Social Media
സേനാപതിയും വേട്ടയ്യനും ഒറ്റ ഫ്രെയിമിൽ!; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സേനാപതിയും വേട്ടയ്യനും ഒറ്റ ഫ്രെയിമിൽ!; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചിത്രം തിയേറ്ററുകളിലെത്താൻ വളരെ കുറച്ച് ദിവസഹ്ങൾ മാത്രമേ ഇനിയുള്ളൂ. ഈ വേളയിൽ സെലിബ്രിറ്റി ഫോട്ടോഗ്രഫറായ അരുൺ പ്രസാദ് പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രജനികാന്തിനും കമൽ ഹാസനുമൊപ്പമുള്ള ചിത്രമാണ് അരുൺ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യനിലെ കഥാപാത്രമായ സേനാപതിയുടെ ലുക്കിലാണ് കമൽ ഹാസൻ ഉള്ളത്. രജനികാന്ത് ആകട്ടെ, വേട്ടയ്യന്റെ ലുക്കിലും.
‘എന്താണ് ഞാൻ പറയണ്ടേത് എന്ന് എനിക്കറിയില്ല, ഉലകനായകൻ കമൽ ഹാസൻ സാറിനും സൂപ്പർ സ്റ്റാർ രജനി സാറിനുമൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ അനുഗ്രഹീതനാണ്. ലോകമേ നന്ദി. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന മഹാ അവസരം’ എന്നാണ് അരുൺ കുറിച്ചിരിക്കുന്നത്.
പിന്നാലെ നിമിഷ നേരം കൊണ്ടാണ് സൂപ്പർ താരങ്ങളുടെ ഫാൻ പേജുകളിലടക്കം ചിത്രം വൈറലായിരിക്കുന്നത്. അതേസമയം, ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ 3 യും എത്തുമെന്നാണ് സൂചന. ഇന്ത്യൻ 2 വിൻറെ റിലീസ് വിവധ കാരണങ്ങളാൽ നീണ്ട് നീണ്ട് പോകുകയായിരുന്നു. ആരാധകരടക്കം ഇക്കാര്യത്തിൽ നിരവധി പേരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്.
2020 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാൽ സിനിമയുടെ പ്രവർത്തനം നിർത്തിവേക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ 3 പേർ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി ബാധിച്ചിരുന്നു.
അതേസമയം, ഇന്ത്യൻ രണ്ടാം ഭാഗത്തിന് താൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗമാണ് എന്നാണ് കമൽ ഹാസൻ പറഞ്ഞത്. ഞാൻ ഇന്ത്യൻ 3യുടെ ഫാൻ ആണ്. സിനിമ കണ്ട ശേഷം ആളുകൾ പറയാറില്ലേ ഫസ്റ്റ് ഹാഫാണ് ഇഷ്ടപ്പെട്ടത്, രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ.
എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ 3യാണ് രണ്ടാം പകുതി. അത് പുറത്തിറങ്ങാൻ ഇനിയും ആറുമാസം സമയമെടുക്കും എന്ന വിഷമത്തിലാണ് ഞാൻ,’ എന്നുമാണ് കമൽഹാസൻ പറയുന്നത്.ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് വിവരം.
