Malayalam
മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കണം; ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്
മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കണം; ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്
ബ്രഹ്മപുരം തീപിടിത്തത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ കൊച്ചി നിവാസികള്‍ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് പറയുകയാണ് പൃഥ്വിരാജ്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം.
നടന് ഉണ്ണി മുകുന്ദനും മുന്‍കരുതല്‍ നിര്‍ദേശം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക’, എന്നാണ് ഉണ്ണി മുകുന്ദന് കുറിച്ചത്.
നേരത്തെ തിരക്കഥാകൃത്തും കഥാകൃത്തുമായ പി എഫ് മാത്യൂസ് ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായെത്തിയിരുന്നു. ഉത്തരവാദിത്ത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ സംഭവത്തില്‍ ഒരു ആശ്വാസവാക്കുപോലും ആത്മാര്‍ത്ഥമായി പറഞ്ഞില്ല. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാന്‍ പോലും പറ്റില്ലെന്ന് അറിയാം.
സിപിഐഎമ്മിന്റെ സ്വന്തക്കാരും കോണ്‍സുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങള്‍ തന്നെ പറയുന്നുണ്ട്. അതില്‍ അതിശയമൊന്നുമില്ല. എത്രയോ വര്‍ഷങ്ങളായി തങ്ങള്‍ ഇത് അനുഭവിക്കുന്നു. ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോള്‍ എങ്ങനേയും ഓടി രക്ഷപ്പെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് എന്നായിരുന്നു പി എഫ് മാത്യൂസിന്റെ പ്രതികരണം.
