ്. മലയാള സിനിമ- സീരിയലിൽ ഇനിയും ഒരു പിടി നല്ല വേഷങ്ങൾ ചെയ്യാനിരിക്കെ അപ്രതീക്ഷിതമായി കലാ കേരളത്തോട് പറഞ്ഞ നടൻ വിഷ്ണുപ്രസാദിന് ഏറെ ആദരവോടെ ശതകോടി പ്രണാമം.
ഏതോ ഒരു സീരിയൽ, വിഷ്ണു അഭിനയിച്ച ആ സീരിയൽ ഞാൻ അവസാനം എപ്പിസോഡ് വരെ കണ്ടിട്ടുണ്ട് മുടങ്ങാതെ.. അന്ന് തൊട്ട് ഇഷ്ടപ്പെടാൻ തുടങ്ങിയതാണ്… വില്ലനെയും നായകവേഷത്തേയും…ഉത് വളരെ അപ്രതീക്ഷിത മരണമായിപ്പോയി, സഹായ വാർത്തകൾ കണ്ടപ്പോഴും രക്ഷപ്പെടുമെന്ന് കരുതി, ദൈവത്തോട് പ്രാർത്ഥിച്ചു പക്ഷേ… മരണം കവർന്നെടുത്തു. ഏറെ വേദനയോടെ ആദരാഞ്ജലികൾ എന്നെല്ലാം ചിലർ കമന്റായി രേഖപ്പെടുത്തുണ്ട്.
