Malayalam
കുറ്റം തെളിഞ്ഞിട്ടില്ലല്ലോ, അങ്ങനെ ആരെയും അല്ലാതെ ഒറ്റപ്പെടുത്തരുത്, തിരിച്ചുവരാൻ ദിലീപേട്ടൻ എങ്ങും പോയിട്ടില്ല; നടിയും നർത്തകിയുമായ സാരംഗി ശ്യാം
കുറ്റം തെളിഞ്ഞിട്ടില്ലല്ലോ, അങ്ങനെ ആരെയും അല്ലാതെ ഒറ്റപ്പെടുത്തരുത്, തിരിച്ചുവരാൻ ദിലീപേട്ടൻ എങ്ങും പോയിട്ടില്ല; നടിയും നർത്തകിയുമായ സാരംഗി ശ്യാം
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രമായി ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. 2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല.
ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ദിലീപ്.
ഇതിന് പിന്നാലെ ദിലീപ് ചിത്രത്തിന് ഒട്ടേറെ ഡീഗ്രേഡിംഗ് നേരിടേണ്ടി വന്നിരുന്നു. പല റിവ്യൂവർമാരും ചിത്രത്തിന് മോശം അഭിപ്രായമാണ് പങ്കുവച്ചത്. സ്ഥിരം ദിലീപ് ചിത്രങ്ങളുടെ പാറ്റേൺ ആണ് പ്രിൻസിലും പിന്തുടരുന്നതെന്നും ദിലീപിന്റ കോമഡികൾ ഒന്നും ഏശുന്നില്ലെന്നുമായിരുന്നു വിമർശനം. എന്നാൽ തിയേറ്റർ ഹൗസ് ഫുൾ ആയി ആണ് ഓടുന്നതെന്നും അഡീഷണൽ ഷോ വരെ ഇടേണ്ടി വന്നിരുന്നുവെന്നും പല തിയേറ്റർ ഉടമകളും പറഞ്ഞിരുന്നു.
ഇപ്പോഴിതാ ദിലീപ് ചിത്രമായ പ്രിൻസ് ആൻഡ് ദി ഫാമിലിയ്ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ യുവനടിയും നർത്തകിയുമായ സാരംഗി ശ്യാം. സാരംഗി നായികയായി എത്തുന്ന യുകെഒകെ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലാണ് ഇപ്പോഴത്തെ വിവാദങ്ങളിലും ദിലീപിനെതിരായ ഡിഗ്രേഡിംഗിലും ഒക്കെ സാരംഗി തന്റെ അഭിപ്രായം പങ്കുവച്ചത്.
ദിലീപിനെതിരായ ഡിഗ്രേഡിംഗ് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും കുറ്റം തെളിയിക്കപ്പെട്ടാത്ത സാഹചര്യത്തിൽ എന്തിനാണ് ഇത്രയും അകറ്റിനിർത്തലെന്നും സാരംഗി ചോദിച്ചു. തന്റെ പുതിയ സിനിമയെ കുറിച്ചും നടി മനസ് തുറക്കുന്നുണ്ട്. യുകെഒകെ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയൊരു കാര്യമാണ്. അതുകൊണ്ട് തന്നെയാണ് അതിന്റെ പ്രമോഷൻ പരിപാടികളിൽ ഒക്കെ ഇത്രയധികം സജീവമാകുന്നതും എനർജറ്റിക് ആയി നിൽക്കുന്നതും. പിന്നെ ഒരു ഡാൻസർ ആയത് കൊണ്ട് തന്നെ ഏത് സ്‌റ്റേജിലും അവർ ഡാൻസ് കളിയ്ക്കാൻ ആവശ്യപ്പെട്ടാൽ അപ്പൊ കേറി ഞാൻ അങ്ങ് കളിക്കും, അത്രയേ ഉള്ളൂ.
തീർച്ചയായിട്ടും ഞാനൊരു ദിലീപേട്ടൻ ഫാൻ തന്നെയാണ്. കുഞ്ഞിലേ മുതൽ ഞാൻ ഭയങ്കര മീശ മാധവൻ ഫാനാണ്. ദിലീപേട്ടനെ അനാവശ്യമായി ഡിഗ്രേഡ് ചെയ്യുമ്പോൾ വിഷമം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് പറയാനുള്ളത് കുറ്റം തെളിഞ്ഞിട്ടില്ലല്ലോ, അങ്ങനെ ആരെയും അല്ലാതെ ഒറ്റപ്പെടുത്തരുത്.
സിനിമ വർക്ക് ആയില്ലെങ്കിൽ ഓഡിയൻസിന് ഉറപ്പായിട്ടും വിമർശിക്കാം. എന്തായാലും നല്ലൊരു പെർഫോമൻസിലൂടെ തിരിച്ചുവരും എന്നുള്ളത് സത്യമാണ്, ശരിക്കും പറഞ്ഞാൽ തിരിച്ചുവരാൻ ദിലീപേട്ടൻ എങ്ങും പോയിട്ടില്ല. പുള്ളിക്കാരൻ ഇതുപോലെ തന്നെ തരംഗം തീർക്കുമെന്ന് എനിക്കറിയാം. ദിലീപേട്ടന്റെ സിനിമകൾ ഇനിയും വരും, അത് ഓഡിയൻസ് സ്വീകരിക്കുകയും ചെയ്യും.
ആ ഒരു പ്രതീക്ഷയിലാണ് ഞാനും. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ടിരുന്നു. ദിലീപേട്ടൻ എങ്ങും പോയില്ലല്ലോ. പ്രിൻസ് ആൻഡ് ഫാമിലി കണ്ടതിന്റെ പിറ്റേന്ന് തന്നെ ഞാൻ ദിലീപേട്ടൻ പോയി കണ്ടിരുന്നു. അതിന്റെ സന്തോഷം നേരിട്ട് തന്നെ പറയാൻ കഴിഞ്ഞു; സാരംഗി ശ്യാം യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പറഞ്ഞു.
അതേസമയം, മെയ് 23-നാണ് അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള’ തീയേറ്ററുകളിലെത്തുന്നത്. സാരംഗി ശ്യാമിനൊപ്പം രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, അൽഫോൺസ് പുത്രൻ, മീര വാസുദേവ്, മഞ്ജു പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പികെ, അലക്‌സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് യുകെഒകെ നിർമ്മിക്കുന്നത്. നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാലിന്റെ ‘തുടരും’, ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലി എന്നിവയാണ് പ്രധാനമായും ചിത്രത്തിന് വെല്ലുവിളിയാവുന്നത്.
അടുത്തിടെ നടൻ ഉണ്ണി ശിവപാലും ദിലീപ് ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിംങിനെതിരെ രംഗത്തെത്തിയിരുന്നു. എന്തിനാണ് മികച്ചൊരു സിനിമയ്ക്കെതിരെ ഇത്തരത്തിൽ പ്രൊപ്പഗാണ്ട നടത്തുന്നതെന്നാണ് നടൻ ചോദികുന്നത്. യാദൃശ്ചികമായാണ് താൻ സിനിമ കണ്ടതെന്നും ചിത്രം വളരെ മനോഹരമാണെന്നും ഉണ്ണി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
ഞാൻ പല പ്രാവശ്യം ആലോചിച്ചിട്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിൽ പല സിനിമ റിവ്യൂസും കണ്ടിട്ടുണ്ട്. അത് കുഴപ്പമാണെന്നല്ല. അങ്ങനെ കണ്ടിട്ട് ഇത് കൊള്ളത്തില്ല എന്ന് തീരുമാനിക്കുകയും അതേസമയം നമ്മുടെ നിർമ്മാതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലിബർട്ടി ബഷീർക്ക് പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് കണ്ടിട്ടാണ് .എൻറെ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയത്. സത്യം പറയാലോ നാണം തോന്നുകയാണ്, ആരോടാണെന്ന് അറിയുമോ? ഈ സോഷ്യൽ മീഡിയയിൽ റിവ്യൂ ചെയ്യുന്നവർ സിനിമയെ കീറി മുറിക്കുകയാണ്. മുറിച്ചോട്ടെ അതൊക്കെ അവരുടെ താത്പര്യം.
നാണക്കേട് നിങ്ങൾക്ക് തന്നെയാണ്. കൃത്യമായി സത്യസന്ധമായി ഏത് സിനിമയെക്കുറിച്ചും നിങ്ങൾക്ക് അവലോകനം ചെയ്യാം. പക്ഷേ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എന്തിനാണ് സ്വന്തം തലയിൽ ചളി വാരിത്തേക്കുന്നത് എന്നാണ് ചോദിക്കാനുള്ളത്. പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമയെ കുറിച്ചാണ് ഞാൻ പറയുന്നത്. യാദൃശ്ചികമായാണ് ഞാൻ സിനമ കാണുന്നത്. റിവ്യൂ കേട്ട് ആ സിനിമ കാണണ്ട എന്ന് ഞാൻ തീരുമാനിച്ചതാണ്. പക്ഷെ യാദൃശ്ചികമായി കണ്ടു. ഒരു ആധികാരികതയും ഇല്ലാതെ ആ സിനിമയ്ക്കെതിരെ ഒറ്റടിക്ക് അടിക്കുകയാണ്, അതിൻറെ ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ. വളരെ നല്ലൊരു കുടുംബ ചിത്രമാണ് പ്രിൻസ് ആന്റ് ദി ഫാമിലി. ദിലീപ് തിരിച്ചുവന്നു എന്ന് തന്നെ പറയാം.
നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും അഭിമാനിക്കാം. സംവിധായകനും തിരക്കഥാകൃത്തിനും ഒക്കെ അഭിമാനിക്കാനുന്നതാണ് സിനിമ. നടിയുടെ പ്രകടനമൊക്കെ എടുത്തുപറയേണ്ടതാണ്. മനോഹരമായ ഒരു ചിത്രം തന്നെയാണ്. മനസ് അറിയുന്ന തമാശകളാണ്. ഒരു സങ്കോചവുമില്ലാതെ സിനിമ പോയി കാണാം. ഒന്നും പേടിക്കേണ്ട, സിനിമ ഹിറ്റായി മാറും എന്ന കാര്യത്തിൽ സംശയമില്ല. പാപ്പരാസികളുടെ കണ്ണ് പൊട്ടുന്ന രീതിയിൽ സിനിമ വിജയിക്കട്ടെ. റിവ്യൂവേഴ്സിനോട് പറയാനുള്ള എന്തിനാണ് . സിനിമയെ ആവശ്യമില്ലാതെ കരിവാരി തേക്കുന്നത് മറ്റേടത്ത് പോയി പറഞ്ഞാൽ മതി എന്നുമാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.
അതേസമയം, സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.
സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു.
ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല.
സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും.
നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്. അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്.
പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. ജീവിതത്തിൽ പല പരാജയങ്ങളും നേരിട്ടു, ഇനി ഇല്ല എന്ന് കരുതിയിടത്തു നിന്നും ദൈവം കൈ പിടിച്ചുയർത്തിയ മുഹൂർത്തങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിൽ ഒരാളാണ് ഞാൻ എന്ന് എനിക്ക് പറയാൻ സാധിക്കും. ഓരോ ആപൽ ഘട്ടത്തിലും ദൈവം വന്ന് കൈ തന്നിട്ടുണ്ട്. ദൈവം വന്ന് കൈ തരുന്നത് എനിക്ക് കണക്ടാവുന്നത് പ്രേക്ഷകരിലൂടെയാണ്. ആ രൂപത്തിലാണ് വരുന്നതെന്നും നടൻ പറഞ്ഞിരുന്നു.
