Malayalam
രണ്ടാമതും വിവാഹം കഴിക്കുക എന്നത് മോശം കാര്യമൊന്നുമല്ല, ഞാനിനി കല്യാണമേ കഴിക്കുന്നില്ലെന്നൊന്നും പറഞ്ഞിട്ടില്ല; റിമി ടോമി
രണ്ടാമതും വിവാഹം കഴിക്കുക എന്നത് മോശം കാര്യമൊന്നുമല്ല, ഞാനിനി കല്യാണമേ കഴിക്കുന്നില്ലെന്നൊന്നും പറഞ്ഞിട്ടില്ല; റിമി ടോമി
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
ഇടയ്ക്ക് വെച്ച് റിമി ടോമി വിവാഹിതയാകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അന്ന് താരം തന്നെ ഇത് ശരിയല്ല വിവാഹം കഴിക്കുകയാണെങ്കിൽ നിങ്ങൾ എല്ലാവരെയും അറിയിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അടുത്തിടെ ഭാരം എടുത്തുയർത്തിയതിനെ തുടർന്ന് ചില ആരോഗ്യ പ്രശ്‌നങ്ങൾ തനിക്കുണ്ടായി എന്ന് റിമി വെളിപ്പെടുത്തിരുന്നു. ഒരു പരിപാടിയ്ക്കിടെ സംസാരിക്കവെയാണ് റിമി ടോമി ഇതേ കുറിച്ച് പറഞ്ഞത്. ഇത് വലിയ വാർത്തയായതോടെ റിമിയ്ക്ക് ഗുരുതരമായ പ്രശ്‌നമുണ്ടെന്ന തരത്തിൽ കഥകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ വ്യക്തത വരുത്തി എത്തിയിരിക്കുകയാണ് റിമി. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു പ്രത്യേക അറിയിപ്പുണ്ടെന്ന് പറഞ്ഞാണ് റിമി എത്തിയത്. ശേഷം തന്നെ പറ്റി പ്രചരിക്കുന്ന വാർത്തകൾക്കുള്ള വിശദീകരണവും വിവാഹത്തെ കുറിച്ചുമൊക്കെ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. റിമി ടോമിയുെ വാക്കുകൾ ഇങ്ങനെ;
‘എന്നെ പറ്റി വന്ന വാർത്തയിൽ ചെറിയൊരു കാര്യമുണ്ടായിരുന്നു. അത് ഊതിപെരുപ്പിച്ചു എന്ന് പറയാം. അതല്ലാതെ ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചു എന്ന് പറയുകയും അവർക്ക് ആദരാഞ്ജലികൾ നേർന്ന് കൊണ്ടുള്ള പോസ്റ്റുകളൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. ഇതൊക്കെ വളരെ മോശമാണെന്നല്ല പറയേണ്ടത്. ക്രൂരതയാണെന്ന് പറയണം.
ഇപ്പോൾ തന്നെ എന്റെ കല്യാണമായെന്ന് പറഞ്ഞുള്ള രണ്ട് മൂന്ന് വീഡിയോ ഞാൻ കണ്ടിരുന്നു. ഇതൊക്കെ കുറേ ആളുകളെങ്കിലും വിശ്വസിച്ചേക്കും. രണ്ടാമതും വിവാഹം കഴിക്കുക എന്നത് മോശം കാര്യമൊന്നുമല്ല. ഞാനിനി കല്യാണമേ കഴിക്കുന്നില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ കല്യാണം കഴിക്കാതെ അങ്ങനെ ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. കുറച്ചെങ്കിലും സത്യമുള്ള കാര്യങ്ങൾ വേണം കൊടുക്കാൻ.
ഞാൻ രണ്ടാമതും വിവാഹം കഴിക്കാൻ പോവുകയാണെങ്കിൽ ആദ്യം തന്നെ നിങ്ങളോട് പറയുന്നത് ഞാനായിരിക്കും. അങ്ങനൊരു സംശയം ഉണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിക്കാമല്ലോ. എല്ലാ കാര്യങ്ങളും എന്റെ യൂട്യൂബ് ചാനലിലൂടെ ഇനി പങ്കുവെക്കുന്നതായിരിക്കും. പിന്നെ എന്റെ ആരോഗ്യാവസ്ഥയെ പറ്റി ചോദിക്കുന്നവരോട് കൈയ്ക്ക് യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഇനിയങ്ങോട്ടും ഒന്നും വരുത്തരുതെ എന്ന് പ്രാർഥിക്കുകയാണ്.
എടുത്തോ പിടിച്ചോ എന്ന് പറഞ്ഞ് ആരും ഭാരം ഉയർത്താൻ നിൽക്കരുത്. തമാശയ്ക്കാണെങ്കിലും അങ്ങനെ ചെയ്യരുത്. ആർക്കാണെങ്കിലും ഇങ്ങനൊക്കെ പറ്റും. വേറെ വിശേഷങ്ങളില്ല.
ഇനി പുതിയ വ്‌ലോഗുമായി ഞാൻ നിങ്ങളിലേക്ക് വരും. മുൻപ് കൊവിഡ് കാലത്ത് പലതരം വിഷയങ്ങൾ പങ്കുവെച്ച് കൊണ്ട് ഈ ചാനൽ ആക്ടീവായിരുന്നു. അതുപോലെ നല്ല കണ്ടെന്റുകളുമൊക്കെയായി താൻ വീണ്ടും വരുന്നതായിരിക്കുമെന്നും റിമി പറയുന്നു.
2018 മുതൽ ഇന്ന് വരെയും ജിമ്മിൽ പോകും. ജിമ്മിൽ വർക്കൗട്ട് ചെയ്താൽ മനസിന് സന്തോഷവും ഊർജവും ഉണ്ട്. പോയില്ലെങ്കിൽ രാത്രി കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്. പക്ഷെ ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലിരിക്കുകയാണ് ഞാൻ. സത്യം പറഞ്ഞാൽ മൈക്ക് പിടിക്കാൻ പോലും പറ്റുന്നില്ല. ജിമ്മിൽ പോയി വെയ്റ്റ് എടുത്തിട്ടാണെന്ന് എല്ലാവരും കളിയാക്കും. പക്ഷെ ഇപ്പോൾ തനിക്ക് പറ്റിയത് ജിമ്മിൽ വെച്ച് പറ്റിയതല്ലെന്നും റിമി ടോമി പറഞ്ഞിരുന്നത്.
