എ കെ ആന്റണിയെ നിങ്ങൾ മറന്നുവോ ? ജീവിതം തിരിച്ചുപിടിക്കാൻ നെട്ടോട്ടമോടുന്നു രാജീവ്
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയില്‍ മിന്നിത്തിളങ്ങിയ രാജീവിനെ അത്രപെട്ടെന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല .ചിരിയുടെ നിറകുടം പകർത്തി പ്രേക്ഷരെ ഒന്നടങ്കം ഒരു കാലത്ത് കയ്യിലെടുത്തയാളാണ് അദ്ദേഹം. പിന്നീട് കുറെ കാലം ഇദ്ദേഹത്തെ നമ്മൾ കണ്ടിട്ടില്ല. എവിടെയായിരുന്നുവെന്നും ആരും അന്വേഷിച്ചുമില്ല. ഇതായിപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളാണ് ഐ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹൃദയസ്തംഭനവും പിന്നാലെയെത്തിയ ഓര്മ നഷ്ടപ്പെടലുമാണ് അദ്ദേഹത്തിന്റെ ജീവിതമൊന്നാകെ ഇപ്പോൾ സങ്കടത്താൽ മാറ്റിമറിച്ചിരിക്കുന്നത്. ഒരു മാസംമുൻപ് പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് രാജീവിന്റെ ജീവിതത്തെ സങ്കടത്തിലേക്ക് എടുത്തെറിഞ്ഞത്.
രാത്രി പത്തു മണിയോടെ ഹൃദയ സ്തംഭനം അനുഭവപ്പെട്ട രാജീവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചു. സ്കാനിങ്ങിലൂടെ രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ അടുത്ത ദിവസം തന്നെ ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ രാജീവ് അതിനടുത്ത ദിവസം കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവിന് ഓര്മ നഷ്ടമാകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞതെന്ന് സഹോദരി സജിത പറഞ്ഞു. ”ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ രാജീവിന്റെ സംസാരം വളരെ പതുക്കെയായിരുന്നു. പല കാര്യങ്ങളും ഓര്മയില്ലാത്തതുപോലെ അപൂര്‍ണമായി മുറിഞ്ഞുകൊണ്ടിരുന്നു. തലകറക്കം അനുഭവപ്പെട്ട രാജീവിന് അതു പറയാന്‍ പോലും കഴിയാതെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു.
പിറ്റേന്ന് ഡോക്ടര്‍മാര്‍ സ്കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഭാര്യ സൈനബയുടെയും മക്കളായ നസ്നിന്, നസ്റിന്, നെഹ്റിന്, നെഫ്സിന് എന്നിവരുടെയൊന്നും പേരു പോലും പറയാന്‍ അപ്പോഴൊന്നും രാജീവിന് ഓര്‍മയുണ്ടായിരുന്നില്ല…” സഹോദരി സജിത പറയുന്നത് അരികില്‍ രാജീവ് കേട്ടിരുന്നു.
എന്നാൽ, രാജീവ് കാത്തിരിക്കുകയാണ്… ചിരിയുടെ ഒരായിരം അമിട്ടുകള്‍ പൊട്ടിച്ച ആ പഴയ ഓര്‍മകളെയും . പിന്നെ കളിയും ചിരിയും വിശേഷങ്ങളുമായി കയറി വരുന്ന കൂട്ടുകാരെയും രാജീവ് കാത്തിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയില്‍ മിന്നിത്തിളങ്ങിയ രാജീവ് കളമശ്ശേരിയുടെ കാത്തിരിപ്പ് വെറുതെയാകില്ലെന്നാണ് വീട്ടുകാരുടെ വിശ്വാസം. നടനും മിമിക്രി കലാകാരനുമായ രാജാ സാഹിബും രഘുവും അടക്കമുള്ള സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് രാജീവ് ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ ശ്രമിക്കുന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ദിവസവും ആറിലധികം ഗുളികകള്‍ കഴിക്കുന്നതിനൊപ്പം പരമാവധി ഓര്‍മകളേയും കൂട്ടുകാരേയും തിരികെയെത്തിക്കലാണ് പ്രധാന മരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഓര്‍മകളുമായി എത്തുന്നതോടെ രാജീവ് ജീവിതം തിരികെപ്പിടിക്കുമെന്നതില് സംശയം വേണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കളമശ്ശേരിയിലെ വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഇരിക്കുമ്പോൾ രാജീവിന്റെ പഴയ മിമിക്രി വീഡിയോകള്‍ ടി.വി.യില്‍ ഓടിക്കൊണ്ടിരിക്കുന്നു. എ.കെ. ആന്റണിയും വെള്ളാപ്പള്ളി നടേശനും ഒ. രാജഗോപാലും ഒക്കെയായി രാജീവ് പകര്‍ന്നാടിയ വേഷങ്ങള്‍. രാജീവിന്റെ ഓര്മകളിലേക്കെത്താന് വീട്ടുകാര്‍ ബോധപൂര്‍വം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളാണ് അതെല്ലാം. വീഡിയോകള്‍ കണ്ടിരിക്കുമ്പോൾ അടുത്ത പദ്ധതികളെപ്പറ്റി രാജീവിനോട് ചോദിച്ചു. ”ഇനിയും ഒരുപാട് മിമിക്രി ചെയ്യണം. പിന്നെ…” ഓര്‍മകളില്‍ എന്തോ തിരയുന്നതുപോലെ രാജീവിന്റെ വാക്കുകള്‍ മുറിഞ്ഞുനിന്നു.
rajeev kalamassery- former CM A K antonies lookalike
