വളരെ വലിയ വേഷമേ ചെയ്യൂ എന്ന് നിർബന്ധമൊന്നുമില്ലാത്തയാളായിരുന്നു പൂജപ്പുര രവി; ശ്രീകുമാരൻ തമ്പിപറയുന്നു
പ്രശസ്ത മലയാള ചലച്ചിത്ര നടന് പൂജപ്പുര രവിയുടെ മരണ വാർത്ത അറിഞ്ഞ ഞെട്ടിലാണ് സിനിമാലോകം . മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം
പൂജപ്പുര രവിയുമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നെന്ന് കവിയും സംവിധായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി. താൻ സംവിധാനം ചെയ്ത പല ചിത്രങ്ങളിലും പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പടമില്ല എന്ന് വിളിച്ചുപറഞ്ഞാൽ തന്റെ അടുത്ത പടത്തിൽ പൂജപ്പുര രവിക്ക് ഒരു വേഷം നൽകുമായിരുന്നെന്ന് ശ്രീകുമാരൻ തമ്പി ഓർത്തെടുത്തു. വെറുമൊരു കൊമേഡിയൻ മാത്രമായിരുന്നില്ല. നല്ല കാരക്റ്റർ വേഷങ്ങൾ ഇണങ്ങുന്ന നടനാണ്. നാടകരംഗത്തുനിന്നാണ് വന്നതെങ്കിലും നാടകവേദിയുടെ സ്വഭാവം ഒഴിവാക്കി അഭിനയിക്കാൻ പൂജപ്പുര രവിക്ക് സാധിച്ചുവെന്നും ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടി.
നാടകരംഗത്ത് പ്രശസ്തനായ ശേഷമായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. വളരെ വലിയ വേഷമേ ചെയ്യൂ എന്ന് നിർബന്ധമൊന്നുമില്ലാത്തയാളായിരുന്നു പൂജപ്പുര രവിയെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.വാർധക്യസഹജമായ അസുഖങ്ങളേത്തുടരപ്ന്ന് മറയൂരിലെ മകളുടെ വസതിയിലായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം.
