Malayalam Breaking News
ഇടത്-വലത് വ്യത്യാസമില്ലാതെയാണ് മമ്മൂട്ടി വസതിയിലേക്ക് സ്ഥാനാർത്ഥികളുടെ ഒഴുക്ക് !
ഇടത്-വലത് വ്യത്യാസമില്ലാതെയാണ് മമ്മൂട്ടി വസതിയിലേക്ക് സ്ഥാനാർത്ഥികളുടെ ഒഴുക്ക് !
ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു വന്ന പ്രധാന പേരുകളിലൊന്നായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. എറണാകുളത്തോ തിരുവനന്തപുരത്തോ അല്ലെങ്കില്‍ അദ്ദേഹം ചോദിക്കുന്ന എവിടെ ആയാലും സീറ്റ് നല്‍കാനും പാര്‍ട്ടി തയ്യാറായിരുന്നു. കാരണം മമ്മൂട്ടി ജയിക്കുമെന്ന് അത്രയേറെ ഉറപ്പാണ്. മോഹന്‍ലാലിനെ നിര്‍ത്താന്‍ ബിജെപിയും ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ഇരുവരും വെളിപ്പെടുത്തി. എങ്കിലും ഇരുവരുടെയും രാഷ്ട്രീയം കൃത്യമായി മലയാളികള്‍ക്കറിയാം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിയുടെ സ്വാധീനം വളരെ വലുതാണ്. ഇത് നന്നായി അറിയാവുന്നതു കൊണ്ടു തന്നെ താരത്തിന്റെ വീട്ടിലേയ്ക്ക് സ്ഥാനാര്‍ത്ഥികളുടെ ഒഴുക്കാണ്. തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍, എറണാകുളത്തിന്റെ ഇടതുസ്ഥാനാര്‍ത്ഥി പി രാജീവ് എന്നിവര്‍ മമ്മൂട്ടിയുടെ വസതിയില്‍ നേരിട്ടെത്തി അദ്ദേഹത്തെ കണ്ടു.
വോട്ട് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടാനുമാണ് സ്ഥാനാര്‍ത്ഥികള്‍ മമ്മൂട്ടിയെ കാണാനെത്തിയത്. ഇടത്-വലത് വ്യത്യാസമില്ലാതെയാണ് മമ്മൂട്ടി വസതിയിലേക്ക് സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത്.
എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് വോട്ടഭ്യര്‍ഥിച്ചാണ് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. രാജീവിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന മമ്മൂട്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം എന്നും അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ മമ്മൂട്ടി, പക്ഷേ രാഷ്ട്രീയ ചായ്വിന് ഇടംനല്‍കിയില്ല. മുന്‍പ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണതേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു. അരമണിക്കൂറോളം മമ്മൂട്ടിയുടെ വീട്ടില്‍ ചിലവഴിച്ച ശേഷമാണ് പ്രതാപന്‍ മടങ്ങിയത്.
‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. എന്നും പ്രചോദനമായ സൗഹൃദമാണ് മമ്മുക്കയോടൊപ്പമുള്ളത്. അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ ചാരിതാര്‍ഥ്യത്തോടെ തന്നെ ഓര്‍മ്മിക്കുന്നതാണ്. രാഷ്ട്രീയമായ എന്റെ ഈ ദൗത്യത്തിനും എല്ലാവിധ പിന്തുണയും നല്‍കിയ ഇക്കാക്ക് ഹൃദയംകൊണ്ട് നന്ദി.’ എന്ന് പ്രതാപന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘പ്രിയ സുഹൃത്ത് മലയാളത്തിലെ മഹാ നടന്‍ മമ്മൂട്ടിയെ പനമ്പള്ളിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു.’ എന്ന് അദ്ദേഹത്തോടൊപ്പമുള്ള വീഡിയോയ്‌ക്കൊപ്പം പി രാജീവും കുറിച്ചു.
കഥാകൃത്ത് സേതു, നടി കവിയൂര്‍ പൊന്നമ്മ, ഗസല്‍ ഗായകന്‍ ഉമ്പായിയുടെ കുടുംബം, ഗായകന്‍ കെജി മര്‍ക്കോസ്, നടന്‍ ശ്രീനിവാസന്‍ തുടങ്ങിയവരെയും പി രാജീവ് സന്ദര്‍ശിച്ചിരന്നു. ‘നടന്‍ ശ്രീനിവാസനെ എപ്പോള്‍ കണ്ടാലും ജൈവ കൃഷിയെ കുറിച്ചായിരിക്കും സംസാരം . ഞങ്ങള്‍ ഒന്നിച്ച് നടീല്‍ ഉത്സവങ്ങളിലും കൊയ്ത്തുത്സവങ്ങളിലും പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ വലിയ മുന്നേറ്റമാണ് കൃഷിയില്‍ ഉണ്ടായത്. കൃഷി വര്‍ത്തമാനത്തിനിടയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മറന്നു പോയി..’ എന്നും രാജീവ് കുറിച്ചിരുന്നു.
p rajeev and t n prathapan visit mammootty
