Bollywood
‘ബ്രഹ്മാസ്ത്ര’യെ കടത്തിവെട്ടി രാമായണം; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം
‘ബ്രഹ്മാസ്ത്ര’യെ കടത്തിവെട്ടി രാമായണം; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം
നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ‘രാമായണം’ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം.
100 മില്യണ്‍ യുഎസ് ഡോളറാണ് ചിത്രത്തിന്റെ ബജറ്റ്. അതായത് ഏകദേശം 835 കോടി രൂപ. ഒരു ദൃശ്യ വിരുന്ന് ഒരുക്കുകയെന്നതാണ് ലക്ഷ്യം എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
2022 ല്‍ രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രമായിരുന്നു ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം. 500 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റ ബജറ്റ്. ഈ റെക്കോര്‍ഡാണ് രണ്‍ബീര്‍ തന്നെ നായകനായ രാമായണം മറികടക്കാനൊരുങ്ങുന്നത്. പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘ കല്‍ക്കി 2898 എഡി ‘, ‘ആദിപുരുഷ്’, ‘ആര്‍ആര്‍ആര്‍ ‘എന്നിവ മാത്രമാണ് 500 കോടി രൂപ പിന്നിട്ട ബജറ്റുള്ള മറ്റു ചിത്രങ്ങള്‍.
600 ദിവസത്തെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളാണ് ചിത്രത്തിന് വേണ്ടി വരുക എന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്‍ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. 2026ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വ്യാജ പ്രചാരങ്ങളും നെഗറ്റീവ് ക്യാംപയിനും നടക്കുന്നുണ്ട്. രാമായണം പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്ന നടീ നടന്മാരെല്ലാം മാംസം കഴിക്കുന്നവരാണെന്നും അതിനാല്‍ തന്നെ ചിത്രം വിജയിക്കില്ല എന്നും ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുണ്ട്.
