News
ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്, പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് മാറ്റിവെച്ചു
ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്, പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് മാറ്റിവെച്ചു
കെ.ജി.എഫ് രണ്ടാംഭാഗത്തിന്റെ വന്‍വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ പ്രഭാസിന്റെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സലാര്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എനന്ുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ചിത്രത്തിന്റെ ഒന്നാംഭാഗം ‘സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍’ സെപ്തംബര്‍ 28ന് റിലീസാകുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ റിലീസ് തീയതി മാറ്റിയതായി നിര്‍മാതാക്കള്‍ ചിത്രമായ നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ‘സലാറിന് നിങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ ഒറിജിനല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്.
ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നല്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവേ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി’; സലാര്‍ ഉടന്‍ എത്തും എന്ന ഹാഷ് ടാഗിനൊപ്പമാണ് ഹൊംബാലെ ഫിലിംസിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്.
കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസ് ആണ് സലാറിന്റെ നിര്‍മ്മാതാക്കള്‍. ഭുവന് ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ തിയേറ്ററുകളില്‍ എത്തിക്കുന്നത്.
