Malayalam
സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു
സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. സുധിയുടെ മരണം വരെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് സുധിയുടെ കുടുംബത്തിന് സന്നദ്ധ സംഘടന കോട്ടയത്ത് വീട് നിർമ്മിച്ച് നൽകുന്നത്.
1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിന്റെ വീഡിയോ മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൺ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്റൂമും കൊടുത്തിരിക്കുന്നു. എല്ലാ പണികളും പൂർത്തിയാക്കിയ വീടാണ് സന്നദ്ധ സംഘടന കുടുംബത്തിന് നൽകിയത്. സുധിയുടെ മക്കളായ രാഹുലിന്റേയും റിതുലിന്റേയും പേരിലാണ് വീട്. പഠനവുമായി ബന്ധപ്പെട്ട് സുധിയുടെ കുടുംബവീടുള്ള കൊല്ലത്താണ് മൂത്തമകൻ രാഹുൽ താമസിക്കുന്നത്. ആനിമേഷൻ വിദ്യാർത്ഥിയാണ് രാഹുൽ. ക്ലാസില്ലാത്ത ദിവസങ്ങളിൽ സമയം കണ്ടെത്തി കോട്ടയത്ത് വന്ന് സഹോദരനേയും രേണുവിനേയും രാഹുൽ സന്ദർശിക്കാറുണ്ട്.
കഴിഞ്ഞ ദിവസം കിച്ചു പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. പിന്നാലെ വൻ വിമർശനവും ഉയർന്ന് വന്നിരുന്നു. വീട്ടിലെ മുറിയിലെ കട്ടിലിനടിയിൽ സുധിയ്ക്ക് ലഭിച്ച അംഗീകാരങ്ങൾ അലക്ഷ്യമായി കിടക്കുന്ന ദൃശ്യമുള്ളത്. നാഴികയ്ക്ക് നാൽപ്പത് വട്ടം എന്റെ സുധി ചേട്ടനെന്ന് ആവർത്തിച്ച് പറയുന്ന രേണുവിന് അദ്ദേഹത്തിന്റെ ഓർമയ്ക്കായി അവശേഷിക്കുന്ന വസ്തുക്കൾ സംരക്ഷിക്കണമെന്ന് തോന്നുന്നില്ലേയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരുന്ന വിമർശനം.
രാഹുലുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടയിൽ അച്ഛന്റേയും അമ്മയുടേയും ട്രോഫികൾ കാണിച്ച് തരാമെന്ന് പറഞ്ഞ് റിഥപ്പൻ കൂട്ടികൊണ്ടുപോകുന്നുണ്ട്. സുധിക്ക് ലഭിച്ച മൊമന്റോകളും ട്രോഫികളും കട്ടിലിനടിയിൽ തുറന്ന് കിടക്കുന്ന ഒരു കവറിനുള്ളിൽ കുത്തിനിറച്ച നിലയിലായിരുന്നു. രേണുവിന് ലഭിച്ച ട്രോഫികൾ സ്വീകരണ മുറിയിൽ ടേബിളിൽ നിരത്തിവെച്ചിട്ടുമുണ്ട്. അതാണ് വിമർശനത്തിന് പ്രധാന കാരണവും.
രേണുവിന്റെ ട്രോഫികൾ ടേബിളിന്റെ പുറത്തും സുധിയുടെ ട്രോഫികൾ കട്ടിലിന്റെ അടിയിലും, സുധി ചേട്ടന്റെ ട്രോഫി എല്ലാം കട്ടിലിന്റെ അടിയിൽ നിന്നും എടുത്ത് കൊല്ലത്ത് കൊണ്ടുപോയി ചേട്ടന്റെ അമ്മയെ ഏൽപ്പിക്കൂ കിച്ചു. അവർ അതൊക്കെ പൊന്നുപോലെ സൂക്ഷിച്ചുവെയ്ക്കും. വെറുതെ അനാഥമായി കട്ടിലിനടിയിൽ കിടക്കുന്നത് കണ്ടിട്ട് സങ്കടം തോന്നുന്നു.
സുധി ചേട്ടന്റെ വീട്ടിൽ പുള്ളിക്ക് കിട്ടിയ ട്രോഫികളുടെ സ്ഥാനം പഴയ സഞ്ചിയിൽ കട്ടിലിന്റെ അടിയിൽ. ഇതും രേണുവിന്റെ സ്നേഹമാവും അല്ലേ എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. ഒപ്പം വീട് വൃത്തിയില്ലാതെയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന് എതിരേയും ആളുകളുടെ കമന്റുകളുണ്ട്. ആ വീട് സുധി മരിച്ചപ്പോൾ സുധിയുടെ വൈഫിനും കുട്ടികൾക്കും കൂടി താമസിക്കാനാണല്ലോ പണിത് കൊടുത്തത്. അല്ലാതെ രേണുവിന്റെ വീട്ടുകാർക്ക് താമസിക്കാനല്ലല്ലോ. എന്നിട്ട് ഇപ്പോൾ കുടുംബം മൊത്തം ആ വീട്ടിലും. കിച്ചു ഒരു വിരുന്നുകാരനെപോലെയും. ആ വീട് വൃത്തിയായി പോലും സൂക്ഷിക്കുന്നില്ല, വീടിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നു. എത്ര നല്ല വീടായിരുന്നു, സുധിയുടെ മക്കൾക്ക് വെച്ച് കൊടുത്ത വീട് രേണുവിന്റെ വീട്ടുകാർ കയ്യെറിയല്ലേ.വീട് മൊത്തം കുളമായല്ലോ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
ഇപ്പോഴിതാ വൈറൽ വീഡിയോയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. സൂക്ഷിക്കാൻ കഴിയാതെ ഉപേക്ഷിച്ചതല്ലെന്നും മകൻ എടുത്ത് കളിക്കാതിരിക്കാൻ മാറ്റിവെച്ചതാണെന്നുമാണ് രേണു ഒരു യൂട്യൂബ് ചാനലിവനോട് പ്രതികരിച്ചത്. വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും ഷോക്കെയ്സ് പോലുള്ളവ നിർമ്മിച്ച് അവിടെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രേണു പറയുന്നു. റിഥപ്പൻ കുഞ്ഞാണ്. അങ്ങനൊരു പ്രായമാണ് അവന്റേത്. അവൻ ചേട്ടന്റെ ട്രോഫി എടുത്ത് കളിക്കരുതല്ലോ.
പാത്തിരുന്ന് കളിക്കും അവൻ. തടിയിൽ തീർത്തതല്ലേ… അവൻ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഒടിച്ച് കളഞ്ഞാൽ അത് നമുക്ക് പിന്നീട് ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അവാർഡുകൾ ഞാൻ എടുത്ത് സൂക്ഷിച്ച് വെച്ചതാണ്. മുന്നോട്ടുള്ള ദിവസങ്ങളിൽ അവാർഡ് വെക്കാനുള്ള സാധനങ്ങളൊക്കെ സെറ്റാക്കണം. വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ല. സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വെക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എനിക്ക് അടുത്തിടെയല്ലേ അഞ്ച്, എട്ട് അവാർഡ് കിട്ടിയത്. അതും വരുന്ന വഴിക്ക് മേശപ്പുറത്തേക്ക് വെക്കുന്നുവെന്ന് മാത്രം.
അല്ലാതെ എന്റേത് ഇവിടെ ഇരിക്കട്ടേയെന്ന രീതിയിൽ സൂക്ഷിച്ച് വെച്ചതല്ല. സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്. മാത്രമല്ല ചേച്ചിയുടെ മക്കൾ കൂടി വരുമ്പോൾ ഇവർ ഞാൻ അറിയാതെ ഫോൺ അടക്കം എടുത്ത് കളിക്കും. ഒരു ദിവസം ഞാൻ ചെന്നപ്പോൾ സുധി ചേട്ടന്റെ ഫോട്ടോയിൽ കുഞ്ഞുങ്ങൾ പൊട്ടൊക്കെ വെച്ച് കണ്ണെഴുതിയിരിക്കുന്നു. അച്ഛനെ ഒരുക്കിയതാണ് എന്നാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്. അങ്ങനെ ചെയ്യരുതെന്ന് പിന്നീട് ഞാൻ പറഞ്ഞ് കൊടുക്കുകയാണ് ചെയ്തത്. ചെറിയ പ്രായമല്ലേ… അഞ്ച് വയസ് ആയതേയുള്ളു അവന് എന്നായിരുന്നു രേണുവിന്റെ വിശദീകരണം.
എന്നാൽ സുധിയുടെ ആരാധകർ രേണുവിന്റെ മറുപടിയിൽ തൃപ്തരായിട്ടില്ല. യഥാർത്ഥ്യം പ്രേക്ഷകർ മനസിലാക്കിയപ്പോൾ രേണു തടിതപ്പാൻ ശ്രമിക്കുകയാണെന്നാണ് പ്രതികരണ വീഡിയോയ്ക്ക് വന്ന കമന്റുകൾ. സുധിയുടെ മൂന്നാം ഭാര്യയാണ് രേണു. നടന്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയശേഷം സുധി രണ്ടാമത് വീണ്ടും ഒരു വിവാഹം കഴിച്ചിരുന്നുവെന്നും അത് ഡിവോഴ്സായശേഷമാണ് രേണു ജീവിതത്തിലേക്ക് വന്നതെന്നും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ സുധി നിയമപരമായി വിവാഹം ചെയ്ത വ്യക്തി താൻ മാത്രമാണെന്നായിരുന്നു രേണുവിന്റെ പ്രതികരണം.
ഏറെ നാളുകൾക്ക് ശേഷമാണ് കിച്ചു റിതിലിനെ കാണാനെത്തുന്നത്. ചേട്ടനെ കണ്ടതോടെ വിശേഷങ്ങൾ പറയാനും വീട്ടിലെ പുതിയ കാര്യങ്ങളെല്ലാം കാണിച്ചും വിവരിച്ചും കൊടുക്കാനുള്ള ധൃതിയായിരുന്നു റിഥപ്പന്. സ്കൂളിൽ പോകുന്നുണ്ടോ എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഒന്നാം ക്ലാസിൽ എന്നായിരുന്നു മറുപടി. ഒപ്പം ചേട്ടന് എന്താണ് പഠിക്കുന്നത് എന്നതിനെ കുറിച്ചും ചോദിച്ച് അറിയുന്നുണ്ടായിരുന്നു. കുടുംബചിത്രത്തിലുള്ള സുധിയെ ചൂണ്ടി കാണിച്ച് ഇത് എന്റേയും ചേട്ടന്റേയും അച്ഛനാണെന്നാണ് റിതുൽ പറഞ്ഞത്. രേണുവിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി ഇത് ചേട്ടന്റെ അമ്മയാണെന്നും റിതുൽ പറയുന്നുണ്ടായിരുന്നു.
ചേട്ടൻ യാത്ര പറഞ്ഞ് പോകാനിറങ്ങിയതോടെ റിഥപ്പന്റെ മുഖം വാടി. മനസില്ലാ മനസോടെയാണ് കിച്ചു ചേട്ടന് റിഥപ്പൻ യാത്ര പറഞ്ഞത്. വൈകീട്ട് വരണേ… എന്നിട്ട് നാളെ പോകാം എന്നെല്ലാം പറയുന്നതും കേൾക്കാം. ഇനിയും ഇടയ്ക്ക് ഞാൻ വരും. ക്ലാസുള്ളതുകൊണ്ടാണ് വരാത്തതെന്നും രാഹുൽ പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. കിച്ചു ഹെൽമെറ്റിട്ട് നിന്നപ്പോൾ ശരിക്കും സുധിയേപോലെ തോന്നി, കിച്ചു അപ്പന്റെ സ്ഥാനത് നിന്ന് ആ കുഞ്ഞിന് വേണ്ടത് വാങ്ങി കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, കിച്ചു പറ്റുമ്പോഴൊക്കെ റിഥപ്പനെ പോയി കാണണം. അവന് നീയാണ് ആശ്വാസം. പോകുന്നുവെന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ സങ്കടം മുഴുവൻ മുഖത്തുണ്ടായിരുന്നു എന്നിങ്ങനെയും കമന്റുകളുണ്ടായിരുന്നു.
പരാതിയുമായി ചെന്നപ്പോൾ പോലീസുകാർ മോശമായി പെരുമാറിയെന്ന ആരോപണവുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രേണു എത്തിയിരുന്നു. തങ്ങൾക്കെതിരെ മോശം പ്രചാരണം നടത്തുന്ന വ്ളോഗർക്കെതിരെ പരാതി നൽകാൻ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെടുകയാണ് ചെയ്തത് എന്നും സ്ത്രീകൾ ആണെന്നുളള പരിഗണന പോലും തന്നില്ലെന്നും രേണു സുധി ആരോപിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ രേണു സുധി പ്രതികരിച്ചത്. പരാതിക്കാരായ തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് രേണു ചോദിക്കുന്നു.
പോലീസുകാർ തങ്ങളുടെ അടുത്ത് ഭയങ്കരമായി ദേഷ്യപ്പെടുകയാണ് ചെയ്തത്. കോടതിയിൽ പൊക്കോ, ഇവിടെ പറ്റില്ല എന്നാണ് പറഞ്ഞത്. അവന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് എന്നും പറഞ്ഞു. ഇനി കോടതിയിലേക്കാണ് പോകുന്നത്. ഞങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തതാണ്. ഞങ്ങളോട് പോലീസിൽ പോകാൻ പറഞ്ഞു. അതനുസരിച്ചാണ് ഇവിടേക്ക് വന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെങ്കിൽ ഞങ്ങൾക്കും അവനെക്കുറിച്ച് പറഞ്ഞാൽ പോരായിരുന്നോ. ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമുളളത് കൊണ്ട് മാത്രം പരാതി കൊടുത്തു.
ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ്. ഞങ്ങളാണോ തെറ്റുകാർ. മാനുഷികമായ ഒരു പരിഗണന പോലും പോലീസ് തന്നില്ല. അതുൽ മറുപടി തന്നിട്ടുണ്ടെന്ന് പറഞ്ഞ് കുറേ പേപ്പർ എടുത്ത് കാണിച്ചു. അപ്പോൾ തങ്ങളുടെ പരാതി എവിടെ. അവൻ ചെയ്തത് തെറ്റല്ലെന്നാണ് പോലീസ് പറയുന്നത്. രണ്ട് സ്ത്രീകളെന്നുളള പരിഗണന പോലും തന്നില്ല.
പ്രസവത്തിന് ശേഷം തനിക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി സുധിച്ചേട്ടൻ സംസാരിച്ചിരുന്നു. അതും പൊക്കിപ്പിടിച്ച് സ്ഥിരം മാനസികരോഗിയാണെന്ന് പറഞ്ഞാൽ എങ്ങനെയാണ്. മാനസിക രോഗി ആണെങ്കിൽ തന്നെ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സിച്ച് ഷോക്ക് എങ്കിലും തരണ്ടേ. ഇതൊക്കെ എന്തിനാണ് പൊക്കിപ്പിടിച്ച് നടക്കുന്നത്. എന്തിനാണ് തന്റെ പിറകേ നടക്കുന്നത് എന്നാണ് താൻ ആലോചിക്കുന്നത്.
താൻ കാപ്പ കേസിലെ പ്രതിയാണോ, ഇങ്ങനെ ഇട്ട് ദ്രോഹിക്കാൻ വേണ്ടി. നെഗറ്റീവ് കമന്റുകളൊക്കെ പോകട്ടെ. അതൊന്നും ഒരു വിഷയമല്ല. തന്റെ മുൻ ഭർത്താവ് എന്നും പറഞ്ഞ് ഏതോ ഒരാളുടെ ഫോട്ടോ ഇട്ടിരിക്കുന്നു. ആളെ തനിക്ക് അറിയുക പോലുമില്ല. ഈ പറയുന്ന ആരോപണത്തിൽ ഉൾപ്പെട്ട ആൾക്ക് പോലും ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ല. തനിക്കും സംസാരിക്കാൻ താൽപര്യമില്ല, സുധിച്ചേട്ടനും സംസാരിക്കാൻ താൽപര്യമില്ലായിരുന്നുവെന്നാണ് രേണു പറഞ്ഞിരുന്നത്.
