കൂട്ടുവെട്ടി പിരിഞ്ഞതല്ല കൂട്ടുകാരൻ, നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ; ശബരിനാഥിനെക്കുറിച്ച് സാജൻ സൂര്യ
മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു ശബരിനാഥ്. ഒരുപിടി സീരിയലുകളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ശബരി എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാ ഈ ലോകത്ത് നിന്നും വിടപറഞ്ഞത്.. പരമ്പരകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ശബരിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സാജന് സൂര്യ. ആ നഷ്ടം നികത്താനാവാത്തതാണെന്ന് മുന്‍പ് സാജന് പറഞ്ഞിരുന്നു.
ശബരിക്കൊപ്പമുള്ള ഫോട്ടോയുമായെത്തിയിരിക്കുകയാണ് അദ്ദേഹം. കൂട്ടുവെട്ടി പിരിഞ്ഞതല്ല കൂട്ടുകാരൻ. നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ. പക്ഷേ ഞങ്ങൾക്കിഷ്ടം കൂടെ നിന്ന് സംരക്ഷിക്കുന്നതായിരുന്നു. പണ്ടേ പറഞ്ഞാൽ അനുസരണയില്ലാത്തവനായിപ്പോയി എന്നായിരുന്നു സാജന്റെ കുറിപ്പ്.
മുന്‍പും ശബരിയെക്കുറിച്ച് വാചാലനായി സാജന് എത്താറുണ്ട്. ഒന്നിച്ച് പോയ യാത്രകളിലെ പ്രിയനിമിഷങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. സാജാ എന്നുള്ള വിളി കേള്‍ക്കുമ്പോള്‍ അവനിപ്പോഴും കൂടെയുണ്ടെന്ന് തോന്നും. കുടുംബസമേതമായി നടത്തിയ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമെല്ലാം സാജന് പങ്കുവെച്ചിരുന്നു.
നിര്‍മാല്യം പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് സാജനും ശബരിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. അന്ന് വില്ലന്‍ വേഷത്തിലായിരുന്നു ശബരി. ഒരേ നാട്ടുകാരും സമാനമായ ചിന്താഗതികളുമൊക്കെയാണ് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. കുടുംബപരമായും അടുത്ത സൗഹൃദമുണ്ട്. ഒന്നര കിലോ മീറ്റര്‍ അകലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഏതാവശ്യത്തിന് എപ്പോള്‍ വിളിച്ചാലും അവന് ഓടിയെത്തുമായിരുന്നു. തിരിച്ച് ഞാനും അങ്ങനെ തന്നെയാണെന്നും സാജന് പറഞ്ഞിരുന്നു.
2020 സെപ്റ്റംബര്‍ 17നായിരുന്നു ശബരിയുടെ വിയോഗം. ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാടാത്ത പൈങ്കിളി സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു വിയോഗം.
നായകനായി മാത്രമല്ല വില്ലന്‍ വേഷവും ചെയ്യാനാവുമെന്നും ശബരി തെളിയിച്ചിരുന്നു. പരമ്പരകള്‍ക്ക് പുറമെ ചാനല്‍ പരിപാടികളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ശബരിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയത്. മിന്നുകെട്ട് പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം. അതൊരു മികച്ച തുടക്കമായിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
