Malayalam
ചില സമയത്ത് ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുകൾ ചെയ്യിപ്പിച്ചിട്ടുണ്ട്, അതൊന്നും പക്ഷെ ലാലേട്ടന്റെ കുറ്റം കൊണ്ടല്ല; പൃഥ്വിരാജ്
ചില സമയത്ത് ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുകൾ ചെയ്യിപ്പിച്ചിട്ടുണ്ട്, അതൊന്നും പക്ഷെ ലാലേട്ടന്റെ കുറ്റം കൊണ്ടല്ല; പൃഥ്വിരാജ്
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പൃഥ്വിക്ക് കൂട്ടായി നല്ലപാതിയായി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്നതിനേക്കാളുപരി നിർമാതാവായും സുപ്രിയ ശോഭിക്കുന്നുണ്ട്.
മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് കാലെടുത്ത് വെച്ചത്. മലയാളത്തിലെ പല റെക്കോർഡുകളും തകർത്തെറിഞ്ഞ മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. അതിന്റെ തിരക്കിലാണ് പൃഥ്വിരാജ്.
ഈ വേളയിൽ പൃഥ്വിരാജ് മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലായി മാറുന്നത്. ലൂസിഫർ ചെയ്യുമ്പോഴുള്ള അുഭവങ്ങളെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്. മോഹൻലാലിനെ കൊണ്ട് ചിലപ്പോഴൊക്കെ പതിനേഴ് ടേക്കുകൾ വരെ താൻ എടുപ്പിച്ചിട്ടുണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
എന്നാൽ അതിലൊന്നും ഒരിക്കൽ പോലും മോഹൻലാൽ നീരസം പ്രകടിപ്പിച്ചിട്ടില്ലെന്നും മറ്റുള്ളവരോട് പോലും സഹകരിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും പൃഥ്വിരാജ് പറയുന്നു. ഞാൻ ചില സമയത്ത് ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുകൾ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊന്നും പക്ഷെ ലാലേട്ടന്റെ കുറ്റം കൊണ്ടല്ല കെട്ടോ. മറ്റ് പല കാരണങ്ങൾ കൊണ്ടുമാണ്.
അപ്പോഴൊക്കെ എന്റെ അസിസ്റ്റൻസ് അല്ലെങ്കിൽ എന്റെ കൂടെയുള്ളവർ എന്റെ അടുത്ത് വന്ന് പറയും പതിനേഴാമത്തെ ടേക്കായി എന്നൊക്കെ. എന്നാൽ ആ സമയത്തും എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ്. എന്റെ നിർമാതാവിനോട് പോലും അദ്ദേഹം പറയും ആന്റണി അയാൾ മനസിൽ കണ്ടത് പോലെ ചെയ്യട്ടെയെന്ന്. അങ്ങനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. നാൽപ്പത്തിമൂന്ന് വർഷത്തിലേറെയായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് മോഹൻലാൽ. ഇനി അദ്ദേഹത്തിന് ഒന്നും അഭിനയിച്ച് തെളിയിക്കാനില്ലെന്നും ഒരു പ്രതിഭ ചെയ്യേണ്ടതെല്ലാം ചെയ്ത് തെളിയിച്ച വ്യക്തിയാണ് അദ്ദേഹമെന്നുമാണ് ആരാധകർ പറയാറുള്ളത്.
പതിനേഴ് ടേക്കുകൾ എന്നല്ല പെർഫെക്ഷന് വേണ്ടി എത്രത്തോളം സഹകരിക്കാൻ കഴിയുമോ അത്രത്തോളം ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ എന്നത് സിനിമാ മേഖലയിലുള്ളവർക്കും പ്രേക്ഷകർക്കും അറിയാവുന്ന കാര്യമാണ്. സിനിമാ സെറ്റിൽ ഒരിക്കൽ പോലും അദ്ദേഹം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മോഹൻലാലിനെ വെച്ചുള്ള സിനിമാ സംവിധാനം സംവിധായകർക്കും തലവേദനയില്ലാത്ത ജോലിയാണ്. ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്ന് മോഹൻലാലായിരുന്നു.
അതേസമയം ആടുജീവിതം എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി പുറത്തെത്തിയത്. ബ്ലെസി സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ നേടിയിരുന്നു. അമലാ പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
