News
ആ രംഗങ്ങളില്‍ കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ലാതിരുന്നു കാരണം പറഞ്ഞ് ഉര്‍വശി
ആ രംഗങ്ങളില്‍ കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ലാതിരുന്നു കാരണം പറഞ്ഞ് ഉര്‍വശി
പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് സൂര്യയുടെ സൂരറൈ പോട്ര്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയ ചിത്രത്തിന് തിയേറ്റര്‍ അനുഭവം കിട്ടിയില്ല എന്നതൊഴിച്ചാല്‍ ഒരു പോരായ്മയും പ്രേക്ഷകര്‍ക്ക് പറയാനുണ്ടായിരുന്നില്ല. സുധ കൊങ്ങരയ്ക്കൊപ്പം സൂര്യയും ഉര്‍വശിയും അപര്‍ണ്ണ ബാലമുരളിയും അണിനിരന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് മികച്ചൊരു ചിത്രമായിരുന്നു. ഉര്‍വശിയുടെയും അപര്‍ണയുടെയും അഭിനയത്തിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഉര്‍വശിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ചിത്രത്തിലേതെന്നായിരുന്നു സിനിമ കണ്ടവരെല്ലാം പറഞ്ഞത്.
ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ചിത്രീകരണത്തിന് മുന്‍പ് തന്നെ സ്ക്രിപ്റ്റ് എന്റെ കയ്യിലുണ്ടായിരുന്നു. ജീവിതവുമായി ബന്ധിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്‍ പൊതുവേ ഗ്ലിസറിന്‍ ഉപയോഗിക്കാറില്ല. സാഹചര്യം ഉള്‍ക്കൊണ്ടു അഭിനയിക്കാറാണ് പതിവെന്നും നടി പറയുന്നു. മാനസികമായി ഒരു പ്രത്യേക അവസ്ഥയിലായിരുന്നു ആ ദിവസം. ഡബ്ബിംഗ് ദിവസവും അതേ. ആ രംഗങ്ങള്‍ വീണ്ടും അറിഞ്ഞ് അഭിനയിച്ചാണ് ഡബ്ബ് ചെയ്തത്. സൂര്യയുടെ റിയാക്ഷനും കൂടി ചേര്‍ന്നതോടെ എനിക്ക് കൂടുതല്‍ സ്വാഭാവികമായി ചെയ്യാന്‍ കഴിഞ്ഞു.
സ്വയം മറന്നു ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാനാവില്ല. അതിനോട് ചേര്‍ന്ന് നില്ക്കുന്ന തരത്തിലായിരുന്നു ആ രംഗങ്ങള്‍. നമ്മുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിനയിക്കേണ്ടി വരുമ്പോഴുള്ള അവസരമാണത്. കുറേ നാളിനു ശേഷം മറക്കാനാവാത്ത അനുഭവമായി മാറി ഇതെന്നും താരം പറയുന്നു.
