News
ബോളിവുഡ് സിനിമകള്‍ ചെയ്യില്ല; റിഷഭ് ഷെട്ടി
ബോളിവുഡ് സിനിമകള്‍ ചെയ്യില്ല; റിഷഭ് ഷെട്ടി
ബോളിവുഡ് സിനിമകള്‍ ചെയ്യില്ലെന്ന് കാന്താര സിനിമയിലൂടെ ശ്രദ്ധേയനായ തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടി. കന്നഡ സിനിമകള്‍ ചെയ്യാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും കന്നഡക്കാരനായതില്‍ അഭിമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡ സിനിമാ ഇന്‍ഡസ്ട്രിയും പ്രേക്ഷകരും കാരണമാണ് താനിന്ന് ഇവിടെ നില്‍ക്കുന്നത്. ഒരു സിനിമ ഹിറ്റായതുകൊണ്ട് തന്റെ കുടുംബവും സുഹൃത്തുക്കളും മാറില്ല. വേര് കന്നഡ സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ‘അദ്ദേഹം പറഞ്ഞു.
‘കൂടുതല്‍ പ്രാദേശികമായത് സാര്‍വത്രികമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ക്ക് എന്റെ സിനിമയുടെ ഉള്ളടക്കം ഇഷ്ടപ്പെട്ടാല്‍, ഞാന്‍ അത് ബോളിവുഡില്‍ അവതരിപ്പിക്കും. അല്ലാത്തപക്ഷം ഞാന്‍ അത് കര്‍ണാടകയില്‍ റിലീസ് ചെയ്യും. ഒരു പാന്‍ഇന്ത്യന്‍ സിനിമയാക്കാനുള്ള ആലോചനയിലല്ല ഞാന്‍ കാന്താരയെ നിര്‍മ്മിച്ചത്. സിനിമ രാജ്യത്തുടനീളം അതിന്റെ സ്ഥാനം കണ്ടെത്തി, അത് എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല.
കാന്താര പാന്‍ ഇന്ത്യന്‍ ഹിറ്റ് ആയതുകൊണ്ട് ഇനി വരുന്ന സിനിമകളില്‍ അതേ രീതിയില്‍ ചെയ്യണമെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ പ്രദേശത്തിന്റെ കഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്. അതെന്നെ കൂടുതല്‍ ശക്തമാക്കും’ എന്നും റിഷബ് ഷെട്ടി കൂട്ടിച്ചേര്‍ത്തു. റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദ്യശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നഡ സിനിമയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കാന്താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഈയടുത്തിറങ്ങിയ ‘കെജിഎഫ് 2’വിന്റെ സ്വീകാര്യതയെ അട്ടിമറിച്ചുകൊണ്ടാണ് കാന്താര വിജയം നേടിയത്. 350 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. മലയാളത്തില്‍ കാന്താര എത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. സെപ്റ്റംബര്‍ 30 ന് കാന്താര റിലീസ് ചെയ്തത്.
19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്!തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
