News
ഒരു പ്രതിക്ക് വേണ്ടി മൊബൈലുമായി ബോംബൈ വരെ പോയിരിക്കുകയാണ്. അവര്‍ എത്ര വലിയ റിസ്കാണ് എടുത്തിരിക്കുന്നത്; കരിയറിനെ പോലും ബാധിക്കുന്ന കാര്യം!
ഒരു പ്രതിക്ക് വേണ്ടി മൊബൈലുമായി ബോംബൈ വരെ പോയിരിക്കുകയാണ്. അവര്‍ എത്ര വലിയ റിസ്കാണ് എടുത്തിരിക്കുന്നത്; കരിയറിനെ പോലും ബാധിക്കുന്ന കാര്യം!
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് നടക്കുന്നതെന്ന് സംവിധായകന് പ്രകാശ് ബാരെ. പ്രതിക്കെതിരെ തെളിവ് ഇല്ലെന്ന ബോധ്യം സാധാരണ ജനങ്ങളില്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഒരു ഭാഗം, മറുഭാഗത്ത് കുറ്റകൃത്യത്തിന് വിധേയരായവര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഈ കേസിലുള്ളത്. രണ്ടാമത്തെ ഭാഗത്തെ സംബന്ധിച്ച് ഒരു പ്രചരണത്തിന്റെയും ആവശ്യമില്ല. അവര്‍ ഇരയാരിക്കുന്നവരാണ്. അത് ഈ സമൂഹത്തിന് കൃത്യമായി അറിയാം. എന്നാല്‍ ആദ്യത്തെ ഭാഗത്തിന് അവരെ വെളുപ്പിച്ച് എടുക്കേണ്ടതിന്റെ ആവശ്യമുണ്ട്. അത് നമ്മള് കണ്ടു. അതിനുള്ള നിരവധി ഉദാഹരണങ്ങളുമുണ്ടെന്നും പ്രകാശ് ബാരെ കൂട്ടിച്ചേര്‍ക്കുന്നു.
അടൂര്‍ ഗോപാലകൃഷ്ണനെപോലുള്ള ആളുകളൊക്കെ വന്നിട്ടാണ് എന്താണ് തെളിവ് എന്ന് ചോദിക്കുന്നത്. അതിലപ്പുറം തെളിവില്ലെന്ന് പറയുകയും ചെയ്യുന്നു. എവിടുന്നാണ് ഇവര്‍ക്ക് ഈ വിവരങ്ങളൊക്കെ കിട്ടുന്നത്. ഇതാ എന്നെ വെറുതെ വിടാന്‍ പോവുന്നു. ഒരു തെളിവും ഇല്ലെന്ന് പറഞ്ഞ് ആള്‍ക്കാരെ ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും പ്രകാശ് ബാരെ പറയുന്നു.
ഈ കേസ് കെട്ടിച്ചമച്ചതാണ്, പൊലീസ് ഇങ്ങനെയാക്കിയതാണ് എന്നൊക്കെയാണ് പ്രചരണം. ഇതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്തിനാണ് രാജിവെച്ച് പോയത്. ഇത്രയധികം കാശ് വാരിയെറിയുന്ന ഒരു സംഭവത്തിന് നടുക്ക് നിന്നുകൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന അവസ്ഥയിലാണ് അവര്‍ രാജിവെച്ച് പോവുന്നത്.
ഇത്തരം കള്ളപ്രചരണങ്ങളില്‍ വീണുപോവുന്നവരാണ് അയ്യോ പാവം, ഒരു തെളിവുമില്ലെന്ന പ്രസ്താവന ഇറക്കാന്‍ മുന്നോട്ട് വരുന്നത്. ഒരു പ്രതിക്ക് വേണ്ടി മറ്റേതെങ്കിലും കേസില്‍ അഭിഭാഷകര്‍ ഇത്ര അറ്റം വരെ പോയതായി കണ്ടിട്ടുണ്ടോ. ഒരു പ്രതിക്ക് വേണ്ടി മൊബൈലുമായി ബോംബൈ വരെ പോയിരിക്കുകയാണ്. അവര്‍ എത്ര വലിയ റിസ്കാണ് എടുത്തിരിക്കുന്നത്. അവരുടെ കരിയറിനെ പോലും ബാധിക്കുന്ന കാര്യമാണല്ലോ അതെന്നും പ്രകാശ് ബാരെ ചോദിക്കുന്നു.
കാശും ഇതുപോലുള്ള പ്രചരണങ്ങളും ഉണ്ടെങ്കില്‍ എന്തും നടക്കും. ബാലചന്ദ്രകുമാര്‍ എന്ന് പറയുന്ന സാക്ഷി വളരെ വ്യക്തമായ തെളിവുകളുമായി മുന്നോട്ട് വന്നപ്പോള്‍ അയാളുടെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള വലിയ ശ്രമം നടന്നു. ചിലരെല്ലാം കൂടി ചേര്‍ന്ന് അദ്ദേഹത്തെ ഒരു പെണ്ണുകേസില്‍ കുടുക്കാനുള്ള നീക്കമാണ്. പൊലീസിന് എന്തുകൊണ്ടായാലും അത് പെട്ടെന്ന് തന്നെ കണ്ടുപിടിക്കാന്‍ പറ്റി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത്.
കോടതി വിധി പറയുമ്പോള്‍ ഇതില്‍ തെളിവൊന്നും ഉണ്ടായിരുന്നില്ലെന്ന ബോധ്യം ജനങ്ങളിലുണ്ടാക്കണം. അതോടൊപ്പം തന്നെ അനുകൂലമായ ഒരു വിധി വരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നുള്ളതാണ് ഇത്തരമൊരു പ്രചരണത്തിന്റെ ഉദ്ദേശം. ഇടക്കാലത്ത് ഇതിന് ചെറിയൊരു കുറവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് വീണ്ടും ശക്തമായി.
ശ്രീലേഖ ഐ പി എസ്, മധു സര്, അടുര്‍ ഗോപാല കൃഷ്ണന്, ഇന്ദ്രന്‍സിനെ ഈ ചോദ്യത്തില്‍ കുടുക്കിയ ലേഖകന്‍. അങ്ങനെ ആരാണെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇത്തരം പ്രചരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും ഇത്തരം കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്ന് തന്നെ നമ്മള് പ്രതീക്ഷിക്കണമെന്നും പ്രകാശ് ബാരെ കൂട്ടിച്ചേര്‍ക്കുന്നു.
മാത്രമല്ല, സമൂഹത്തില്‍ പല പ്രമുഖരായ ആളുകളുടെ കൈയ്യും കാലും പിടിച്ച് നിരപരാധിയാണ് വരുത്താനുള്ള ക്യാമ്പെയ്ന് നടത്തുകയാണ് ദിലീപ് എന്നും പ്രകാശ് ബാരെ പറഞ്ഞിരുന്നു. തെളിവുകളുടെ കാര്യത്തില്‍ കോടതിക്ക് പോലും രണ്ട് തവണ ആലോചിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് പോകേണ്ടി വരുന്ന തരത്തിലുള്ള ക്യാമ്പെയ്നാണ്. ഈ കേസിലെ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പറഞ്ഞത് കേസിലെ എട്ടാം പ്രതിയായ ദിലീപാണ്. അദ്ദേഹത്തിന്റെ ആഗ്രഹം തന്നെ നടക്കട്ടെയെന്നും പ്രകാശ് ബാരെ പറഞ്ഞു.
‘പ്രോസിക്യൂഷന് പറഞ്ഞത് 41 പേരെ മാത്രം വിസ്തരിച്ചാല്‍ മതി, 20 ദിവസം വേണമെന്നാണ് പ്രോസിക്യൂഷന് പറഞ്ഞത്. 41 സാക്ഷികളേയും വേണ്ടെന്നല്ല ചിലരെ കാണിച്ച് ഇവരെ വിസ്തരിക്കരുതെന്നാണ് പ്രതിഭാഗം പറയുന്നത്. ദിലീപിന്റെ വാദം അംഗീകരിക്കേണ്ടതല്ലെന്ന് സുപ്രീം കോടതിക്ക് രണ്ടാമതൊരു തവണ ആലോചിക്കേണ്ടി വന്നില്ല. ഇനി കേസ് നടക്കട്ടെ. ശബ്ദ രേഖയിലെ ശബ്ദം തിരിച്ചറിയാന്‍ എഫ് എസ് എല്‍ ഉദ്യോഗസ്ഥര്‍ ഉണ്ട് എന്തിനാണ് മഞ്ജുവാര്യരെ കൊണ്ടുവരുന്നതെന്നാണ് ദിലീപ് കോടതിയില്‍ പറഞ്ഞത്. എന്ത് തെളിവുകളാണ് ഈ കേസില്‍ ഉള്ളതെന്ന് പൊതുജനത്തിന് അറിയില്ല’
‘പക്ഷേ മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍ പോയതോടെ വളരെ ശക്തമായ തെളിവുകളും പ്രോസിക്യൂഷന് പ്രോസസും നടന്ന് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. അവര്‍ ഇനിയെന്ത് നടക്കുമെന്ന കാര്യത്തില്‍ ആശങ്കാകുലരാണ്. നേരത്തേ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയതാണ്. ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍ വളരെ നല്ല രീതിയിലാണ് കേസ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാകാണ്’, എന്നും പ്രകാശ് ബാരെ പറഞ്ഞു.
