Bollywood
എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല; യുവതിയ്ക്ക് മറുപടിയുമായി അമിതാഭ് ബച്ചന്
എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല; യുവതിയ്ക്ക് മറുപടിയുമായി അമിതാഭ് ബച്ചന്
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് മുക്തനായതും വീട്ടിലെത്തിയതും. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. അഭിഷേക് ബച്ചന് ഇപ്പോഴും ആശുപത്രിയിലാണ്. ഇപ്പോഴിതാ അമിതാഭ് ബച്ചന് ഒരു യുവതിക്ക് നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മനുഷ്യജീവന് വില നല്‍കാതെ ബച്ചന് ആശുപത്രിക്ക് പരസ്യം നല്‍കുന്നുവെന്നായിരുന്നു യുവതി ബച്ചന്റെ പോസ്റ്റുകളിലൊന്നില്‍ കുറിച്ചത്. ഇതിന് അമിതാഭ് നല്കിയ മറുപടിയാണ് ചര്‍ച്ചയായി മാറുന്നത്.
മനുഷ്യ ജീവിതത്തിന് വില കല്‍പ്പിക്കാതെ പണം സമ്പാദിക്കുക മാത്രം ചെയ്യുന്ന ഒരു ആശുപത്രിക്ക് താങ്കള്‍ പരസ്യം ചെയ്യുന്നതില്‍ വളരെ ദുഖമുണ്ട്. ക്ഷമിക്കണം, ഇപ്പോള്‍ താങ്കളോടുള്ള ആദരവ് പൂര്‍ണമായും നഷ്ടപ്പെട്ടു’ എന്നുമായിരുന്നു യുവതിയുടെ കമന്റ്. ഒരു നീണ്ട കുറിപ്പിലൂടെയായിരുന്നു ബച്ചന്റെ മറുപടി.
ജാന്‍വി ജി.. താങ്കളുടെ പിതാവിന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ ഖേദം അറിയിക്കുന്നു. ചെറുപ്പം മുതലേ മോശമായ ആരോഗ്യസ്ഥിതിയിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷന് അതിന്റെതായ ചില നിയമങ്ങൾ ഉണ്ട്. അവിടെ ഡോക്ടര്‍മാരും നഴ്സുമാരും മാനേജ്മെന്റും രോഗിയുടെ പരിചരണത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ചിലപ്പോള്‍ ലാബ് ടെസ്റ്റുകളില്‍ തെറ്റുപറ്റാം. എന്നാല്‍ ഒരു അസുഖത്തെ അടിസ്ഥാനമാക്കി വിലയിരുത്തല്‍ നടത്താന്‍ നിരവധി പരിശോധനകളും വ്യവസ്ഥകളുമുണ്ട്. എന്റെ അനുഭവത്തില്‍ ഇതുവരെ ഒരു ഡോക്ടറോ, ആശുപത്രിയോ പെരുമാറ്റച്ചട്ടം പാലിക്കാതെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ല. ഇതിനോട് ഞാന്‍ താഴ്മയോടെ വിയോജിക്കുന്നു’
ആ ആശുപത്രിക്ക് ഞാന്‍ പരസ്യം നല്‍കിയിട്ടില്ല. നാനാവതി ആശുപത്രിയില്‍ എനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചത്. അതിനാല്‍ ആശുപത്രിയോടുള്ള ബഹുമാനം തുടരും. നിങ്ങള്‍ക്ക് ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാല്‍ ഈ രാജ്യത്തെ ഡോക്ടര്‍മാരോടും മെഡിക്കല്‍ പ്രൊഫഷനോടും എനിക്ക് ആദരവുണ്ട്. അവസാനമായി ഒരു കാര്യം, എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല’ ഇങ്ങനെയായിരുന്നു ബച്ചന്റെ മറുപടി
