ഭാര്യയുടെ കൂടെ കിടന്നു എന്നൊക്കെ പറയാന്‍ താന്‍ അരുവാ ഹേ.. എന്തും കേറി അങ്ങ് പറയാന്‍ ഉള്ള ലൈസന്‍സ് അല്ല കമന്റ് ബോക്സ്; നിരഞ്ജന് നായര്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ താരമാണ് നിരഞ്ജന് നായര്‍. നിരഞ്ജനും ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യൂട്യൂബ് ചാനലിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കിടാറുണ്ട്. ഈയ്യടുത്താണ് താരം ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിരുന്നു.
എന്നാല്‍ താരത്തിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. നിരഞ്ജന് വ്രതം എടുക്കാതെയാണ് പോയതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിനെതിരെ ഇപ്പോള്‍ നിരഞ്ജന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് നിരഞ്ജന്റെ പ്രതികരണം. താന്‍ കൃത്യമായി വ്രതമെടുത്തിട്ട് തന്നെയാണ് പോയത് എന്നാണ് നിരഞ്ജന് പറയുന്നത്.
മലയ്ക്ക് പോകാന്‍ നേരത്താണോ മാലയിടുന്നത്, എന്നാല്‍ പിന്നെ പതിനെട്ടാം പടിയുടെ താഴെ നിന്നും ഇട്ടാല്‍ പോരെ? എന്നായിരുന്നു താരത്തിനോട് ഒരാള്‍ ചോദിച്ചത്. മലയ്ക്ക് പോകുമ്പോള്‍ കന്നി സ്വാമിയും മാളികപ്പുറവും 41 ദിവസം വ്രതം എടുക്കണം എ്ന്നാണ് നിയമം. ഇത് തലേന്ന് രാത്രി വരെ ഭാര്യയുടെ കൂടെ കിടന്നു, രാവിലെ മാലിയിട്ട് കെട്ടുമുറുക്കുന്നു എന്നും നിരഞ്ജന് നേരെ വിമര്‍ശനം ഉയര്‍ന്നു. ഇതിനൊക്കൊയാണ് താരം മറുപടി പറയുന്നത്.
ഞാന്‍ വൃതം എടുത്തില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കിയെന്നുമാണ് പറയുന്നത് എന്ന് നിരഞ്ജന് ചൂണ്ടിക്കാണിക്കുന്നു. ഞാന്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്നതാണ്. നിരവധി തവണ മലയ്ക്ക് പോയിട്ടുണ്ട്. വ്രതനിഷ്ടകളെപ്പറ്റി അറിയാം. ഏതൊരു ഭക്തനേയും പോലെ തന്നെയാണ് ഞാനും മാലയിട്ട് മല കയറിയത് എന്നാണ് നിരഞ്ജന് പറയുന്നത്. കന്നിസ്വാമിയും മാളികപ്പുറവുമൊക്കെ ചെയ്യേണ്ട കാര്യങ്ങള്‍ ഗുരുസ്വാമി പറഞ്ഞ് തന്നിരുന്നു. അത് അനുസരിച്ച് തന്നെയാണ് എല്ലാം ചെയ്തത് എന്നും നിരഞ്ജന് വ്യക്തമാക്കി.
ഇതില്‍ എന്റെ ഭാര്യയെ മോശമായി പറയേണ്ട ആവശ്യമില്ല. അവരും എല്ലാ വിധ വൃത ശുദ്ധി പരിപാലിച്ചു കൊണ്ട് തന്നെയാണ് കൂടെ നിന്നതെന്ന് നിരഞ്ജന് പറയുന്നു. ഭാര്യയും അയ്യപ്പ സ്വാമിയുടെ ഭക്തയാണെന്നും നിരഞ്ജന് പറഞ്ഞു. ഭാര്യയുടെ കൂടെ കിടന്നു എന്നൊക്കെ പറയാന്‍ താന്‍ അരുവാ ഹേ.. എന്തും കേറി അങ്ങ് പറയാന്‍ ഉള്ള ലൈസന്‍സ് അല്ല കമന്റ് ബോക്സ് എന്നും നിരഞ്ജന് തുറന്നടിച്ചു.
വിമര്‍ശകര്‍ പറയുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം എന്തെന്നും നിരഞ്ജന് വ്യക്തമാക്കുന്നുണ്ട്. രണ്ട് ദിവസത്തെ വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് താരം പറയുന്നത്. മാല ഇട്ട ദിവസത്തേയും കെട്ടു നിറ ദിവസത്തേയും വീഡിയോകള്‍ എഡിറ്റ് ചെയ്തതാണ്. രണ്ട് ദിവസത്തെ കാര്യങ്ങള്‍ ആണ് വീഡിയോയിലുള്ളത്, അല്ലാതെ ഒരു ദിവസം നടന്നതല്ല എന്ന് താരം പറയുന്നു. അതേസമയം ഇതൊന്നും കമന്റിട്ടയാളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും നിരഞ്ജന് പറയുന്നുണ്ട്.
വിമര്‍ശിക്കുന്നവര്‍ വീഡിയോ ശരിക്കും കാണണം. താന്‍ തോന്ന്യവാസം കാട്ടിക്കൂട്ടി എന്ന് പറയുന്നവര്‍ തന്റെ പുറകെ ആണോ നടക്കുന്നത് എന്നും നിരഞ്ജന് ചോദിക്കുന്നു. നിരഞ്ജന് പിന്തുണയുമായി ഭാര്യയും എത്തുന്നുണ്ട്. ബോധമുള്ളവര്‍ക്ക് കാര്യം മനസിലാകുമെന്നും വീഡിയോ കണ്ടാല്‍ മതിയെന്നും ഭാര്യ ഗോപിക പറയുന്നു. മറ്റുള്ളവരുടെ കുടുംബത്തെ ഇങ്ങനെ പരസ്യമായി അധിക്ഷേപിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത്, ഭക്തി കൊണ്ടാണെന്ന് പറയരുത് എന്നും നിരഞ്ജന് പറയുന്നു.
