News
വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു
വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു
ബോളിവുഡ് നടന് വരുണ്‍ ധവാനും നടി നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചു. ചിത്രത്തിന്റെ സംവിധായകന് രാജ് മെഹ്തക്കും പോസിറ്റീവാണ്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ‘ജഗ് ജഗ് ജീയോ’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു ഇരുവരും. അതേസമയം ഇതേ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനില്‍ കപൂറിനും കിയാര അദ്വാനിക്കും കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണ് ഫലം.
62കാരിയായ നീതുവിന് കോവിഡ് പോസിറ്റീവായതിനെതുടര്‍ന്ന് താരത്തെ തിരികെ മുംബൈയിലെത്തിക്കാന്‍ മകനും നടനുമായ രണ്‍ബീര്‍ കപൂര്‍ എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നതിന് മുംബൈയാണ് അനുയോജ്യമെന്ന് നീതുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വരുണ്‍ ധവാനും രാജ് മെഹ്തയും ഛണ്ഡീഗഡില്‍ തന്നെ ക്വാറന്റൈനില്‍ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.
അനില്‍ കപൂറും കിയാരയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വരുണും കിയാരയും ദമ്പതികളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരുടെ മാതാപിതാക്കളായിട്ടാണ് അനിലും നീതുവുമെത്തുന്നത്. നേരത്തെ അനില്‍ കപൂറിന് കോവിഡാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് അനില്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
