ഗോൾഫ് ഇതിഹാസമായ ടൈഗർ വുഡ്സിന്റെ ജീവിതകഥ സിനിമയാകുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും ആണ് ചിത്രത്തന്റെ നിർമാണം. കെവിൻ കുക്കിന്റെ 2014 ൽ പുറത്തിറങ്ങിയ “ദ് ടൈഗർ സ്ലാം: ദ് ഇൻസൈഡ് സ്റ്റോറി ഓഫ് ദ് ഗ്രേറ്റസ്റ്റ് ഗോൾഫ് എവർ പ്ലെയ്ഡ്” എന്ന പുസ്തകത്തിന്റെ പകർപ്പവകാശം ആമസോൺ എംജിഎം സ്റ്റുഡിയോസ് അടുത്തിടെ വാങ്ങിയിരുന്നു.
ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുക. ഇത് സംബന്ധിച്ച് ആമസോൺ എംജിഎമ്മുമായി ബറാക് ഒബാമയുടെ നിർമാണക്കമ്പനി ചർച്ചകൾ നടത്തുകയാണെന്നാണ് വിവരം. 2000- 2001വർഷത്തിലെ നാല് പ്രധാന ടൂർണമെന്റുകളിലും ഒരേസമയം ചാമ്പ്യനായ ആദ്യത്തെ ഗോൾഫ് കളിക്കാരനായിരുന്നു വുഡ്സ്.
ടൈഗർ സ്ലാം എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സംവിധായകൻ റെയ്നാൾഡോ മാർക്കസ് ഗ്രീൻ ആയിരിക്കും ടൈഗർ വുഡ്സിന്റെ ബയോപിക് സംവിധാനം ചെയ്യുക. ടെന്നീസ് ഇതിഹാസങ്ങളായ വീനസ്, സെറീന വില്യംസ്, അവരുടെ പരിശീലകനും പിതാവുമായ റിച്ചാർഡ് എന്നിവരുടെ ബാല്യകാല കഥ പറഞ്ഞ “കിങ് റിച്ചാർഡ്” എന്ന സിനിമയുടെ സംവിധായകൻ ആണ് റെയ്നാൾഡോ മാർക്കസ് ഗ്രീൻ.
ബോബ് മാർലിയുടെ ജീവിതത്തെ ആസ്പദമാക്കി 2024 ൽ പുറത്തിറങ്ങിയ വൺ ലവ് ആണ് റെയ്നാൾഡോ മാർക്കസ് ഗ്രീന്റേതായി ഒടുവിലെത്തിയ പ്രൊജക്ട്. ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസ് എന്നാണ് ബറാക് ഒബാമയും മിഷേൽ ഒബാമയും നടത്തുന്ന നിർമാണക്കമ്പനിയുടെ പേര്.