featured
‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്
‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, മലയാളത്തിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമായുടെ നിർമാതാക്കളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന് വന്നത്. ഇന്ന് ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു.
എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ ഏഴ് കോടി തട്ടിയെന്ന അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി.
അതേസമയം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സൗബിനും പിതാവ് ബാബു ഷാഹിറുമടക്കമുള്ള നിര്‍മാതാക്കള്‍ മരട് പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നാലെ ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. കേസുമായി ബന്ധപ്പെട്ട് സഹനിര്‍മാതാക്കളേയും ചോദ്യം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ തുടര്‍ന്നും വിളിപ്പിക്കും എന്ന് അറിയിച്ചാണ് പൊലീസ് സൗബിനേയും മറ്റു നിര്‍മാതാക്കളേയും വിട്ടയച്ചതെന്നാണ് വിവരം. അതേസമയം എല്ലാം കൃത്യമായി തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സൗബിൻ പ്രതികരിച്ചു.
നേരത്തെ തന്നെ കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് പറവ ഫിലിംസ് പാർട്ണർമാരായ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും മരട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിർദേശം. പിന്നാലെയായിരുന്നു പൊലീസ് മൂവർക്കും നോട്ടീസ് അയച്ചത്.
സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നാണ് സിറാജ് വലിയതറയുടെ പരാതി. സിനിമയുടെ നിർമാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയിൽനിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
എന്നാൽ ഇയാൾ വാഗ്ദാനം നൽകിയ പണം കൃത്യസമയത്ത് നൽകിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിർമാതാക്കൾ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിർമാതാക്കൾ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നൽകാത്തതെന്നാണ് നിർമാതാക്കളുടെ വാദം. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
