‘ഞാനിങ്ങനെ ആയത് കൊണ്ട് ഒരു സ്കൂളിൽ എനിക്ക് അഡ്മിഷൻ കിട്ടിയില്ല, തരില്ല എന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു; പക്രു പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. പരിമിതികള്‍ നേട്ടങ്ങളാക്കി മാറ്റി മലയാള സിനിമാ ലോകത്ത് ഏറെ കാലമായി താരം തിളങ്ങി നില്‍ക്കുകയാണ്. അടുത്തിടെയാണ് നടന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വന്നത്. തനിക്കും ഭാര്യക്കും രണ്ടാമതൊരു പെൺകുഞ്ഞ് ലഭിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ ഗിന്നസ് പക്രു അറിയിച്ചു. നിരവധി പേരാണ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചത്.
ജീവിതത്തിലെ കഴിഞ്ഞ കാലങ്ങളെക്കുറിച്ച് നടൻ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കണമെന്ന് തന്നെ ഉപദേശിച്ചത് അന്തരിച്ച നടൻ ബഹദൂർ ആണെന്ന് മുമ്പൊരിക്കൽ ഗിന്നസ് പക്രു പറഞ്ഞിട്ടുണ്ട്. ആഗ്രഹിച്ചത് പോലെ ജീവിതവും കരിയറും ഗിന്നസ് പക്രവിന് കെട്ടിപ്പടുക്കാൻ കഴിഞ്ഞു.
തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രുവിപ്പോൾ. സ്കൂൾ കാല ഓർമ്മകളാണ് നടൻ പങ്കുവെച്ചത്. അമൃത ടിവിയിലെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു. അധ്യാപകർ തന്ന പിന്തുണയെക്കുറിച്ച് നടൻ ഓർത്തു. ‘ആദ്യമായി എന്നെ സ്റ്റേജിൽ നിർബന്ധിച്ച് കയറ്റിയതാണ്. അന്ന് ഞാൻ ചെയ്തത് കഥാപ്രസംഗമാണ്. നാല് അധ്യാപികമാരാണ് വേദിയിൽ കയറാൻ എന്നെ നിർബന്ധിച്ചത്. അന്ന് കിട്ടിയ സമ്മാനം ഒരു വിളക്കാണ്. അത് ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്’
‘ഞാനിങ്ങനെ ആയത് കൊണ്ട് ഒരു സ്കൂളിൽ എനിക്ക് അഡ്മിഷൻ കിട്ടിയില്ല. തരില്ല എന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. അങ്ങനെ വേറെ സ്കൂളിൽ ചെന്നു. അവിടെ അഡ്മിഷൻ കിട്ടി. മാണി സാർ എന്ന പ്രഥമ അധ്യാപകനാണ് എനിക്ക് അഡ്മിഷൻ തന്നത്’
‘എനിക്ക് വേണ്ട സൗകര്യങ്ങളെല്ലാം തരുകയും കലാപരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ സ്കൂളിൽ വെച്ചാണ് യുവജനോത്സവത്തിൽ സ്റ്റേറ്റ് വിന്നറാവുന്നത്. കുട്ടിക്കാലം മുതൽ പ്രോഗ്രാമിന് പോവുന്നത് കൊണ്ട് ക്ലാസുകൾ മിസ് ആവുമായിരുന്നു. ആ സമയത്ത് അധ്യാപകരുടെ സ്നേഹമാണ് എന്നെ വിദ്യാഭ്യാസത്തിൽ നിലനിർത്തിയത്,’ ഗിന്നസ് പക്രു പറയുന്നു. പഠന കാലത്തെ മറ്റ് ഓർമ്മകളും നടൻ പങ്കുവെച്ചു.
സ്കൂൾ കാലത്ത് ഞാൻ എന്റെ ബാഗെടുത്ത് നടന്നിട്ടില്ല. സഹോദരിയാണ് എന്റെ ബാഗെടുത്തത്. ഇപ്പോൾ അവൾ ജില്ലാ കോടതിയിൽ ജോലി ചെയ്യുന്നു. അവൾ എന്നേക്കാൾ ഒരു വയസ് താഴെയാണ്. എനിക്ക് കൂടുതൽ പുസ്തകങ്ങളുണ്ടാവും. ക്ലാസിൽ എനിക്ക് പറ്റുന്ന തരത്തിൽ മേശയും കസേരയും ഒരുക്കിത്തന്നു. പക്ഷെ അത് ഞാൻ മിഠായികൾ വാങ്ങിച്ച് കൂട്ടുകാർക്ക് വാടകയ്ക്ക് കൊടുത്തു’
‘ഇത് ടീച്ചർ മനസ്സിലാക്കി. എനിക്ക് മറ്റ് പിള്ളേരിൽ നിന്നും മാറിയിരിക്കാൻ ഇഷ്ടമില്ലായിരുന്നു. ഇഷ്ടമുള്ളിടത്ത് ഇരിക്കാൻ അധ്യാപകരും പറഞ്ഞു. സ്കൂൾ ബാഗെന്നാൽ അന്ന് അലൂമിനിയം പെട്ടിയാണ്. അതിൽ ചവിട്ടിയാണ് ഞാൻ ബെഞ്ചിലേക്ക് കയറുക,’ ഗിന്നസ് പക്രു ഓർത്തു.
പഠനകാലത്ത് കലാരംഗത്തേക്ക് കടന്ന് വന്ന ഗിന്നസ് പക്രുവിന് സിനിമാ ലോകത്തും സ്വീകാര്യത ലഭിച്ചു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ഗിന്നസ് പക്രുവിന് അത്ഭുത ദ്വീപിലാണ് ആദ്യമായി മുഴുനീള വേഷം ലഭിക്കുന്നത്. നടനെന്നതിനൊപ്പം സംവിധാന രംഗത്തും ഗിന്നസ് പക്രു കൈ വെച്ചു. കുട്ടിയും കോലുമാണ് ഗിന്നസ് പക്രു സംവിധാനം ചെയ്ത സിനിമ. സിനിമകൾക്ക് പുറമെ ചാനൽ ഷോകളിലും ഗിന്നസ് പക്രു സാന്നിധ്യം അറിയിക്കാറുണ്ട്.
അടുത്തിടെ മക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 2006 ലാണ് ഗിന്നസ് പക്രു വിവാഹിതനാവുന്നത്. ഗായത്രി മോഹൻ എന്നാണ് നടന്റെ ഭാര്യയുടെ പേര്. 2009 ലാണ് മൂത്ത മകൾ ദീപ്ത കീർത്തി ജനിക്കുന്നത്.