News
തര്‍ക്കം അവസാനിച്ചു; പിവിആറില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം
തര്‍ക്കം അവസാനിച്ചു; പിവിആറില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം
മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്സിന്റെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍ യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് തീരുമാനം.
സിനിമയുടെ പ്രൊജക്ഷന് ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തര്‍ക്കം മൂലമായിരുന്നു പ്രദര്‍ശനം നിര്‍ത്തിവച്ചത്. പിവിആറും നിര്‍മാതാക്കളും തമ്മിലുള്ള ഡിജിറ്റല്‍ കണ്ടന്റ്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച തര്‍ക്കമാണ് സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുന്നതിലേക്ക് എത്തിയത്. വന്‍തുക നല്‍കുന്നത് ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാന്‍ പിവിആര്‍ തയ്യാറാവാതിരുന്നതാണ് തര്‍ക്കത്തിന് കാരണം.
രണ്ടുദിവസത്തിനു മുമ്പാണ് വിഷു റിലീസായെത്തുന്നതും നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദര്‍ശനവും പിവിആര്‍ നിര്‍ത്തിയത്. ഇതോടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് സംവിധായകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിവിആര്‍ തിയേറ്ററുകളുള്ള മാളുകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷ സമരം നടത്താനായിരുന്നു സിനിമാ സംഘടനകളുടെ നീക്കം.
ഇതിനിടെയാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎയൂസഫലിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ പിവിആറില്‍ മലയാള സിനിമകള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചുതുടങ്ങാനുള്ള തീരുമാനമുണ്ടായത്. കൊച്ചി നഗരത്തില്‍ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്.
