Bollywood
ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ല; സൽമാൻ ഖാൻ
ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ല; സൽമാൻ ഖാൻ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ലെന്നാണ് സൽമാൻ ഖാൻ പറയുന്നത്.
ആഴ്ചയില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ദക്ഷിണേന്ത്യയില്‍ റിലീസ് ചെയ്യുന്നുണ്ടെന്നും എന്നാല്‍, അതെല്ലാം മികച്ച വിജയം നേടുന്നില്ലെന്നും നടന്‍ പറഞ്ഞു. ഒരു നടനെന്നനിലയില്‍ പൃഥ്വിരാജിനെ എനിക്ക് ഇഷ്ടമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുമ്പോള്‍ അത് മികച്ച ചിത്രമാകുമെന്ന് എനിക്കറിയാം.
സിക്കന്ദറിന് ശേഷം ജാട്ടും വരുന്നുണ്ട്. എല്ലാവരും നല്ലരീതിയില്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും എനിക്കറിയാം. എന്റെ കണ്‍മുന്നിലായിരുന്നു അവരുടെ വളര്‍ച്ച. ഞാന്‍ നടനായി എത്തി ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷമാണ് അവരെല്ലാം സിനിമ ചെയ്തുതുടങ്ങിയത്.
ഒട്ടേറെ ദക്ഷിണേന്ത്യന്‍ നടന്മാര്‍ക്കൊപ്പം ഞാന്‍ ജോലിചെയ്തിട്ടുണ്ട്. എന്റെ തലമുറയിലെ ഹിന്ദി നടന്മാരില്‍ ദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആദ്യ നടനും ഞാനാണ്. ഒരുസമയത്ത് നാലോ അഞ്ചോ ദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും നടൻ പറഞ്ഞു.
ഈദ് റിലീസായി മാര്‍ച്ച് 30-നാണ് സല്‍മാന്‍ ഖാന്‍ നായകനായ ‘സിക്കന്ദര്‍’ തിയേറ്ററുകളിലെത്തുന്നത്. എ.ആര്‍. മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം. രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, സത്യരാജ്, ഷര്‍മാന്‍ ജോഷി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 2023-ല്‍ റിലീസായ ‘ടൈഗര്‍ 3’-യാണ് സല്‍മാന്‍ ഖാന്‍ നായകനായി പുറത്തെത്തിയ അവസാന ചിത്രം.
