Bollywood
പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്
പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്. നേരത്തെ, ഹാനിയ ആമിർ, മാഹിറ ഖാൻ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളും ഇന്ത്യയിൽ പ്രവർത്തനരഹിതമായിരുന്നു. ഇവർക്ക് പുറമേ അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കും വിലക്കുണ്ട്.
ഈ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർത്ഥന ഞങ്ങൾ പാലിച്ചതിനാലാണ് ഇത് എന്നാണ് ഇന്ത്യയിൽ നിന്ന് ഇവരുടെ പ്രൊഫൈൽ സന്ദർശിക്കുന്നവർക്ക് ലഭിക്കുന്നത്. ഭീകരാക്രമണത്തെ തുടർന്ന് പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ‘അബിർ ഗുലാൽ’ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു.
പാകിസ്താനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പിന്നാലെ പാകിസ്താനിലും ചിത്രം നിരോധിച്ചിരുന്നു. അബിർ ഗുലാൽ പാകിസ്താനിൽ റിലീസ് ചെയ്യില്ലെന്ന് പാകിസ്താൻറെ മുതിർന്ന സിസ്ട്രിബ്യൂട്ടറായ സതീഷ് ആനന്ദ് സ്ഥിരീകരിച്ചു. ഇന്ത്യൻ താരം വാണി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് കാരണം.
ബാഗ്ദി സംവിധാനം ചെയ്ത ‘അബിർ ഗുലാൽ’ മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു. ഈ മാസം ആദ്യം ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള മോശം ബന്ധം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര നവനിർമാൺ സേന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു.
