Malayalam
സംഗീത് ശിവന് അനുശോചനം അറിയിച്ച് മഞ്ജു വാര്യര്‍
സംഗീത് ശിവന് അനുശോചനം അറിയിച്ച് മഞ്ജു വാര്യര്‍
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സംവിധായകന് സംഗീത് ശിവന് അന്തരിച്ചത്. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്. മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. സംസ്കാരം ഇന്ന് മുബൈയില്‍ നടക്കും. സംഗീതിന്റെ വിയോഗ വാര്‍ത്ത കേട്ട ഞെട്ടിലിലാണ് മലയാള സിനിമാലോകം. നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ മഞ്ജു വാര്യരും അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മഞ്ജു അനുശോചനം അറിയിച്ചത്. മോഹന്‍ലാലും അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു.സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവന്, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരന് കൂടിയായിരുന്നു.
യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസില്‍ ആഴത്തില്‍ പതിഞ്ഞത്, അവയുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓര്‍ക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.
1990ലാണ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നത്. വ്യൂഹം എന്ന ചിത്രത്തിനുവേണ്ടിയായിരുന്നുവത്. പിന്നീട് യോദ്ധ, നിര്‍ണയം, ഗാന്ധര്‍വം, ഡാഡി, ജോണി, സ്നേഹപൂര്‍വം അന്ന എന്നീ മലയാളസിനിമകളും ഏഴ് ബോളിവുഡ് സിനിമകളും സംവിധാനം ചെയ്തു. അതില്‍ ജോണി എന്ന സിനിമയ്ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. യോദ്ധയാണ് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവാകുന്ന സിനിമ. റിലീസായപ്പോള്‍ അത്ര ഹിറ്റായില്ലെങ്കിലും, പിന്നീട് ടി.വി.പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു. അരശുംമൂട്ടില്‍ അപ്പൂട്ടനും തൈപ്പറമ്പില്‍ അശോകനും ദമയന്തിയും മനസ്സിലിടം പിടിച്ചു.
മലയാളത്തിന് അത്ര കേട്ടുപരിചയമില്ലാത്ത ബുദ്ധിസത്തിനൊപ്പം ബ്ലാക്ക് മാജിക്, നന്മതിന്മ പോരാട്ടം, ഹാസ്യം, ആക്ഷന്‍, സംഗീതം എന്നിവയെല്ലാം വേണ്ടവിധത്തില്‍ ചേര്‍ത്താണ് യോദ്ധ ഒരുക്കിയത്. ഡാഡി, ഗാന്ധര്‍വം, ജോണി, നിര്‍ണയം, സ്നേഹപൂര്‍വം അന്ന എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് മലയാള ചിത്രങ്ങള്‍. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനാണ്.
ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്, സഞ്ജീവ് ശിവന് എന്നിവര്‍ സഹോദരങ്ങളാണ്. പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് കലാരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ കാലത്ത് ഡോക്യുമെന്ററികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംഗീത് ശിവന് യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.
സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് സംഗീത് ശിവന് മടങ്ങുന്നത്. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നിവയാണ് മറ്റ് ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
2023 ല്‍ മലയാളത്തിലെ അത്ഭുത ഹിറ്റായ ചിത്രമാണ് ‘രോമാഞ്ചം’. ഇതിന്റെ ഹിന്ദി പതിപ്പായിരുന്നു അന്തരിച്ച സംവിധായകന് സംഗീത് ശിവന് അവസാനമായി ഒരുക്കിക്കൊണ്ടിരുന്നത്. ‘കപ്കപി’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇറങ്ങിയത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നുവെന്നാണ് വിവരം. എന്തായാലും ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കാതെയാണ് സംഗീത് ശിവന് വിടവാങ്ങിയത്.
ബ്രാവോ എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മെഹക്ക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്.
