News
രജനികാന്തിന് മുന്നില്‍ അദ്ദേഹത്തെ അനുകരിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി; വൈറലായി വീഡിയോ
രജനികാന്തിന് മുന്നില്‍ അദ്ദേഹത്തെ അനുകരിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി; വൈറലായി വീഡിയോ
ജയിലറിന്റെ തകര്‍പ്പന്‍ വിജയാഘോഷത്തിലാണ് രജനികാന്ത്. ഇപ്പോഴിതാ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ സന്ദര്‍ശിച്ച് സൂപ്പര്‍ സ്റ്റാന്‍ രജിനികാന്ത്. രജിനികാന്തിന്റെ ശിവാജി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ മൊട്ട ബോസിനെ അനുകരിച്ച് കൊണ്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി രജിനിയെ സ്വീകരിച്ചത്. രസകരമായ ഈ നിമിഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തിങ്കളാഴ്ചയായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ നടന് രജിനികാന്ത് സന്ദര്‍ശിച്ചത്. സൂപ്പര്‍ താരത്തെ ഊഷ്മളമായി സ്വാഗതം ചെയ്ത അന്‍വര്‍ ഇബ്രാഹിം അദ്ദേഹത്തിന് കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ക്കൂടി മൊട്ട ബോസിനെ പ്രധാനമന്ത്രി അനുകരിച്ചത് കൂടിനിന്നവരില്‍ ചിരി പടര്‍ത്തി.
സൂപ്പര്‍ താരവുമായുള്ള കൂടിക്കാഴ്ചയേക്കുറിച്ച് അന്‍വര്‍ ഇബ്രാഹിം തന്നെ ഔദ്യോഗിക എക്സ് പേജില്‍ കുറിച്ചു. ‘ഏഷ്യന്‍, അന്താരാഷ്ട്ര കലാ ലോക വേദികളില്‍ സുപരിചിതനായ ഇന്ത്യന്‍ നടന് രജിനികാന്ത് എന്നെ സന്ദര്‍ശിച്ചു. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും സംബന്ധിച്ച എന്റെ പോരാട്ടത്തിന് അദ്ദേഹം നല്കിയ ബഹുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. പല കാര്യങ്ങളും അദ്ദേഹവുമായി ചര്‍ച്ച നടത്തി. രജനികാന്ത് ഈ മേഖലയിലും സിനിമാ ലോകത്തും ഇനിയും മികവ് പുലര്‍ത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ എന്ന് അന്‍വര്‍ ഇബ്രാഹിം കുറിച്ചു.
നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് രജനികാന്ത് മലേഷ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. കേരളത്തിലടക്കം മികച്ച പ്രകടനമാണ് ചിത്രം നടത്തിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിനായകന്, തമന്ന, രമ്യ കൃഷ്ണന്, വസന്ത് രവി, ജാക്കി ഷ്റോഫ്, മിര്‍ന മേനോന് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍.
കഴിഞ്ഞദിവസം ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രം രജിനികാന്ത് പ്രഖ്യാപിച്ചിരുന്നു. ‘തലൈവര്‍ 171’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സണ്‍ പിക്ചേഴ്സാണ് ഈ നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെ ആണെന്ന് വരും ദിവസങ്ങളില്‍ പുറത്തുവന്നേക്കും.
