Malayalam
പുള്ളിയുടെ അവസ്ഥയിൽ നമ്മളൊക്കെ ആയിരുന്നെങ്കിൽ എന്തൊക്കെ കാണിക്കും, ഒരു യതാർത്ഥ മനുഷ്യൻ എന്നൊക്കെ പറയുന്നത് ഇതിനെയാണ്; പ്രണവ് മോഹൻലാലിനെ കുറിച്ച് സാജു നവോദയ
പുള്ളിയുടെ അവസ്ഥയിൽ നമ്മളൊക്കെ ആയിരുന്നെങ്കിൽ എന്തൊക്കെ കാണിക്കും, ഒരു യതാർത്ഥ മനുഷ്യൻ എന്നൊക്കെ പറയുന്നത് ഇതിനെയാണ്; പ്രണവ് മോഹൻലാലിനെ കുറിച്ച് സാജു നവോദയ
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേർന്നതാണ് പ്രണവ് എന്ന നടൻ. പ്രണവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇതുവരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രണവ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളു. ഇതിന് ഇടയിൽ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ സഹസംവിധായകനായും പ്രണവ് പ്രവർത്തിച്ചു. ഇപ്പോഴിതാ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടനും മിമിക്രി താരവുമായ സാജു നവോദയ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
ദിലീപേട്ടനാണെങ്കിലും ജയറാമേട്ടനാണെങ്കിലും മമ്മൂക്കയാണെങ്കിലും എല്ലാവരോടും നല്ല സന്തോഷത്തോടെയാണ് അഭിനയിക്കുന്നത്. സെറ്റിലൊക്കെ എല്ലാവരോടും തമാശകളൊക്കെ പറയും. ആളുകൾ ഇരുന്ന സംസാരിക്കുമ്പോൾ തമാശയും അതിന് ഇടക്ക് വരികയാണ്. ചില തമാശകൾ പിന്നീട് ചിന്തിച്ചപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒരിക്കൽ ഒരാളെ കളിയാക്കി തമാശ ചെയ്തിരുന്നു. പിന്നീടാണ് അയാൾക്ക് ക്യാൻസറിന്റെ ഭാഗമായിട്ടാണ് അത്തരം ഒരു വൈകല്യം വന്നതെന്ന് മനസ്സിലായത്. ഒടുവിൽ ചെറിയ സഹായമൊക്കെ ചെയ്താണ് തിരികെ വന്നത്. ചില സമയത്ത് ചില കാര്യങ്ങൾ പെട്ടെന്ന് വായിൽ നിന്നും വന്ന് പോകുന്നതാണ്. പറഞ്ഞ് കഴിയുമ്പോഴാണ് വേണ്ടായിരുന്നു എന്ന് വിചാരിക്കുന്നത്.
തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിലേക്ക് ജോണി ആന്റണി സാറാണ് വിളിക്കുന്നത്. എനിക്ക് വണ്ടി ഓടിക്കുന്നത് അറിയില്ല. സെറ്റിലത്തിയപ്പോഴാണ് ജീപ്പ് ഓടിക്കുന്നത് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് തരുന്നത്. ഒടുവിൽ ഷൂട്ട് ആയി. എനിക്ക് ഡ്രൈവിങ് അറിയില്ലെന്ന് പറഞ്ഞിട്ടും മമ്മൂക്ക കയറി ഇരുന്ന്. ഗിയർ ഇടുമ്പോൾ വണ്ടി നിന്ന് പോകുന്നത് ആവർത്തിച്ചപ്പോൾ, പുറകീന്ന് തള്ളിവിടുകയാണ് അവസാനം ചെയ്തതെന്നും അദ്ദേഹം പറയുന്നു.
ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് അറിയുന്നത് ടാക്സി ഡ്രൈവറുടെ വേഷമാണെന്ന്. സാറെ വേറെ ആളെ നോക്കുന്നതാണ് നല്ലതെന്ന് ഞാൻ ജിത്തു സാറിനോട് പറഞ്ഞു. അവസാനം ക്രോമയിലൊക്കെ എഡിറ്റ് ചെയ്യുകയായിരുന്നു. ബൈക്കും ഓട്ടോയുമൊക്കെ ഓടിക്കും. കാർ ഓടിക്കാൻ മാത്രം താൽപര്യമില്ല. ഡ്രൈവിങ് അറിയാതിരുന്നിട്ടും എന്നെപ്പോലുള്ള ഒരു നടനെ അഭിനയിപ്പിക്കാൻ തയ്യാറായതിൽ ജിത്തു ജോസഫ് സാറിനോട് നന്ദിയുണ്ട്.
ആ ലൊക്കെഷനിൽ വെച്ച് എനിക്ക് ഏറ്റവും അധികം സന്തോഷം തോന്നിയ വേറെ ഒരു കാര്യമുണ്ട്. ഞാൻ നോക്കുമ്പോഴുണ്ട്, ഒരു പയ്യൻ മരത്തിന്റെ വേരിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. പിറ്റേ ദിവസവും ആ പയ്യനെ അവിടെ കണ്ടപ്പോൾ അത് ആരാണെന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത് പ്രണവ് മോഹൻലാലാണ് എന്ന്. വാ ഇവിടെ വന്നിരുന്ന് കഴിക്കൂ എന്ന് പറഞ്ഞ് ക്ഷണിച്ചപ്പോൾ ‘ഇല്ല എട്ടാ.. ഞാൻ ഇവിടെ തന്നെ ഇരുന്നോളാം” എന്നും പറഞ്ഞ് അവിടെ ഇരുന്ന് കഴിച്ചു.
ആ പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. പുള്ളിയുടെ അവസ്ഥയിൽ നമ്മളൊക്കെ ആയിരുന്നെങ്കിൽ എന്തൊക്കെ കാണിക്കും. ആ പടം തീരുന്നത് വരെ അദ്ദേഹം അങ്ങനെയായിരുന്നു. ഒരു യതാർത്ഥ മനുഷ്യൻ എന്നൊക്കെ പറയുന്നത് ഇതിനെയാണ്. അങ്ങനെ ഒരു അപ്പന്റെ മകനാണെങ്കിൽ ബാക്കിയുള്ളവരൊക്കെ എന്തൊക്കെ കാണിക്കും. അത്രയും ടാലന്റുള്ള ആളാണ് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം മുന്നോട്ട് പോകുന്നത്. യാത്രകളോട് വളരെ ഇഷ്ടമാണ്.
അങ്ങനെ അധികം സംസാരിക്കുകയൊന്നും ഇല്ല. കാണുമ്പോൾ ചിരിക്കും എന്തെങ്കിലുമൊക്കെ സംസാരിക്കും. അത്രയേയുള്ളു. പുള്ളി വഴിയരികിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന്റേയും ടെന്റിൽ കിടക്കുന്നതിന്റേയുമൊക്കെ വീഡിയോ പിന്നീട് പുറത്ത് വന്നല്ലോ. എനിക്ക് അതൊന്നും കണ്ട് അത്ര വലിയ അത്ഭുതം തോന്നിയില്ല. അന്ന് ഞാൻ കണ്ടതിൽ അപ്പുറം വേറെയൊന്നും സംഭവിച്ചിട്ടില്ലെന്നും സാജു നവോദയ പറയുന്നു.
അഭിനേതാവ് എന്ന നിലയ്ക്ക് പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്. ഇനിയും സിനിമകൾ ലഭിക്കേണ്ടതുണ്ട്. പക്ഷേ അദ്ദേഹം വിരളമായേ അഭിനയിക്കൂ. ഒരു സിനിമ ചെയ്യും. പിന്നെ ഒരുപാട് യാത്ര ചെയ്യും. എന്നാൽ അഭിനേതാവ് എന്ന നിലയിൽ പരിണമിക്കേണ്ടതുണ്ട്. അത് ഒരു പ്രക്രിയ ആണ്. ഇത് പെട്ടെന്ന് വന്ന് അങ്ങ് ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല. നല്ല റോളുകൾ ചെയ്യേണ്ടതുണ്ട്. അവനത് ചെയ്യട്ടെ. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ പ്രണവിൻറെ പുതിയ സിനിമ ആരംഭിക്കും.
അവൻ ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്. നല്ല സംവിധായകർക്കൊപ്പം സിനിമ ചെയ്യണം. അത് അത്ര എളുപ്പമല്ല. പ്രണവ് ഒരു നല്ല അഭിനേതാവാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സ്കൂളിൽ ബെസ്റ്റ് ആക്ടറായിട്ടുണ്ട്. അവനും അങ്ങനെ തന്നെയായിരുന്നു. എന്നാൽ അതൊന്നും അവൻ മികച്ച അഭിനേതാവാണെന്ന് തെളിയിക്കുന്നതല്ല. പ്രണവ് തെളിയിക്കേണ്ടതുണ്ടെന്നും തൻറെ മകനെന്ന നിലക്കുള്ള സമ്മർദങ്ങൾ പ്രണവിനില്ലെന്നും ഒരുപാട് യാത്രകൾ ചെയ്യുന്ന ഫ്രീ ആയിട്ടുള്ള വ്യക്തി ആണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
നേരത്തെ, ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരുന്നു. ഹൊറർ ത്രില്ലർ ജോണറിന്റെ വ്യത്യസ്ത സാദ്ധ്യതകൾ കുടൂതലായി ഉപയോഗിക്കുന്ന ചിത്രമാകും ഡീയസ് ഈറേ. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ക്രോധത്തിന്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.
രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ഡീയസ് ഈറേയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുമുണ്ട്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ആണ് പുത്തൻ ചിത്രത്തിന്റെ നിർമ്മാണം.അവരുടെ രണ്ടാം നിർമ്മാണ സംരഭമാണിത്. മമ്മൂട്ടി നായകനായ ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രണവ് മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിനുണ്ട്. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നു വരികയാണ്.
ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തെക്കുറിച്ച് ഒന്നും പുറത്തുവന്നിട്ടില്ല. അഖ്യാനത്തിലും അവതരണത്തിലും പുത്തൻ ട്രീറ്റ്മെന്റാകും ചിത്രത്തിൽ പരീക്ഷിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒരു ഇടവേള അവസാനിപ്പിച്ചു കൊണ്ടാണ് പ്രണവ് പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. 2025 ന്റെ അവസാനത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
അതേസമയം, അമ്മ സുചിത്ര മോഹൻലാൽ പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണവ് മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിൻസ് ഒക്കെ പറയുന്നത് അവൻ ഞാൻ പറഞ്ഞാലേ കേൾക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് അവന്റേതായ തീരുമാനങ്ങൾ ഉണ്ട്. നമ്മൾ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൻ ചെയ്യുകയുള്ളൂ.
ഇപ്പോൾ സ്‌പെയിനിൽ ആണെങ്കിലും അവിടെ ഒരു ഫാമിൽ അപ്പു വർക്ക് ചെയ്യുന്നുണ്ട്. ചിലപ്പോൾ കുതിരയെയോ ആട്ടിൻകുട്ടികളെ ഒക്കെ നോക്കാൻ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതൽ എനിക്കറിയില്ല, അവിടെ ചെയ്യുന്ന ജോലിയ്ക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുകയെന്നും സുചിത്ര പറഞ്ഞിരുന്നു.
താൻ തന്റെ രണ്ട് മക്കളോടും പറഞ്ഞിരിക്കുന്നത് എപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നുന്നത് അപ്പോൾ മാത്രം പറഞ്ഞാൽ മതിയെന്നാണ്. വിവഹ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്. ഇത്രവയസായി, ഇപ്പോൾ കല്യാണം കഴിച്ചേ മതിയാകൂവെന്ന് തനിക്ക് നിർബന്ധിക്കാൻ കഴിയില്ല. അങ്ങനെ കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ എന്തുചെയ്യും.
പിന്നെ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകുമെന്ന് സുചിത്ര വ്യക്തമാക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കാണ്. വിവാഹ ബന്ധത്തിൽ രണ്ട് പേർ തമ്മിലും അഡ്ജസ്റ്റുമെന്റുകളും കോംപ്രമൈസുകളും ആവശ്യമാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ആ വിവാഹ ബന്ധം മുന്നോട്ടു പോകൂ. പണ്ടുള്ളവരെല്ലാം ആ കോംപ്രമൈസുകൾ ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴുള്ള കുട്ടികൾക്ക് അത് പറ്റില്ല. അത് അവരുടെ പ്രശ്നമല്ല. അവർ വളർന്ന സാഹചര്യങ്ങളും അവരുടെ മൈൻഡ് സെറ്റുമെല്ലാം വ്യത്യസ്തമാണെന്നും സുചിത്ര പറഞ്ഞു.
അടുത്തിടെ, പ്രണവ് മോഹൻലാൽ പ്രണയത്തിലാണെന്ന കാര്യവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സംവിധായകൻ ആലപ്പി അഷ്‌റഫ് പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. . ഇടയ്ക്ക് നടിയും താരപുത്രിയുമായ കല്യാണി പ്രിയദർശന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നെങ്കിലും പ്രണവിന്റെ പ്രണയിനി അതല്ലെന്നാണ് അഷ്‌റഫ് വ്യക്തമാക്കിയിരുന്നത്.
അപ്പു മരം കേറും, മതിൽ ചാടും, കുട്ടികളുടെയൊക്കെ ഹീറോയാണ് അപ്പു. കൂടാതെ അപ്പുവിന് ഒരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിയ്ക്ക് ആരുമായും പ്രണയം ഉണ്ടായിട്ടില്ല. പ്രണവിനയേ കെട്ടൂ എന്ന് സോഷ്യൽ മീഡിയയിലൂടെ വിലപിക്കുന്ന നടിയോടാണ്, ഇനി കാത്തിരിക്കേണ്ട ഇനി പ്രതീക്ഷ വേണ്ട, എല്ലാം കൈവിട്ടുപോയി എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞിരുന്നത്.
പ്രണവിൻ്റെ യാത്രകളിൽ എപ്പോഴും കൂടെയുള്ള ആ വിദേശ വനിതയാണോ ഇനി കാമുകി? എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. നേരത്തെ, മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രമായ ബാറോസ് എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കാണാൻ മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഒരു വിദേശ വനിതയും എത്തിയിരുന്നു. തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം നടക്കുന്ന ഒരു വിദേശി വനിതയെയാണ് എല്ലാവരും ശ്രദ്ധിച്ചത്.
