News
കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞ് വാരിസ്!, 291 ഷോകള്‍ വെട്ടിക്കുറച്ചു; കാരണം രശ്മിക മന്ദാന?
കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞ് വാരിസ്!, 291 ഷോകള്‍ വെട്ടിക്കുറച്ചു; കാരണം രശ്മിക മന്ദാന?
വിജയ് നായകനായി ജനുവരി 11ന് റിലീസിനെത്തിയ ചിത്രമായിരുന്നു വാരിസ്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് തെന്നിന്ത്യയൊട്ടാകെ നല്‍കിയത്. സിനിമ ബോക്‌സ് ഓഫീസിലും ഇടം നേടി. എന്നാല്‍ ചിത്രം കര്‍ണാടകയില്‍ മാത്രം വേണ്ട വിജയം നേടിയില്ല എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
വാരിസിന്റെ 291 ഷോകള്‍ കര്‍ണാടകയില്‍ വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം ഉണ്ടാകാത്തതിന്റെ കാരണം ചിത്രത്തില്‍ നായികയായെത്തിയ രശ്മിക മന്ദാനയാണ് എന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്.
ഒരു അഭിമുഖത്തിനിടെ രശ്മിക ആദ്യ ചിത്രമായ ‘കിരിക് പാര്‍ട്ടി’യുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ പരംവ സ്റ്റുഡിയോയുടെ പേര് പറയാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതാണ് നടിയുടെ ചിത്രം കര്‍ണാടകയില്‍ വിജയിക്കാത്തതിന്റെ കാരണമായി നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.
2016ല്‍ രക്ഷിത് ഷെട്ടിയ്‌ക്കൊപ്പം കിരിക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തുന്നത്. പരംവ സ്റ്റുഡിയോയുടെ സഹസ്ഥാപകനാണ് രക്ഷിത്. നടനും സംവിധായകനുമായ റിഷബ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്.
വിവാഹ നിശ്ചയം വരെ എത്തിയ രക്ഷിത്‌രശ്മിക പ്രണയത്തില്‍ നിന്ന് നടി പിന്‍മാറിയതും കന്നഡ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. രശ്മികയ്ക്ക് കന്നഡ സിനിമ ലോകത്ത് തന്നെ അപ്രഖ്യാപിത വിലക്കുണ്ടെന്ന അഭ്യൂഹങ്ങളും വന്നു. വാരിസിനും സംഭവിച്ചത് ഇതുതന്നെയാണ് എന്നാണ് വിവരം. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് കര്‍ണാടകയിലെ തിയേറ്റര്‍ ഉടമകളോ വിതരണക്കാരോ പ്രതികരിച്ചിട്ടില്ല. കര്‍ണാടകയില്‍ രശ്മികയുടെ സിനിമ വിലക്കിയതിനെ ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
