Malayalam
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആഡംബര കാർ, കൂടുതലും വാട്‌സാപ്പ് കോളുകൾ; സുനിയുടെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആഡംബര കാർ, കൂടുതലും വാട്‌സാപ്പ് കോളുകൾ; സുനിയുടെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്
കഴിഞ്ഞ ദിവസമായിരുന്നു എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ഇപ്പോഴിതാ ഇതിന് പിന്നാലെ സുനി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആഡംബര കാറിലായിരുന്നു സുനിയുടെ സഞ്ചാരം. എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് ഈ കാർ. ഇത് പണയത്തിന് എടുത്തതാണ് എന്നാണ് ഹോട്ടൽ അതിക്രമ കേസിൽ അറസ്റ്റിലായ സുനി പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
രണ്ടര ലക്ഷം രൂപ പണയത്തിനാണ് കാർ വാടകയ്ക്ക് എടുത്തത്. ഇതിന് വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് സുനി പറയുന്നത്. പുറത്തിറങ്ങിയ ശേഷം സുനി കൂടുതലും വാട്‌സാപ്പ് കോളുകളാണ് ചെയ്തിരുന്നത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൾസർ സുനിയുടെ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സുനിയെ ഹോട്ടലിൽ അതിക്രമം നടത്തി എന്ന പരാതിയിൽ അറസ്റ്റ് ചെയ്തത്. ശേഷം സുനിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പുറത്തിറങ്ങിയെങ്കിലും സുനിയെ നിരീക്ഷിക്കാൻ ആണ് പൊലീസിന്റെ തീരുമാനം. അതേസമയം ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ കൂടി ഉൾപ്പെട്ടതിനാൽ നടിയെ ആക്രമിച്ച കേസിലെ സുനിയുടെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. ഇതിനായി വിചാരണ കോടതിയെ ആണ് അന്വേഷണ സംഘം സമീപിക്കുക.
എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറി പൾസർ സുനി അതിക്രമം നടത്തിയത്. ഭക്ഷണം തരാൻ വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിച്ചു. ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി പൊലീസ് ആണ് സുനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ 296(ബി), 351(2), 324(4) എന്നീ വകുപ്പുകൾ ചേർത്താണ് സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമവാദം കേൾക്കാൻ ഇരിക്കെയാണ് പൾസർ സുനി ജയിൽ മോചിതനാകുന്നത്. പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, സിം വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. പിന്നിൽ വമ്പൻമാരുണ്ടെന്ന സംശയം നേരത്തേ തന്നെ ഹൈക്കോടതി പങ്കുവെച്ചിരുന്നു. ജയിലിലെ അടുക്കളയിൽ വെറും 63 രൂപയ്ക്ക് ജോലി ചെയ്യുന്ന സുനിക്ക് എങ്ങനെയാണ് ഇത്രയും പണം ചെലവാക്കാൻ കഴിയുന്നത്? ഇതിന് പിന്നിലാരാണ്? എന്നെല്ലാം സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.
