Social Media
എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കുന്നതിൽ സന്തോഷം, പക്ഷേ ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല; സലിം കുമാർ
എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കുന്നതിൽ സന്തോഷം, പക്ഷേ ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല; സലിം കുമാർ
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ നടൻ സുരേഷ് ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
എനിക്ക് സഹോദര തുല്യനായ ശ്രീ: സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാൻ നിങ്ങൾ അറിയിക്കുകയാണ് .പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട് അതിൽ വളരെ സന്തോഷവും ഉണ്ട് എന്നാൽ ഇത്തരത്തിൽ വ്യ ക്തിഹ ത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു എന്നുമാണ് സലീം കുമാർ പറഞ്ഞത്.
രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ”, എന്നാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ സലീം കുമാർ കുറിച്ചിരുന്നത്.
അതേസമയം, മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം.
ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാർ. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് സലിംകുമാറിന്റെ അഭിനയശേഷി പ്രശംസിക്കപ്പെട്ട് തുടങ്ങിയത്.
ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരം സലിംകുമാറിന് ലഭിച്ചിട്ടുണ്ട്. പിന്നീട് ആദമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
