Malayalam
വര്‍ഷങ്ങള്‍ക്കിപ്പുറം കമ്പിളിപ്പുതപ്പുമായി മേട്രനെ കാണാനെത്തി ഗോപാലകൃഷ്ണന്!
വര്‍ഷങ്ങള്‍ക്കിപ്പുറം കമ്പിളിപ്പുതപ്പുമായി മേട്രനെ കാണാനെത്തി ഗോപാലകൃഷ്ണന്!
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമലല്, അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ വഴി നടന് പങ്കുവെയ്ക്കുന്ന സിനിമാ വിശേഷങ്ങളും ഓര്‍മ്മകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മുകേഷ് ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, മലയാളികളുടെ ഓര്‍മകള്‍ക്ക് എന്നും തിളക്കമേകുന്ന സിനിമയാണ് റാംജി റാവു സ്പീക്കിങ്. വിവിധ കാലങ്ങളിലൂടെ സഞ്ചരിച്ച് കള്‍ട്ട് ക്ലാസിക് ആയ സിനിമയാണിത്. ഈ സിനിമയിലെ കഥാപാത്രങ്ങളും ഡയലോഗുമെല്ലാം മലയാളിക്ക് സുപരിചിതവുമാണ്. അത്തരത്തില്‍ ഒന്നാണ് ‘കമ്പിളിപ്പുതപ്പ്’. റാംജി റാവു സ്പീക്കിങിലെ മുകേഷിന്റെ കഥാപാത്രമായ ഗോപാലകൃഷ്ണന് ശരണാലയത്തിലെ മേട്രനെ പറ്റിക്കുന്ന സീനാണ് പില്ക്കാലത്ത് മലയാളികള്‍ക്കിടയില്‍ ‘കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്’ എന്ന പേരില്‍ പ്രശസ്തമായത്.
ഫോണ്‍വിളിച്ചാല്‍ കേട്ടിട്ടും കേള്‍ക്കാത്തപോലെ അഭിനയിക്കാനുള്ള മലയാളിയുടെ കോഡ് വാക്കായി പിന്നീട് കമ്പിളിപ്പുതപ്പ് മാറി. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും ഇത്തരത്തിലുള്ള അവസരങ്ങളില്‍ മലയാളിയുടെ നാവില്‍ നിന്നും അറിയാതെ പുറത്തെത്തുന്നത് കമ്പിളിപ്പുതപ്പ് എന്ന് തന്നെയാണ്. അത് അത്രത്തോളം പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചിട്ടുണ്ട് എന്ന് വേണം പറയാന്‍. ആ രംഗത്തില്‍ മുകേഷിനെക്കൂടാതെ ഉണ്ടായിരുന്നത് ശരണാലയത്തിലെ മേട്രണ്‍ കഥാപാത്രം ചെയ്ത അമൃതം ടീച്ചറായിരുന്നു. റാംജി റാവു സംഭവിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഗോപാലകൃഷ്ണനും മേട്രനും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ അതൊരു പരസ്യ ചിത്രത്തിനുവേണ്ടിയാണെന്നു മാത്രം.
വര്‍ഷങ്ങള്‍ക്കിപ്പുറം ആ കമ്പിളിപ്പുതപ്പിന്റെ കടം വീട്ടാനാണ് ഗോപാലകൃഷ്ണന് മേട്രനെ കാണാനെത്തിയത്. പുതിയ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകനായ റജിന് എസ്. ബാബു ആണ്. ‘എല്ലാവര്ക്കും കാണും കൊടുക്കാന്‍ ബാക്കിവച്ച ചില കൊച്ചു സന്തോഷങ്ങള്‍’ എന്ന തീമിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഈ ലോകത്ത് മുകേഷിനും അമൃതം ടീച്ചര്‍ക്കും മാത്രം അഭിനയിക്കാന്‍ സാധിക്കുന്ന പരസ്യമാണിതെന്നാണ് സംവിധായകന് പറയുന്നത്.
‘റാംജി റാവു സ്പീക്കിംഗ്,’ ‘പപ്പയുടെ സ്വന്തം അപ്പൂസ്’, ‘മക്കള്‍ മാഹാത്മ്യം’, ‘ശരിയോ തെറ്റോ,’ ‘ഈണം മറന്ന കാറ്റ്,’ ‘പൊലീസ് ഡയറി, എന്നിങ്ങനെ ഏതാനും സിനിമകളില്‍ അമൃതം ടീച്ചര്‍ എന്ന് അറിയപ്പെടുന്ന അമൃതം ഗോപിനാഥ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ‘അള്ള് രാമേന്ദ്രനി’ലും ചെറിയൊരു വേഷം ചെയ്തിരുന്നു. ‘തച്ചോളി അമ്പു,’ ‘മാമാങ്കം’ എന്നിങ്ങനെ 14 മലയാളം ചിത്രങ്ങള്‍ക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തിട്ടുണ്ട് ടീച്ചര്‍. ‘ബാക്ക് വാട്ടര്‍’ എന്ന ഇംഗഌഷ് ചിത്രത്തിനും ‘ഓട്ടോഗ്രാഫ്’ എന്ന തെലുങ്ക് ചിത്രത്തിനും നൃത്തമൊരുക്കി.
ആലപ്പുഴയില്‍ ‘നൃത്യതി’ എന്ന ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട് അമൃതം ടീച്ചര്‍. ഡാന്‍സ് സ്കൂളിന് നൃത്യതി’ എന്ന പേരു നല്‍കിയത് കാവാലം നാരായണപ്പണിക്കരാണ്. മന്ത്രി വീണാ ജോര്‍ജ്, ജലജ, മങ്ക മഹേഷ് എന്നിവരൊക്കെ അമൃതം ടീച്ചറുടെ ശിഷ്യരാണ്. നടന് കുഞ്ചാക്കോ ബോബന് ഡാന്‍സ് പഠിക്കാന്‍ തന്റെയടുത്തു വന്നിട്ടുണ്ടെന്നും ടീച്ചര്‍ പറയുന്നു. 86 വയസ്സുണ്ട് അമൃതം ടീച്ചര്‍ക്ക് ഇപ്പോള്‍. ആലപ്പുഴക്കാരിയാണ് ടീച്ചര്‍.
‘ഇത്രയും കൊല്ലമായിട്ടും ‘എടാ ഗോപാലകൃഷ്ണാ’ എന്നു വിളിക്കുമ്പോള്‍ അത് മനസ്സിലാവാത്ത മലയാളികളില്ല എന്നത് ആ സിനിമയുടെ ഗ്രിപ്പും ആ കഥയുടെയും കഥാപാത്രങ്ങളുടെയും ഡെപ്ത്തുമാണ് കാണിക്കുന്നത്. നമ്മളിങ്ങനെ ഒരു പരസ്യമൊക്കെ എടുത്തു കഴിഞ്ഞിട്ട്, ഇതേതു ഗോപാലകൃഷ്ണന് എന്നു ചോദിച്ചാല്‍ തീര്‍ന്നില്ലേ! ഇവിടെ പക്ഷേ കൊച്ചു കുട്ടികള്‍ക്കു പോലും മനസ്സിലാവും എന്നതാണ് വലിയ അച്ചീവ്മെന്റായി തോന്നിയത്’ എന്ന് മുകേഷ് പറയുന്നു.
‘റാംജി റാവു സ്പീക്കിങി’ലേക്ക് എത്തിപ്പെട്ടത് ഒരു നിയോഗം പോലെയാണെന്നാണ് ടീച്ചര്‍ പറയുന്നത്. ‘ഒരായിരം കിനാക്കള്‍’ എന്ന പാട്ട് ചിട്ടപ്പെടുത്താന്‍ ചെന്നതായിരുന്നു ടീച്ചര്‍. സംവിധായകന് സിദ്ദിഖാണ് ഹോസ്റ്റല്‍ വാര്‍ഡന്റെ വേഷം അഭിനയിക്കാമോ എന്നു ചോദിക്കുന്നത്. ഒരൊറ്റ സീനില്‍ വന്നുപോവുന്ന ആ കഥാപാത്രമാവട്ടെ, മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നായി മാറുകയും ചെയ്തു.
1953 ല്‍ ‘വേലക്കാരന്’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അമൃതം ടീച്ചറുടെ അരങ്ങേറ്റം. തിക്കുറുശ്ശി, കെ ജി ശ്രീധരന്‍നായര്‍ എന്നിവര്‍ അഭിനയിച്ച ചിത്രമായിരുന്നു ഇത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫും ചിത്രത്തിലുണ്ടായിരുന്നു. അമൃതം ഗോപിനാഥന്റെ ഗുരുനാഥന് രാമുണ്ണിയായിരുന്നു ആ സിനിമയുടെ നൃത്തസംവിധായകന്‍. തൃപ്പുണിത്തുറ ആര്. എല്‍.വി കോളേജ് പ്രൊഫസറായിരുന്ന ഗോപിനാഥ മേനോന് ആണ് അമൃതം ടീച്ചറുടെ ഭര്‍ത്താവ്. സംഗീതാ മേനോന്, സബിതാ മേനോന്, സന്ധ്യാ മേനോന്, സന്തോഷ് മേനോന് എന്നിവര്‍ മക്കളാണ്.
